Skip to main content
fddf

പ്രണയം: അഴകും അതിര്‍ത്തികളും

മനുഷ്യനെ ഇതര ജൈവജാതികളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ഗുണമാണ് പ്രണയം. ശരീരവും മനസ്സും നമുക്കായി ഇടപെടുന്ന ഇണജീവിതത്തിന്‍റെ ചൈതന്യവും പരിശുദ്ധിയുമാണത്. മനുഷ്യ ജീവിതത്തെ സുരക്ഷിതവും സമാധാന പൂര്‍ണവുമാക്കുന്ന അനിവാര്യ തേട്ടവും മാനുഷിക വികാരങ്ങളുടെ മൂര്‍ത്ത രൂപവുമാണ് പ്രണയം.  'സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ പാരമ്യമാണ് ആരാധനയില്‍ പോലും നിറയുന്നത്' എന്ന് ഇബ്നുഖയ്യിം(റ) അഭിപ്രായപ്പെട്ടിട്ടുണ്ട് (റൗളത്തുല്‍ മുഹിബ്ബീന്‍).

പ്രണയം എന്ന വികാരം മനുഷ്യനില്‍ ക്രമീകരിച്ചതിന് പിന്നില്‍ നിയതമായ ജൈവലക്ഷ്യമുണ്ട്. കവി വര്‍ണനകളിലും സാഹിത്യാവിഷ്കാരങ്ങളിലും കാല്‍പനിക ഭാവനകളിലും നിറഞ്ഞുനില്ക്കുന്ന 'പ്രണയഭാവ' പ്രകടനങ്ങളല്ല യഥാര്‍ഥ പ്രണയം. ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന സ്നേഹ സൗഹൃദങ്ങളുടെ ഒറ്റവാക്കല്ല പ്രണയം. ഇണകള്‍ക്ക് പരസ്പരം പ്രാണനായി അനുഭവപ്പെടുന്ന വികാരമാണത്. വിവാഹം വഴിയുള്ള ഗാഢമായ ആത്മബന്ധത്തിലൂടെ ഇണയോടുണ്ടാവുന്ന ശക്തമായ അഭിനിവേശവും ഒരേ മനസ്സാകാനുള്ള താളവും മനപ്പൊരുത്തത്തിന്‍റെ ആനന്ദനിര്‍വൃതിയും ചേരേണ്ട രാസപ്രവര്‍ത്തനമാണത്. മനസ്സില്‍ നിറയുന്ന ഗാഢ സ്നേഹത്തിന്‍റെ ഫലമായി ശരീരത്തില്‍ പ്രകടമാവുന്ന ജൈവരസതന്ത്രമാണ് പ്രണയത്തെ ഉത്തേജിപ്പിക്കുന്നത്. അത് കേവലം ഒരു 'നേരംപോക്ക്' അല്ലെന്ന തിരിച്ചറിവുണ്ടാകുന്നില്ല എന്നത് വര്‍ത്തമാനകാല ദുരന്തമാണ്. ഇളം തലമുറയുടെ അപചയവും. പ്രണയം മുഖേന എന്തുമാവാം എന്ന് സിദ്ധാന്തിക്കുന്നത് അതുകൊണ്ടാണ്.

കണ്ണിനും കാതിനും ശരീരത്തിലെ ആന്തരിക സംവിധാനങ്ങള്‍ക്കുമെല്ലാം ഒരോ ധര്‍മമുണ്ട്. സ്രഷ്ടാവാണ് ആ ധര്‍മം നിശ്ചയിച്ചത്. ആ ധര്‍മങ്ങളെ അവയുടെ ഓര്‍ബിറ്റുകളിലൂടെ മാത്രം സഞ്ചരിക്കാന്‍ നമ്മള്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴാണ് നാം പ്രകൃതിയുടെ ഭാഗമാവുന്നത്. സൃഷ്ടിയുടെ ലക്ഷ്യം തേടുന്നത്. പ്രകൃതി മതത്തിന്‍റെ അച്ചടക്കം പാലിക്കുന്നത്. ഇല്ലെങ്കില്‍ സാമൂഹ്യ ഭദ്രത മാത്രമല്ല പ്രാപഞ്ചിക സുസ്ഥിരതപോലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി തകര്‍ന്നുപോവും.

മനുഷ്യന്‍റെ ശരീരം പദാര്‍ഥാതീതമല്ല. ശരീരത്തിന് ശരിതെറ്റുകള്‍ വേര്‍തിരിക്കേണ്ട 'ബാധ്യത'യില്ല. ഓരോ അവയവങ്ങള്‍ക്കും നിശ്ചയിച്ച ധര്‍മകര്‍മങ്ങള്‍ അത് നിര്‍വഹിക്കുക മാത്രം ചെയ്യും. അധ്വാനിച്ച് കിട്ടിയ പണംകൊണ്ട് വാങ്ങിയ ഭക്ഷണം കഴിച്ചാലും മോഷ്ടിച്ച് നേടിയ പണം കൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാലും രണ്ടും ഒരേപോലെ ദഹനവ്യവസ്ഥയുടെ ഭാഗമായി ചേരും. വ്യഭിചാരവും വിവാഹബന്ധവും ശരീരത്തിന് തുല്യമായ ശരീരസമ്പര്‍ക്കങ്ങളാണ്. ധാര്‍മികതയുടെ വേര്‍തിരിവ് ശരീരത്തിന് സാധ്യമല്ല. ശരീരം അതിന്‍റെ ധര്‍മങ്ങള്‍ കൃത്യമായി സമയാസമയങ്ങളില്‍ നിര്‍വഹിക്കും. സത്യ-അസത്യ വേര്‍തിരിവ് ശരീരത്തെ പഠിപ്പിക്കാനാവില്ലല്ലോ. കാരണം ശരീരം പദാര്‍ഥപരമാണ്. തത്ഫലമായി പ്രണയവിവാഹങ്ങളിലെ അസ്വാഭാവികതയും പ്രകൃതി വിരുദ്ധാവസ്ഥയും ശാരീരികമായി നിര്‍വചിക്കാനോ നിര്‍ണയിക്കാനോ കഴിയില്ല. മനുഷ്യന്‍ പൂര്‍ണനാവുന്നത് ശരീരത്തോടൊപ്പം മനസ്സും കൂടി ചേരുമ്പോഴാണ്.

ഇണകള്‍ തമ്മില്‍ സുരക്ഷിതവും സ്വസ്ഥവുമായ കണ്‍കുളിര്‍മയുള്ള ജീവിതത്തിന്‍റെ ജൈവഭാഗമായിരിക്കേണ്ട പ്രണയം, വിവാഹപൂര്‍വ പ്രണയങ്ങളിലേക്ക് തിരിച്ചുനടത്തുന്നതോടെ ശാരീരിക പ്രക്രിയകളില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ അവയുടെ സ്വഛമായ പ്രകൃതത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. വിവാഹപൂര്‍വ പ്രണയം ഗാഢമായി വിവാഹത്തിലെത്തി കുടുംബജീവിതം നയിച്ചവര്‍ക്കിടയിലെ പഠനങ്ങള്‍ ലോകത്ത് വ്യവസ്ഥാപിതമായി നടന്നിട്ടുണ്ട്. മാതിസ് എന്ന മനഃശാസ്ത്രജ്ഞന്‍റെ 'ജെലസി' (Jealousy test) പരീക്ഷണം പ്രസിദ്ധമാണ്. അറേഞ്ച്ഡ് വിവാഹ ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുന്നതോടെ പ്രണയ തീക്ഷ്ണത വര്‍ധിക്കുമ്പോള്‍, പ്രണയ വിവാഹങ്ങളില്‍ കുറയുക മാത്രമല്ല ഭൂരിപക്ഷവും വിവാ ഹമോചനത്തിലോ ആത്മഹത്യകളിലോ അവസാനിക്കുകയാണ് ചെയ്യുന്നത് എന്നതാണ് പ്രസ്തുത പഠനത്തിന്‍റെ പൊരുള്‍.
 
പ്രകൃതിയുടെ ധര്‍മം കീഴ്മേല്‍ മറിയുമ്പോഴുണ്ടാവുന്ന 'പ്രതി പ്രവര്‍ത്തനങ്ങളായി' ധാര്‍മികബോധമുള്ളവര്‍ അതിനെ കാണുന്നു. പ്രണയത്തെ പക്വം(Passionate love), അപക്വം (compassionate love) എന്ന് മനശ്ശാസ്ത്ര നിര്‍വചനങ്ങളുടെ അകക്കാമ്പ് പ്രണയം 'ഞരമ്പുരോഗ'മാവരുതെന്ന പാഠം നല്‍കുന്നുണ്ട്. പരസ്പരം സംസാരങ്ങള്‍ പാടില്ലെന്നോ വിനിമയങ്ങള്‍ അരുതെന്നോ ഇതിന്നര്‍ഥമില്ല. മറിച്ച്, ജൈവപ്രകൃതിയുള്‍ക്കൊണ്ട് സ്ത്രീപുരുഷ ഇടപഴകലുകള്‍ക്ക് ധര്‍മവിചാരം അനിവാര്യമാണെന്ന് സാരം. പ്രണയം സാർഥകമാവുന്നത് അപ്പോഴാണ്. എല്ലാ സൗകര്യങ്ങളുമുള്ള കാറും സാങ്കേതികമികവുള്ള റോഡും പരിചയസമ്പന്നനായ ഡ്രൈവറും ഉണ്ടായാല്‍ സുരക്ഷിത യാത്രയാവില്ല. സ്വാതന്ത്ര്യത്തിന്‍റെ ഹുങ്കിലും പണം ചെലവഴിച്ചത് താനാണെന്ന മികവിലും തോന്നിയ പോലെ വാഹനം ഓടിച്ചുപോയാല്‍ എന്ത് സംഭവിക്കുമെന്ന് വിവരിക്കേണ്ടതില്ല. ഏറ്റവും പ്രധാനം ട്രാഫിക് നിയമങ്ങള്‍ അനുസരിക്കലാണ്. ട്രാഫിക് നിയമങ്ങള്‍ ഇല്ലെങ്കിലും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവും. വളരെ പെട്ടെന്ന് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് മാത്രം. അപ്രകാരം 'പ്രണയം' ഒരു സ്വാതന്ത്ര്യമായി കാണുന്നവര്‍ സ്വയം അപകടങ്ങളിലേക്കാണ് എടുത്തെറിയുന്നത്. 

മനുഷ്യ സമൂഹത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവ് മനുഷ്യ ജീവിതത്തിന്‍റെ സുരക്ഷയ്ക്ക് പ്രദാനം ചെയ്യുന്ന നിയമങ്ങളെ നാം ആദരിക്കുന്നത് പഴഞ്ചനാവുമോ? സദാചാരനിഷ്ഠകൾ പാലിക്കണം എന്ന അധ്യാപനം സമൂഹത്തിന്‍റെ കിറുക്കാവുന്നതെങ്ങനെ? വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും ആവിഷ്ക്കാരത്തിന്‍റെയും കൊടിവീശി മുദ്രാവാക്യം മുഴക്കുന്ന പലരും പക്ഷേ, സ്വന്തം ജീവിതത്തിലോ മക്കളിലോ സംഭവിക്കുന്ന അരുതായ്മകളില്‍ കണ്ണുനീര്‍ കുടിച്ചവരാണ് എന്ന് ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീ പീഡന-പെണ്‍ വാണിഭ കഥകളിലെ വില്ലന്‍ ആരാണ് എന്ന് പരിശോധിച്ചാല്‍, തല തിരിഞ്ഞ പ്രണയത്തിന്‍റെ പങ്ക് ഒട്ടും നിഷേധിക്കാനാവില്ല.

സദാചാര മര്യാദകളോട് വിയോജിച്ച് പ്രണയചൂണ്ടയില്‍ കുരുങ്ങി ജീവിതം തകര്‍ന്നവരുടെ സാക്ഷ്യങ്ങള്‍ എമ്പാടും ലഭിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഇവിടെ തന്നെയാണ് ചിലര്‍ നിയമങ്ങളെയും നിഷ്ഠകളെയും തകര്‍ത്തെറിയാനും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നവരോട് തട്ടിക്കയറി പ്രണയിനികളായും ആ നന്ദാനുരാഗികളാവാനും കുഴലൂത്ത് നടത്തുന്നത്. 

വിരഹത്തിന്‍റെ വൈകാരിതക യെയോ നൊമ്പരങ്ങളെയോ അറിഞ്ഞനുഭവിക്കാന്‍ കഴിയാത്ത തലമുറയാണ് സമകാല സമൂഹത്തിലുള്ളത്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ ഓടിക്കളിക്കുന്ന സന്ദേശങ്ങള്‍ തീര്‍ത്ത ദുരന്തങ്ങളും, മിസ്ഡ് കോള്‍വഴി മിസ്സായിപ്പോയവരുടെ ദാരുണ ദൃശ്യങ്ങളും 'സൈബര്‍ എത്തിക്സ്' എന്ന പഠനശാഖവരെ നമ്മിലേക്ക് എത്തിക്കാന്‍ കാരണമായി. പോര്‍ണോഗ്രാഫി തീര്‍ക്കുന്ന ദുരന്തജീവിതത്തിന്‍റെ തിക്താനുഭവങ്ങള്‍ ചെറുതല്ല. ഇതിനെതിരെ ധാര്‍മിക വിപ്ലവം നയിക്കാന്‍ സാമൂഹിക മതപ്രസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കരുത്.

പ്രണയം വിപണി വല്‍ക്കരിച്ചതാണ് വാലെന്‍റെന്‍ ദിനാചരണം. ജൈവ സവിശേഷതയുടെ പ്രകടനത്തെ ദിനാചരണമാക്കി 'കാമ്പയിന്‍ നടത്താനുള്ള തിടുക്കമല്ലല്ലോ ഇതിന്‍റെ ലക്ഷ്യം. ആഗോള ദിനാചരണങ്ങളില്‍ അങ്ങനെയൊരു രചനാത്മക സമീപനമുണ്ട്. പ്രണയം 'കാഷല്‍ലൗ' അല്ല. മരണം പോലും മറയിടാത്ത നിരന്തര ജൈവപ്രതിഭാസമാണ്. വൈവാഹിക ജീവിതത്തിന്‍റെ ചുടും ചൂരുമാണത്. സൗഹൃദവും ഇക്കിളി വികാരങ്ങളും അനുരാഗ കൊഞ്ചലുകളും പുന്നാര വര്‍ത്തമാനങ്ങളും വാലന്‍റെന്‍ ദിനം. ചേരുവ പകരാന്‍ വിവിധ മാധ്യമങ്ങളും. ഇവയൊന്നുമില്ലെങ്കിലെന്ത് 'സര്‍ഗാത്മക കാമ്പസ്' എന്ന് വിളി ച്ചു പറയുന്നവരെയും. അക്കാദമിക സാംസ്കാരിക രംഗങ്ങളിലെ വിപ്ലവത്തിന് രാഷ്ട്രീയ കൊടികളുടെ നിറം നോക്കി കൂറ് പ്രഖ്യാപിക്കുന്നവര്‍ പക്ഷേ, ഇത്തരം പ്രണയോത്സവങ്ങളില്‍ കൊടിനോക്കാതെ ഐക്യപ്പെടുന്ന കാഴ്ചകളാണ് മിക്ക കാമ്പസുകളിലും കാണാറുള്ളത്.
 
"സ്ത്രീയും പുരുഷനും സഞ്ചാരങ്ങളിലും സഹവാസങ്ങളിലും ഒറ്റയ്ക്കാവരുത്. മൂന്നാമനായി പിശാച് കൂടെയുണ്ടാവും' എന്ന മുഹമ്മദ് നബി(സ്വ)യുടെ വചനം ഗൗരവത്തോടെ കാണണം. വിവാഹം മതപരമായി സാധുവാകാനുള്ള നിബന്ധനകളില്‍ പാതിവ്രത്യം ഇസ്‌ലാം പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. രഹസ്യ കാമുകന്മാരെ വേള്‍ക്കുന്നതിനെ മ്ലേച്ഛതയായി മതം പരിഗണിച്ചിട്ടുണ്ട്. (വി.ഖു. 4:25,5:5).

വിവാഹബന്ധം നിഷിദ്ധമായവരല്ലാത്തവരെ അന്യരായി കാണാന്‍ ഇസ്‌ലാം കല്പിക്കുന്നു. കുടുംബബന്ധങ്ങളിലെ അന്യത്വമല്ല. മറിച്ച്, സൗഹൃദ സഹവാസങ്ങളിലും ഇടപഴകലുകളിലും ജാഗ്രത പാലിക്കണം എന്നാണ് താത്പര്യം (4:23,24). സ്ത്രീ സൗന്ദര്യം പ്രകടമാക്കുന്നത് വ്യക്തമായ മതനിര്‍ദേശവും നിബന്ധ നകളും പാലിച്ചായിരിക്കണം(24:3). സ്ത്രീകളുടെ സംസാരത്തില്‍ മാന്യത കൈവിടാതെ സൂക്ഷിക്കണമെന്നും(33:32), സംസാരങ്ങളിലും സഞ്ചാരങ്ങളിലും പെരുമാറ്റങ്ങളിലും പുരുഷനെ ആകര്‍ഷിക്കുംവിധമുള്ള പ്രദര്‍ശനേച്ഛയും തിന്മയ്ക്ക് വളമേകുന്ന സമീപനങ്ങളും കര്‍ശനമായി വെടിയാനും മതം പഠിപ്പിക്കുന്നതും സാമൂഹിക സുരക്ഷിതത്വവും ഭദ്രതയും താല്പ്പര്യപ്പെടുന്നതുകൊണ്ടാണ്. ഇതുപോലുള്ള ജീവിത നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമാണെന്ന ധാരണ തികച്ചും അബദ്ധമാണ്.

മതപ്രസ്ഥാനങ്ങള്‍ മാത്രമല്ല, സദാചാര ജീവിതം ലക്ഷ്യം വെക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നുവെങ്കിലാണ് സുരക്ഷിതത്വം യാഥാര്‍ഥ്യമാക്കി യെടുക്കാനാവുകയുള്ളൂ. കോടതി വരാന്തകളില്‍ മക്കളുടെ കാമുകി, കാമുക ബന്ധങ്ങള്‍ വഴി മാതാപിതാക്കള്‍ തലകറങ്ങി വീഴുന്നതും, പ്രണയവിവാഹം വഴി, വഴിയില്‍  ഉപേക്ഷിക്കുന്നവരും ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യകളും മുഖേന കുടുംബങ്ങള്‍ കടുത്ത ദു:ഖവും ദുരന്തവും പേറേണ്ടിവരുന്നതും നാം കാണുന്നുണ്ട്. ഇതില്‍ ഇന്നയിന്ന മതക്കാര്‍ എന്ന വ്യത്യാസം കാണാവതല്ല. 

ഇക്കാര്യത്തില്‍ മഹല്ലുകളില്‍ ബോധവത്ക്കരണങ്ങള്‍ ശക്തമാക്കാന്‍ അജണ്ടകളുണ്ടാവണം. സ്ഥാപങ്ങളെ കേന്ദ്രീകരിച്ച് സദാചാരബന്ധിതമായ നിര്‍ദേശങ്ങള്‍ പക്വമായി ബോധനം ചെയ്യാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ തുടരണം. പാഠ്യപദ്ധതികളില്‍ കുടുംബജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ആവശ്യമായ മൂല്യങ്ങള്‍ വ്യവസ്ഥാപിതമായി ക്രമീകരിക്കാനാവണം. സെക്സ് എഡ്യൂക്കേഷന്‍, കേവലം ശാരീരിക പഠനങ്ങളില്‍ പരിമിതപ്പെടുന്നത് അപകടകരമാണ്. മറിച്ച് സാമൂഹിക സുരക്ഷിതത്വത്തിന്‍റെ പാഠങ്ങള്‍ക്ക് ഊന്നലുകളുണ്ടാവണം.

സമൂഹ സുരക്ഷ, സ്ത്രീ സുരക്ഷയിലും, സദാചാര വിശുദ്ധി കുടുംബജീവിത ഭദ്രതയിലും ആണ് രൂപപ്പെടുക. ഈ ആശയത്തെ കേന്ദ്രീകരിക്കുന്ന സാമൂഹ്യാന്തരീക്ഷം രൂപപ്പെടട്ടെ. ആകാശ ലോകത്തിലെ അത്യത്ഭുത പ്രതിഭാസങ്ങളുടെ സഞ്ചാരം സുരക്ഷിത പൂര്‍ണമാക്കിയ സ്രഷ്ടാവിന് മനുഷ്യജീവിതത്തിന്‍റെ സുരക്ഷിത സഞ്ചാരത്തിനും മാര്‍ഗനിര്‍ദേശം നല്‍കാനാവാതിരിക്കില്ല. ദൃശ്യ പ്രപഞ്ചത്തെ സര്‍ഗാത്മകമാക്കിയ സ്രഷ്ടാവിന്‍റെ നിയമങ്ങള്‍ മനുഷ്യ സഹവാസങ്ങളെയും സര്‍ഗാത്മകമാക്കാതിരിക്കില്ല.

Feedback