Skip to main content
ihih

വ്രതാനുഷ്ഠാനം: ലക്ഷ്യവും മഹത്ത്വവും

ഇസ്‌ലാമിലെ അടിസ്ഥാനപരമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ് നോമ്പ് അഥവാ വ്രതം. ഇസ്‌ലാമിക സൗധത്തിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണിത്. സ്വൗം എന്ന അറബി പദമാണ് മലയാളത്തില്‍ വ്രതം, നോമ്പ്, ഉപവാസം എന്നെല്ലാം വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഈ പദത്തിന്‍റെ ഭാഷാര്‍ഥം ഇംസാക്ക് അഥവാ പിടിച്ചുവെക്കല്‍, സംയമനം, നിയന്ത്രണം, പരിവര്‍ജനം എന്നിങ്ങനെയാണ്. 
    
അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ട്, പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങളും ലൈംഗിക ബന്ധങ്ങളും വര്‍ജിക്കുക എന്നതാണ് ഇസ്‌ലാമിലെ വ്രതത്തിന്‍റെ പൊരുള്‍. പാപങ്ങളില്‍നിന്ന് മാറിനില്‍ക്കുക, നന്‍മകള്‍ ഏറെ പ്രവര്‍ത്തിക്കുക എന്നതാണ് നോമ്പിന്‍റെ പൂര്‍ണത.
    
ഭൗതികസുഖങ്ങളില്‍ ആപതിച്ച് ശരീരേഛകളുടെ അടിമയായി മാറുന്ന മനുഷ്യന്‍ മൃഗത്തെക്കാള്‍ അധമനാകും. ഇച്ഛാസ്വാതന്ത്ര്യം നല്കപ്പെട്ട മനുഷ്യന്‍ യാതൊരു നിയന്ത്രണത്തിനും വിധേയനാകാതെ, കൂടുതല്‍ സുഖങ്ങള്‍ അന്വേഷിക്കുകയും അത് സമൂഹദ്രോഹപരമായിത്തീരുകയും ചെയ്യും. കൂടാതെ വ്യക്തിപരമായിത്തന്നെ ദോഷകരമായി ഭവിക്കും. ഇതിനെ കേവലം ശാസ്ത്രമോ യുക്തിയോ ഭൗതികമായ നിയമാവലികളോവെച്ച് ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ദൈവഭയവും പ്രതിഫലപ്രതീക്ഷയും ലക്ഷ്യമാക്കി സ്വയംനിയന്ത്രിച്ച് മാനവികതയുടെയും ആത്മീയതയുടെയും ഔന്നത്യങ്ങളിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിലെ വ്രതം. 

അല്ലാഹു പറയുന്നു. "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരിക്കുന്നതുപോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്" (2:183).

'അന്തിമ സൗഭാഗ്യവും സുഖവും ആര്‍ജിക്കുന്നതിന് മനുഷ്യനെ സന്നദ്ധനാക്കുക, ശാശ്വത ജീവിത വിജയത്തിനാവശ്യമായ പരിശുദ്ധിയാര്‍ജിക്കുക, അവന്‍റെ ദേഹേഛകളെ നിയന്ത്രിക്കുക, ശീലങ്ങളുമായുള്ള അവയുടെ ബന്ധം വിഛേദിക്കുക, വൈകാരിക ശക്തിയെ ക്രമീകരിക്കുക എന്നിവയാണ് നോമ്പിന്‍റെ ലക്ഷ്യം. നോമ്പ് വിശപ്പും ദാഹവും വികാരത്തിന്‍റെ മൂര്‍ച്ചയും കുതിപ്പും നിയന്ത്രിക്കുന്നു. അത് വിശക്കുന്ന പാവങ്ങളുടെ അവസ്ഥയെപറ്റി ബോധമുളവാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ അവയവങ്ങളെ അവയുടെ പ്രകൃതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിടാത്തതിനാല്‍ ഇഹലോകത്തും പരലോകത്തും അവന് ദോഷം ചെയ്യുന്ന മാര്‍ഗത്തില്‍ അഴിഞ്ഞാടുന്നതിനെ നോമ്പ് തടയുന്നു. ഓരോ അവയവത്തെയും അത് ശാന്തമാക്കുന്നു. ഓരോ ശക്തിയെയും തളച്ചിടുകയും കടിഞ്ഞാണിടുകയും ചെയ്യുന്നു. അപ്പോള്‍ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും സാധനയുമാകുന്നു' (സാദുല്‍മആദ് 2/28).
    
ആത്മസംസ്കരണം, ഇച്ഛാനിയന്ത്രണം, മൂല്യവിചാരം, എന്നിവയെല്ലാം വ്രതം ലക്ഷ്യമാക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, പട്ടിണിക്കാരുടെ ദുരിതമറിയല്‍ തുടങ്ങിയ അനുബന്ധഗുണങ്ങളും വ്രതം മൂലം സിദ്ധിക്കുന്നു.  ചുരുക്കത്തില്‍ മനുഷ്യനെ തിന്മയില്‍ നിന്ന് തടുക്കാനും നന്മകളിലേക്ക് പ്രചോദിപ്പിക്കാനും നിഷേധിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയും ക്ഷമയും ആര്‍ദ്രതയുമെല്ലാം പരിശീലിപ്പിക്കാനും അവ വഴി ഈ ഭൂമിയിലെ അവന്‍റെ ആര്‍ത്തികള്‍ നിയന്ത്രിച്ച് സ്വന്തം ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും നേടാനും പരലോക മോക്ഷം കരസ്ഥമാക്കാനും ഉള്ള മാര്‍ഗമായിട്ടാണ് ഇസ്ലാം വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്.

അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെക്കുറിച്ച് നബി(സ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.  

"മനുഷ്യന്‍റെ കര്‍മങ്ങളെല്ലാം അവന്‍റെതാണ്; നോമ്പൊഴിച്ച്.  അതെനിക്കുള്ളതാണ്,  അതിന് പ്രതിഫലവും ഞാനാണ് നല്കുക' എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്‍റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ലതായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പുതുറക്കുമ്പോഴും തന്‍റെ നാഥനെ കണ്ടുമുട്ടുമ്പോഴും" (മുസ്‌ലിം  1151).
    
"നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ മനുഷ്യന്നു വേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പു പറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്‍റെകാര്യത്തില്‍ എന്‍റെ ശിപാര്‍ശ സ്വീകരിക്കേണമേڈ. അങ്ങനെ അവ രണ്ടിന്‍റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും" (അഹ്മദ് 10/118).

നോമ്പുകാരന്‍റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛികകര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്‍റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധ കര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ ബഹുദൂരം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.

    
 

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446