Skip to main content

മനുഷ്യാവകാശം

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്‍റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties). സമൂഹത്തില്‍ നിന്ന് വ്യക്തിക്ക് ലഭിക്കേണ്ട അവകാശങ്ങളും (Rights) ഉണ്ട്. ഓരോരുത്തരും ബാധ്യതകള്‍ നിറവേറ്റിയും അവകാശങ്ങള്‍ അനുഭവിച്ചും ജീവിക്കുമ്പോള്‍ സ്വസ്ഥതയും ശാന്തിയും ആ സമൂഹത്തില്‍ വിളയാടുന്നു. എന്നാല്‍ ബാധ്യതകള്‍ നിര്‍വഹിക്കപ്പെടാതിരിക്കുമ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും സമൂഹത്തില്‍  സമാധാനവും സ്വസ്ഥതയും വിനഷ്ടമാകുന്നു.

സമൂഹമെന്നുപറയുന്നത് ഒരു സാകല്യമാണ്. അതിനകത്ത് അനേകം ഉപസമൂഹങ്ങളും ഘടകങ്ങളും ഉണ്ട്. രാഷ്ട്രം, മതം, വംശം, തൊഴില്‍, സംസ്കാരം, ഭാഷ, നിറം, വര്‍ഗ്ഗം, കുടുംബം തുടങ്ങിയവയെല്ലാം മനുഷ്യസമൂഹത്തിലെ ഉപസമൂഹങ്ങളാണ്. അവയിലോരോന്നിലും നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. ഈ വ്യതിരിക്തതകള്‍ ഉള്‍കൊണ്ടു കൊണ്ടും തന്നെ വ്യക്തികള്‍ തമ്മിലും ഉപസമൂഹങ്ങള്‍ തമ്മിലും ആദാനപ്രദാനങ്ങള്‍ നിരന്തരമായി നടക്കുന്നു. ഈ പ്രക്രിയകളിലാണ് ഉത്തരവാദിത്വവും അവകാശങ്ങളും പരിഗണിക്കപ്പെടുന്നത്.
       
അല്ലാഹുവിന്‍റെ സൃഷ്ടികളായ മനുഷ്യര്‍ എല്ലാവരും ഒരുകാര്യത്തിലും ഒരുപോലെയല്ല. നിമ്നോന്നതികളും മികവുകളും കുറവുകളും സര്‍വസാധാരണമാണ്. എന്നാല്‍ ഈ വ്യതിരിക്തതകളും വൈജാത്യങ്ങളും ഉച്ചനീചത്വമായി കണക്കാക്കാന്‍ പാടില്ല. ശക്തനും ദുര്‍ബലനും മികവുറ്റവരും കഴിവു കുറഞ്ഞവരും ശേഷിയുള്ളവരും ഭിന്നശേഷിക്കാരും ഭൂരിപക്ഷമുള്ളവരും   ന്യൂനപക്ഷവും തുടങ്ങിയവ വൈവിധ്യമെന്നല്ലാതെ വൈരുധ്യമായി കണ്ടുകൂടാ. ഇങ്ങനെയുള്ള പ്രവിശാലമായ സമൂഹസാഗരത്തില്‍ പരസ്പര സഹകരണവും പരിഗണനയും നടക്കുമ്പോള്‍ മനുഷ്യത്വവും മാനവികതയും സഫലമാകുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ അത് കാട്ടുനീതിയായി തരം താഴുന്നു.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന, നിഷേധിക്കപ്പെടുന്ന ദുര്‍ബലവിഭാഗങ്ങള്‍ എന്നും സമൂഹത്തില്‍ അവശതയനുഭവിക്കുന്നു. ശക്തന്‍ ദുര്‍ബലര്‍ക്കെതിരെ, അധികാരികള്‍ പ്രജകള്‍ക്കെതിരെ ഭൂരിപക്ഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തങ്ങളുടെ ശക്തി അന്യായമായി പ്രയോഗിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു. ഈ പ്രശ്നം മനുഷ്യ ചരിത്രത്തിലുടനീളം കാണപ്പെട്ടിട്ടുണ്ട്. ജാതീയത മറയാക്കി 'ഉയര്‍ന്ന'ജാതിക്കാര്‍ 'താഴ്ന്ന'വരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. പ്രകൃത്യാ അബലകളായ സ്ത്രീകള്‍ക്കുനേരെ മനുഷ്യത്വരഹിതമായി പെരുമാറിയായിരുന്ന സമൂഹങ്ങളുണ്ട്; ഇന്നും. പൊതു സമൂഹത്തില്‍ ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷവിഭാഗങ്ങള്‍ അവകാശ നിഷേധം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. അധിനിവേശം നടത്തിയ ഏതു ഭരണവര്‍ഗ്ഗവും അധിനിവിഷ്ട സമൂഹങ്ങളെ മൃഗാവകാശം പോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമൂഹത്തോട് ചെയ്തു കൂട്ടിയ കിരാതത്വങ്ങള്‍ മാത്രം മതി ഉദാഹരണമായിട്ട്. മനുഷ്യനെ മനുഷ്യന്‍ തന്നെ അടിമകളാക്കി വെച്ച് മൃഗതുല്ല്യം പരിഗണിക്കപ്പെട്ടപ്പോള്‍ അടിമകള്‍ അനുഭവിച്ച മനുഷ്യാവകാശ ധ്വംസനങ്ങള്‍ മനുഷ്യചരിത്രത്തിലെമ്പാടുമുണ്ട്. ഹിറ്റ്ലര്‍, മുസോളിനി, സ്റ്റാലിന്‍, മാവോസെതുങ്ങ് തുടങ്ങിയ ഭരണാധികാരികള്‍ തങ്ങളുടെ പ്രജകളെ കൈകാര്യം ചെയ്തത് അടിമകളെ പോലെയായിരുന്നു. അവര്‍ കൊന്നുതള്ളിയത് ജനകോടികളെയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു വരുത്തിവെച്ച നാശനഷ്ടങ്ങള്‍, വിശേഷിച്ചും ശക്തികുറഞ്ഞ രാജ്യങ്ങള്‍ക്ക് കണക്കാക്കാവുന്നതിലപ്പുറമാണ്.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ പശ്ചാത്തലത്തിലാണ് ലോക രാജ്യങ്ങളെ ഒന്നിച്ച് കോര്‍ത്തിണക്കിക്കൊണ്ട് ഐക്യരാഷ്ട്ര സഭയ്ക്ക് രൂപം നല്‍കപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ പ്രഥമ പരിഗണനകളിലൊന്ന് ലോകത്ത് മനുഷ്യാവകാശം നിലനിര്‍ത്താന്‍ യത്നിക്കുക എന്നതായിരുന്നു. അങ്ങനെയാണ് 1948 യൂഎന്‍ ജനറല്‍ അസംബ്ളിയില്‍ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടാവുകയും മനുഷ്യാവകാശ നിയമം പാസാക്കുകയും ചെയ്തത്. ഓരോ രാജ്യവും സ്വതന്ത്രമാണ്. ഓരോ പൗരനും സ്വതന്ത്രനാണ്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിലൊക്കെ ഓരോ വ്യക്തിയും സ്വാതന്ത്ര്യം അനുഭവിക്കുകയും അപരന്‍റെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ പൊരുള്‍.

ഈ നിയമങ്ങള്‍ ലോകം അംഗീകരിച്ചതാണ്. പക്ഷേ ശക്തരായ രാജ്യങ്ങള്‍ അശക്തരെ ഇന്നും കീഴിലാക്കിവെക്കുന്നു. ഓരോ രാജ്യത്തിനകത്തും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ അസമത്വങ്ങളും തദ്വാരാ മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ ലോകത്തിന്‍റെ ഏതുകോണില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായാലും അത് ശ്രദ്ധയില്‍ കൊണ്ടുവരാനും ആവശ്യമായ പ്രതിവിധികള്‍ ചെയ്യാനും വേണ്ടി നിരവധി സര്‍ക്കാറേതര സംഘടനകള്‍ (NGO) പ്രവര്‍ത്തിക്കുന്നുണ്ട്. ഹുമാന്‍ റൈറ്റ്സ് വാച്ച്, ആനംസ്റ്റി ഇന്‍റര്‍നാഷനല്‍ ഗ്ലോബല്‍ റൈറ്റ്സ് തുടങ്ങിയ ഇരുപത്തിയഞ്ചിലേറെ അന്താരാഷ്ട്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനര്‍ഥം ഐക്യരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്ത് വ്യാപകമായി നടക്കുന്നു എന്നാണല്ലോ. ഉയിഗൂറുകള്‍ക്കെതിരെ ചൈനയിലും രോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മറിലും ഫലസ്തീനികള്‍ക്കുനേരെ ഇസ്റായേലും ചെയ്തിടുന്ന മനുഷ്യത്വരഹിത കൂട്ടക്കുരുതികള്‍ ഇത്തരം ഏജന്‍സികള്‍ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തിന്‍റെ ഹുങ്കിലും ഭരണത്തിന്‍റെ തണലിലും വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍  നിത്യവാര്‍ത്തകളാണ്.

ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ നിയമം പാസാക്കേണ്ടി വന്ന അതേ സാഹചര്യത്തിലാണല്ലോ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ശില്പികള്‍ ഇന്ത്യക്കുവേണ്ടി തയ്യാറാക്കിയ ഭരണഘടന ലോകോത്തരമാകുന്നതിന്‍റെ കാരണം മനുഷ്യാവകാശങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്നതാണ്. പൗരന്‍റെ  അടിസ്ഥാന കടമകളും (Fundamental Duties) മൗലികാവകാശങ്ങളും (Fundamental Rights) ഭരണഘടനയില്‍ (Part III Article 12-35) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവകാശം നിഷേധിക്കപ്പെട്ടാല്‍ പരാതിപ്പെടാന്‍ നീതിന്യായ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനയുടെ തത്ത്വങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വീഴ്ച വരുന്ന ഭാഗങ്ങള്‍ നികത്തപ്പെടുവാന്‍ വേണ്ടിയാണ് നിയമപ്രകാരം അധികാരമുള്ള പല കമ്മീഷനും നിശ്ചയിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ മനുഷ്യാവകാശത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് മതത്തിന്‍റെ മൗലികത. പെണ്ണിന് ആത്മാവുണ്ടോ എന്ന് സംശയിച്ചിരുന്ന 6ാം നൂറ്റാണ്ടിലെ അറബികളോടും അതുവഴി ലോകത്തോടും പ്രാഖ്യാപിച്ച ദൈവിക വചനം സ്ത്രീകള്‍ക്ക് സമൂഹത്തോട് ബാധ്യതകളുള്ളതു പോലെ  അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളുമുണ്ട് (വിഖു. 2:228) എന്നാണ്. അടിമ സമ്പ്രദായം കൊടിക്കുത്തി വാണിരുന്ന സമൂഹത്തോട് മുഹമ്മദ് നബി പ്രഖ്യാപിച്ചത് അടിമയും ഉടമയും സഹോദരങ്ങളാണ് എന്നാണ്. ഒരു പാത്രത്തില്‍ നിന്നു തിന്നാനും ഒരേ വസ്ത്രം ധരിക്കാനും ഉടമയെയും അടിമയെയും വളര്‍ത്തിക്കൊണ്ടു വന്ന ഇസ്‌ലാം വ്യക്തിപരമായ പ്രായശ്ചിത്തങ്ങളില്‍ പ്രഥമസ്ഥാനം നല്‍കിയത് അടിമ മോചനത്തിനാണ്. ഗോത്രദുരഭിമാനത്തില്‍ അഭിരമിച്ചിരുന്ന ഒരു ജനതയെ മുന്‍നിര്‍ത്തി ലോകത്തോട് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: മനുഷ്യരേ, നിങ്ങള്‍ ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഗോത്രങ്ങളും കുടുംബങ്ങളുമായി തിരിക്കപ്പെട്ടത് പരസ്പരം അറിയാന്‍ വേണ്ടി മാത്രം. (49:13) അറബിക്ക് അനറബിയേക്കാള്‍, വെളുത്തവന് കറുത്തവനേക്കാള്‍ ഒരു മികവുമില്ല; ധര്‍മനിഷ്ഠ കൊണ്ടല്ലാതെ, മുഹമ്മദ് നബിയുടെ വാക്കുകളാണിത്. എത്ര ഉദാത്തമാണ് ഇസ്‌ലാമിലെ മാനവിക സമീപനം!

ചുരുക്കത്തില്‍ മതകീയവും രാഷ്ട്രീയവുമായ നിയമങ്ങളുടെ അപര്യാപ്തതയല്ല മറിച്ച് മനുഷ്യന്‍റെ അഹങ്കാരവും അധര്‍മ ചിന്തയുമാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതുവഴി സമൂഹം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ക്കും മൂലകാരണം. മതവിശ്വാസികള്‍ വിശ്വാസം മുറുകെ പിടിച്ചും ഓരോ ഇന്ത്യന്‍ പൗരനും ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചും ജീവിക്കുകയാണ് ഇതിനു പരിഹാരം. 
   
 

Feedback