Skip to main content
fd

പരിസ്ഥിതി സൗഹൃദത്തിന്‍റെ പച്ചപ്പ്

അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു സൃഷ്ടിസംവിധാനവും നാശത്തെയോ ദൂഷ്യത്തെയോ നേരിടുകയില്ല. അണു അളവ് പോലും അവ്യവസ്ഥിതത്വം ദര്‍ശിക്കാനും കഴിയില്ല (67:03). സ്രഷ്ടാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം പ്രപഞ്ചത്തിലെ ഓരോ സംവിധാനങ്ങള്‍ക്കും ഉണ്ട് (20:50). അവയുടെ പാരസ്പര്യവും സ്വഛന്ദമായ ജീവിതത്തിന് അനിവാര്യമാണ്.

പരിഗണന (രിആയ), പരിപാലനം (ഹിമായ) എന്നിവയ്ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. പ്രകൃതി, മനുഷ്യന്‍, ഇതര ജീവജാലങ്ങള്‍, ആവാസവ്യവസ്ഥ, വിഭവങ്ങള്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ രണ്ടു മൗലിക തത്ത്വങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യന്‍ സമാദരണീയനായ ദൈവ സൃഷ്ടിയാണ്. സന്‍മാര്‍ഗ വഴിയിലൂടെ ജീവിച്ച് സ്വര്‍ഗം നേടേണ്ട ബാധ്യത നിശ്ചയിക്കപ്പെട്ട സവിശേഷ സൃഷ്ടി. (51:56, 31:85). അതിന്നാവശ്യമായ മാര്‍ഗദര്‍ശനം (ഹുദാ) പ്രകൃതിപരമാണ് (30:30). പ്രപഞ്ചമുള്‍പ്പെടെയുള്ള സൃഷ്ടിജാലങ്ങള്‍ എല്ലാം മനുഷ്യനെ കേന്ദ്രീകരിച്ചാണ് സ്രഷ്ടാവ് സംവിധാനിച്ചിട്ടുള്ളത് (55:10). അതുകൊണ്ടു തന്നെ മനുഷ്യന്‍റെ മൗലികബാധ്യതകളില്‍ ഒന്നാണ്, പരിസ്ഥിതി സംരക്ഷിക്കുക എന്നത്. അന്യൂനമായ പ്രപഞ്ചഘടനയേയും സൃഷ്ടി സംവിധാനങ്ങളേയും നിലനിര്‍ത്തേണ്ടതും പരിപാലിക്കേണ്ടതും. പ്രസ്തുത പാരിസ്ഥിതിക ധര്‍മം സമസ്ത ലോകത്തിന്‍റെയും ജീവന്‍റെ നിലനില്‍പ്പിന് അനിവാര്യവും ആധാരവുമാണ്. അതിനാല്‍ പ്രകൃതിയോടുള്ള എല്ലാ അരുതായ്മകളും വലിയ വിപത്തായി (ഫസാദ്) ഇസ്‌ലാം കാണുന്നു (7:85, 47:22).
 
ജീവന്‍റെ താഴ്വേരുകളായ മരങ്ങള്‍, ജൈവസുരക്ഷയുടെ കാവലാളാവുന്ന വെള്ളം, അതിന്‍റെ സംരക്ഷണം, മണ്ണുമായുള്ള ബന്ധം നിലനിര്‍ത്തല്‍, കൃഷി, മാലിന്യസംസ്കരണവും ശുചിത്വബോധവും വികസന രംഗത്തെ സന്തുലിതാവസ്ഥ പാലിക്കല്‍, മിതോപയോഗ ശീലവും വിഭവ സംരക്ഷണങ്ങളും ഹരിതവല്‍ക്കരണം, ഭക്ഷ്യോപയോഗ വസ്തുക്കള്‍ വളര്‍ത്തലും അതിന്‍റെ പരിപാലനവും പ്രകൃതിവിഭവങ്ങളിലെ പക്വമായ ഉപഭോഗവും നിലനിര്‍ത്തലും തുടങ്ങി പരിസ്ഥിതി പാഠങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഗൗരവത്തോടെ പഠിപ്പിക്കുന്നു. ഇത്തരം മൗലികമായ പരിസ്ഥിത പരിപാലന സുരക്ഷാ മാര്‍ഗങ്ങളെ ജീവന്‍റെ രക്ഷയായി കാണുകയും ചെയ്യുന്നു. മനുഷ്യന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്ന പരിസ്ഥിതി വിരുദ്ധമായ പ്രവര്‍ത്തനങ്ങളും സര്‍വ്വനാശത്തിന്‍റെ വഴിയാണെന്ന ജാഗ്രതയും മതം പഠിപ്പിക്കുന്നുണ്ട് (22:05, 7:56).

2015ല്‍ United Nations Environment Programe UNEP ന്‍റെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു. Seven Billion Dream, One Planet, Consume with Care. എഴുന്നൂറ് കോടി സ്വപ്നങ്ങള്‍, ഒരൊറ്റ ഗ്രഹം, കരുതലോടെ ഉപഭോഗം ചെയ്യുക.

തലമുറകളുടെ ജീവനും സ്വപ്നവും ഫലഭൂയിഷ്ഠമാവേണ്ട ഭൂമിയുടെ പാരിസ്ഥിതിക സംരക്ഷണത്തെപ്പറ്റി പരിസ്ഥിതി പ്രോട്ടോകോളുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മനുഷ്യാരംഭം മുതല്‍, പഠിപ്പിച്ചിട്ടുണ്ട് ഇസ്‌ലാം.

1962ല്‍ അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റായ റേച്ചല്‍ കാഴ്സന്‍, In Nature Nothing Exists Alone എന്ന പുസ്തകമാണ് ആഗോള തലത്തില്‍ ആധുനിക പരിസ്ഥിതി സംരക്ഷണ ചിന്തകള്‍ ലോകത്തിന് പകര്‍ന്ന ആദ്യ ബുക്ക് എന്ന് പറയാം. 1972ലെ സ്റ്റോക്ക് ഹോം കണ്‍വേന്‍ഷന്‍, റിയോ കോണ്‍ഫറന്‍സ് തുടങ്ങിയ ആഗോള സംഗമങ്ങളിലും ലോകം ദര്‍ശിച്ച ഹരിത പാഠങ്ങളുടെ മൗലിക ദര്‍ശനങ്ങള്‍, ഇസ്‌ലാം നൂറ്റാണ്ടുുകള്‍ക്കു മുന്‍പേ പ്രഖ്യാപിച്ചിട്ടുണ്ട്.

മനുഷ്യന് സ്രഷ്ടാവുമായുള്ള ബന്ധം കഴിഞ്ഞാല്‍ പിന്നീട് സൃഷ്ടികള്‍, പ്രപഞ്ചം എന്നിവയോടുള്ള ബന്ധമാണ് അതിപ്രധാനം. മണ്ണുമായി മനുഷ്യനുള്ള പോക്കിള്‍കൊടി ബന്ധം പവിത്രമായി പരിപാലിക്കാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു.

അന്ത്യനാള്‍ ആസന്നമാകുന്ന അവസരത്തിലും തന്‍റെ കൈയില്‍ ഒരു വിത്ത് അവശേഷിക്കുന്നുവെങ്കില്‍ അവ ഭൂമിയില്‍ നിക്ഷേപിക്കുകയെന്ന പ്രവാചക വചനം (ഹദീസ്) മാത്രം മതി, എത്ര ഗൗരവത്തോടെയാണ് പരിസ്ഥിതിയുടെ കാവലാവാന്‍ മതം പഠിപ്പിക്കുന്നത് എന്ന് ഗ്രഹിക്കാന്‍.

കന്യാവനങ്ങള്‍, ചരിത്രത്തിലും സാഹിത്യങ്ങളിലും മാത്രം പരിമിതപ്പെട്ടു പോവുമ്പോള്‍ തന്നെ, ഭൂമിയെ ഊഷരമാക്കിയിടുന്നത് തിന്‍മയാണെന്നും ഹരിതവല്‍ക്കരണവും കൃഷിയും പുണ്യകര്‍മമാണെന്നും ഇസ്‌ലാം ബോധനം നല്‍കുന്നു.

വൃക്ഷങ്ങള്‍ വെട്ടി മുറിക്കരുത്, കൃഷിസ്ഥലത്തെ നശിപ്പിക്കരുത്, തീവെക്കരുത്, ഈത്തപ്പനയെ നിങ്ങള്‍ ആദരിക്കുക. നീ ഭൂമിയില്‍ നിക്ഷേപിച്ച വിത്ത് വഴിയുടെ ഫലം ആര് ഉപയോഗിച്ചാലും നിനക്ക് മഹത്തായ പ്രതിഫലമുണ്ട്. തുടങ്ങിയ അധ്യാപനങ്ങള്‍ ഉദാഹരണമത്രെ.

മഴയും വെള്ളവും നല്‍കിയ സ്രഷ്ടാവിനെ സ്മരിക്കല്‍, ജലസ്രോതസ്സുകളുടെ സംരക്ഷം, മാലിന്യമുക്തമായി സൂക്ഷിക്കല്‍, കെട്ടിനില്‍ക്കുന്ന ജലാശയങ്ങളെ വൃത്തികേടാക്കാതിരിക്കല്‍, വെള്ളത്തില്‍ വിസര്‍ജ്ജനം ചെയ്യാതിരിക്കല്‍, വെള്ളം കണിശതയോടെ ഉപയോഗിക്കല്‍, തുടങ്ങിയ ജലസാക്ഷരതാ പാഠങ്ങളും ഇസ്‌ലാം പകര്‍ന്ന് നല്‍കുന്നുണ്ട് (23:18, 56:69, 50:9, 16:10).

പ്രവാചകന്‍ ആഹ്വാനം ചെയ്തു.
ഒഴുകുന്ന പുഴയില്‍ നിന്ന് അംഗശുദ്ധി വരുത്തുമ്പോഴും വെള്ളം അമിതമായി ഉപയോഗിക്കരുത് (ഇബ്നു മാജ - ഹദീസ്)

വിശ്വാസ വിശുദ്ധിയുള്ള പാവനമായ മനസ് വഴി മണ്ണിന്‍റെ സംശുദ്ധി നില നിര്‍ത്താനാവുമെന്നും തന്‍റെ ജീവന്‍ തനിക്കു പ്രധാനമെന്ന പോലെ ഇതര സൃഷ്ടി സംവിധാനങ്ങളുടെയും ജീവനും ജീവിതവും അമൂല്യമാണെന്നും തിരിച്ചറിയണം. മണ്ണില്‍ നിന്ന പിറവിയെടുത്ത മനുഷ്യന്, മണ്ണ് തൊട്ടാല്‍ വൃത്തികേടാവില്ലെന്ന് കൃഷിപാഠം ഉള്‍ക്കൊള്ളുമ്പോള്‍ കൃഷി സംസ്കാരമായി (Agriculture) മാറും.

വിശ്വാസ അനുഷ്ഠാനങ്ങള്‍ മൗലികമാണെന്ന് വിസ്മരിക്കാതെ തന്നെ മതജീവിതത്തിന്‍റെ ആകാശത്തു നിന്ന് പരിസ്ഥിതി സൗഹൃദ സംരക്ഷണത്തിന്‍റെ പേമാരിയെ മണ്ണില്‍ ചൊരിഞ്ഞ് ജീവന്‍റെ തുടിപ്പുകളെ ഫലഭൂയിഷ്ഠമാക്കേണ്ടത് മതബാധ്യതയാണെന്ന് നാം മറക്കരുത്. 

Feedback