Skip to main content
ss

വെറുപ്പിന്‍റെ രാഷ്ട്രീയം ആപത്ത്

നമ്മുടെ ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. അനേകം ജാതികള്‍, അതിലേറെ ഉപജാതികള്‍, നിരവധി ഭാഷകള്‍, വ്യത്യസ്ത സംസ്കാരങ്ങള്‍, വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍, വിഭിന്ന മതങ്ങള്‍.. ഇതെല്ലാമടങ്ങുന്നതാണ് ബഹുസ്വരത. ഇത്തരം രാജ്യങ്ങള്‍ ലോകത്തില്‍ ഏറെയില്ല

പണ്ട് ഇന്ത്യ ഉപഭൂഖണ്ഡം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. കൊളോണിയന്‍ ഭരണകാലത്ത് അത് ഏതാണ്ടൊക്കെ ഇല്ലാതായി. സ്വതന്ത്ര ഇന്ത്യ ഒരു ദേശ(നാഷന്‍)മായി നിലകൊണ്ടു.
  
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളായി തിരിച്ചു. കുറെയേറെ സ്വയം നിര്‍ണായകാവകാശമുള്ള സംസ്ഥാന ഭരണകൂടങ്ങളും എല്ലാം നിയന്ത്രിക്കുന്ന കേന്ദ്ര ഭരണവും ഉള്ള ഫെഡറല്‍ സംവിധാനമാണ് നമ്മുടെ രാജ്യത്ത് നില നില്ക്കുന്നത്. യഥാര്‍ത്ഥ നാനാത്വത്തില്‍ ഏകത്വം. 

മുകളില്‍ പറഞ്ഞ വൈവിധ്യങ്ങളെല്ലാം നില നില്ക്കെത്തന്നെ ഇന്ത്യയെ ഒറ്റ രാജ്യമായിക്കാണാനും കുറ്റമറ്റ ഭരണഘടന തയ്യാറാക്കി വ്യവസ്ഥാപിത റിപ്പബ്ളിക്കായി നിലനിര്‍ത്താനും നവ ഭാരത ശില്പികളായ മഹാരഥന്‍മാര്‍ക്ക് കഴിഞ്ഞു.
 
ബഹുസ്വരത ഉള്‍ക്കൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും മുഖ മുദ്രയായിട്ടാണ് ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നവയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നയനിലപാടുകളില്‍ വൈജാത്യവും ഒരുവേള വൈരുധ്യവും വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടികളുണ്ട്. പക്ഷേ, ആത്യന്തികമായി ഭരണ ഘടനയ്ക്ക് വിധേയമായി മാത്രമേ ആര്‍ക്കും ഭരണം നടത്താനാവൂ. 

ഈ രാഷ്ട്രീയ സംവിധാനത്തില്‍ മതകീയമോ ജാതീയമോ പ്രാദേശികമോ ആയ വിഭാഗീയതകളില്ല. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് മതകീയമോ ജാതീയമോ പ്രദേശികമോ ആയ വിവേചനങ്ങള്‍ പാടില്ല. ഓരോ പൗരന്നും വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്കുന്നു. ഭരണ കക്ഷിയും പ്രതിപക്ഷവും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. 

ജാതിയുടെയോ മതത്തിന്‍റെയോ വര്‍ഗത്തിന്‍റെയോ അടിസ്ഥാനത്തിലല്ല രാഷ്ട്രീയ നിലപാടുകള്‍ നിശ്ചയിക്കപ്പെടുന്നത്. ജാതി മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടുന്ന രാഷ്ട്രീയം മതനിരപക്ഷജനാധിപത്യത്തിന് വിരുദ്ധമാണ്. എന്നാല്‍ പതുക്കെപ്പതുക്കെ മതവികാരം രാഷ്ട്രീയ രംഗത്ത് ദുരുപയോഗപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മതവികാരം ആളിക്കത്തിച്ച് ചിലര്‍ രാഷ്ട്രീയത്തെ വഴി തിരിച്ചു വിടുന്നു. മതവികാരം ഭരണം കൈയടക്കാനുള്ള കുറുക്കുവഴികളായി വിനിയോഗിച്ച ദുരവസ്ഥയാണ് ഇന്ന് ഇന്ത്യയുടെ ദുരന്തം. തന്‍റെ മതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതിലുപരി പരമതവിദ്വേഷം ജനിപ്പിക്കുക എന്ന വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ചിലരെങ്കിലും പയറ്റാന്‍ ശ്രമിക്കുന്നത്.
 
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന പ്രബുദ്ധതയുള്ള കേരളത്തില്‍ മതവര്‍ഗീയതയോ സാമുദായിക ധ്രുവീകരണമോ അപരവിദ്വേഷമോ രാഷ്ടീയത്തിന്‍റെ ചാലക ശക്തിയായിരുന്നില്ല. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായിരുന്നു കേരളം. എന്നാല്‍ അടുത്ത കാലത്തായി അപരനെ വെറുക്കാനും പരമതവിദ്വേഷം വളര്‍ത്താനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായി അനുഭവപ്പെടുന്നു.
 
ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ മതങ്ങളാണ് കേരളത്തിലുള്ളത്. ഓരോ മതവിഭാഗവും തങ്ങളുടെ വിശ്വാസാചാരങ്ങളുമായി ജീവിക്കുന്നു. നാട്ടിലെ സൗഹാര്‍ദാന്തരീക്ഷത്തിന് വിശ്വാസമോ ആചാരമോ ആരാധനാലയങ്ങളോ ഒരിക്കലും തടസ്സമായിരുന്നിട്ടില്ല. വിശ്വാസാചാരങ്ങള്‍ക്കപ്പുറം അയല്‍പക്ക ബന്ധങ്ങള്‍, സഹവര്‍ത്തനങ്ങള്‍, നിരവധി മതനിരപേക്ഷകൂട്ടായ്മകള്‍ എല്ലാം നാടിന്‍റെ മുഖ മുദ്രയായി വര്‍ത്തിക്കുന്നു. നാടിന്‍റെ ഭരണം നിയന്ത്രിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാ മതവിശ്വാസികളും ഉണ്ട്. അവനവന്‍റെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു വിഭാഗവും അപരന്‍റെ അവകാശം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. 

കേരളജനതയുടെ ഈ സുസ്ഥിതിക്ക് പോറലേല്പിക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുന്നുവോ എന്നു സംശയിക്കണം. ഹിന്ദുക്കളെയും, മുസ്‌ലിംകളെയും തമ്മില്‍ തെറ്റിക്കുവാനും മുസ്‌ലിംകളെയും ക്രൈസ്തവരെയും പരസ്പരം ശത്രുക്കളാക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഇത് തോന്നല്‍ മാത്രമല്ല . വസ്തുതയുടെ കണിക പോലുമില്ലാത്ത ലൗ ജിഹാദ് എന്ന, ബോധപൂര്‍വമുണ്ടാക്കിയ ഒരു വിവാദം ഇതിനുദാഹരണമാണ്. അന്വേഷണ കമ്മീഷനുകളും കോടതികളും അങ്ങനെയൊരു സംഗതി ഇല്ല എന്ന് വ്യക്തമാക്കിയിട്ടും പരമതവിദ്വേഷത്തിന് കുട പിടിച്ചുകൊണ്ട് ലൗജിഹാദ് ആരോപണം വീണ്ടും തലപൊക്കുന്നു.

ഈയിടെ വന്ന എയ്റ്റി ട്വന്‍റി വിവാദം സാമുദായിക ധ്രുവീകരണത്തിലേക്കും പരസ്പര വിദ്വേഷത്തിലേക്കും ചിലര്‍ വലിച്ചുകൊണ്ടുപോയി.  വസ്തുതകള്‍ വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയാല്‍ തീരാവുന്ന പ്രശ്നത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. വിദ്വേഷം വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയക്കുള്ള പങ്ക് വലുതാണ്. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയത വളര്‍ത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.സി.ബി.സി യുടെ യുവഘടകമായ ക.സി.വൈ.എം പത്രക്കുറിപ്പിറക്കേണ്ടിവന്നു. സോഷ്യല്‍ മീഡിയയില്‍ പുതുതായി കടന്നു വന്ന 'ക്ലബ്ഹൗസ് റൂമു'കളില്‍ പലതും വിദ്വേഷ പ്രചാരണത്തിന്‍റെ ആയുധങ്ങളായി മാറുന്നു. 

മതങ്ങള്‍ തമ്മില്‍ ആശയപരമായി പൂര്‍ണയോജിപ്പുകളില്ല. അത് ആദര്‍ശങ്ങളാണ്. എന്നാല്‍ മതവിശ്വാസികള്‍ തമ്മില്‍ വെറുപ്പിന്‍റെ ആവശ്യമില്ല. വിവിധ വിശ്വാസികള്‍ തമ്മിലുള്ള സൗഹാര്‍ദന്തരീക്ഷവും ജീവിതത്തിന്‍റെ വിവിധ മേഖലകളിലെ കൊള്ളക്കൊടുക്കകളും ആണ് നമ്മുടെ സമാധാനന്തരീക്ഷത്തിന്‍റെ നിദാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ രാഷ്ട്രീയമായി വിയോജിക്കുമ്പോഴും സമൂഹക്ഷേമത്തിനു വേണ്ടി കൈകോര്‍ക്കണം. നാടിന്‍റെ നന്‍മയില്‍ മതമില്ല, രാഷ്ട്രീയമില്ല. നാട്ടില്‍ ശാന്തിയും സമാധാനവും കളിയാടിയെങ്കിലേ മതപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നടക്കൂ. അതിന്നായി മനസ്സടുപ്പം വേണം. വെറുപ്പും വിദ്വേഷവും കൈവെടിയണം.

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ സമാധാനത്തിന്‍റെ ഏറ്റവും മികച്ച സാമൂഹികാന്തരീക്ഷത്തിന് താത്ക്കാലിക നേട്ടം ആര്‍ക്കെങ്കിലും ലഭിച്ചാലും ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും ഫലം. മത പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും ഒത്തൊരുമിച്ച് 'വെറുപ്പിന്‍റെ രാഷ്ട്രീയ' ത്തെ നിരാകരിക്കാന്‍ ശ്രമിക്കേണ്ടതാണ്.  

Feedback