Skip to main content

മാതൃകാ മാതാപിതാക്കള്‍

മക്കള്‍ സദ്ഗുണ സമ്പന്നരാകണമെങ്കില്‍ മാതാപിതാക്കള്‍ മാതൃകാപരമായി സ്വഭാവ ശീലങ്ങള്‍ സ്വീകരിക്കുന്നവരായിരിക്കണം. നബി(സ്വ) ആരുളി: 'എല്ലാ കുഞ്ഞുങ്ങളും പിറക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ ക്രിസ്ത്യാനിയോ മജൂസിയോ(അഗ്നിയാരാധകന്‍) ആക്കുന്നത്''. കുഞ്ഞ് പിറന്നതില്‍ ആഹ്ലാദിക്കുകയും അല്ലാഹുവിന് നന്ദി പറയുകയും ചെയ്യുന്നതോടൊപ്പം ആ കുഞ്ഞിനോടുള്ള ബാധ്യതകള്‍ പൂര്‍ത്തിയാക്കാനും കടപ്പെട്ടവരാണ് മാതാപിതാക്കള്‍. ഭക്ഷണവും വസ്ത്രവും മറ്റ് ഭൗതിക സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതോടൊപ്പം ഉന്നതമായ സ്വഭാവ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശിക്ഷണശീലങ്ങള്‍ കാണിച്ചു കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ദാമ്പത്യജീവിതം തന്നെ മാതൃകാപരമായി മാറുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങളും നന്മയില്‍ വളരുകയുള്ളൂ. നബി(സ്വ) പറഞ്ഞു: ''ഒരു പിതാവും തന്റെ മകന് നല്‍കുന്ന നല്ല ശിക്ഷണത്തേക്കാള്‍ മികച്ച ഒരു സമ്മാനവും നല്‍കുന്നില്ല'' (തിര്‍മിദി).

മാതാപിതാക്കളില്‍ നിന്ന് മാതൃകാപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ കാണാനിടവന്നാല്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ശിക്ഷണത്തില്‍ വലിയ ഒരു വീഴ്ചയായി കണക്കാക്കപ്പെടും. ഒരിക്കല്‍ ഒരാള്‍ ഉമര്‍ ഫാറൂഖിനെ(റ) സമീപിച്ച് തന്റെ മകന്‍ തന്നോട് മോശമായി പെരുമാറുന്നതായി പരാതിപ്പെട്ടു. തന്നോടുള്ള ബാധ്യതകള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന് ബോധിപ്പിക്കുകയും ചെയ്തു. അപ്പോള്‍ മകന്‍ ഖലീഫയോട് ചോദിച്ചു. മകന് പിതാവില്‍ നിന്ന് ചില അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ? എന്തൊക്കെയാണവ?. ''കുട്ടിയുടെ ഉമ്മയെ സംരക്ഷിക്കുക, നല്ല പേര് നല്‍കുക, ഖുര്‍ആന്‍ പഠിപ്പിക്കുക'', ഖലീഫ പ്രതിവചിച്ചു. എന്നാല്‍ എന്റെ പിതാവ് അതിലൊന്നുപോലും ചെയ്തിട്ടില്ല. എന്റെ മാതാവ് മജൂസി ആയിരുന്നു. എനിക്ക് നല്‍കിയ പേരാണെങ്കില്‍ ചാണക വണ്ട് എന്നര്‍ഥം വരുന്ന ജുഅല്‍ എന്നാണ്. ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പോലും എന്നെ പഠിപ്പിച്ചിട്ടില്ല. കുട്ടി പരാതിപ്പെട്ടു.

അപ്പോള്‍ ഉമറുല്‍ ഫാറൂഖ്(റ) പിതാവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: താങ്കള്‍ മകന്റെ മോശമായ പെരുമാറ്റത്തെപ്പറ്റി പറയാനാണ് എന്റെ അടുത്ത് വന്നത്. എന്നാല്‍ അവന്‍ താങ്കളോട് മോശമായി പെരുമാറുന്നതിനുമുമ്പ് താങ്കള്‍ അവനോടാണ് തെറ്റു ചെയ്തത്. താങ്കളോട് അവന്‍ ബാധ്യത പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അതിനുമുമ്പേ താങ്കള്‍ നിര്‍വഹിക്കേണ്ടിയിരുന്ന ഉത്തരവാദിത്വത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നു.

മാതാവിനും പിതാവിനും കുട്ടിയുടെ ശിക്ഷണത്തില്‍ ബാധ്യതയുണ്ടെങ്കിലും വീട്ടില്‍ നിന്നുകൊണ്ട് കൂടുതലായി കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ മാതാവിനാണ് പിതാവിനേക്കാള്‍ ഏറെ സമയവും സൗകര്യവും ലഭിക്കുന്നത്. സ്വഹാബാ വനിതകളൊക്കെ കുഞ്ഞുങ്ങള്‍ക്ക് മാതൃകാ ശിക്ഷണം നല്‍കുന്നതില്‍ നിതാന്ത ശ്രദ്ധ പുലര്‍ത്തി. നബി(സ്വ)യുടെ പരിചാരകന്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അനസ്(റ)വിന്റെ മാതാവ് ഉമ്മുസുലൈം ചരിത്രത്തില്‍ മാതൃകാ മാതാവിന്റെ ഉത്കൃഷ്ട ഗുണങ്ങള്‍ പഠിപ്പിച്ചു തരുന്നു. അനസ്(റ) കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന വചനം ഉമ്മുസുലൈം ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നു. ഇതുമുഖേന കുഞ്ഞുമനസ്സില്‍ തൗഹീദിന്റെ അടിത്തറ വളരെ ചെറുപ്പത്തില്‍തന്നെ ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. സ്‌നേഹനിധിയായ അല്ലാഹുവിനെ പരിചയപ്പെടാനുള്ള അവസരം കൊച്ചുകുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടത് മാതാപിതാക്കളാണ്.


കുട്ടികള്‍ക്ക് നല്ലവരുമായി സഹവസിക്കാനും നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാനുമുള്ള അവസരങ്ങള്‍ മാതാപിതാക്കള്‍ നല്‍കണം. സാഹചര്യങ്ങളാണ് സദ്പാതയിലോ ദുര്‍മാര്‍ഗത്തിലോ ആയി ചരിക്കാന്‍ ഇടയാക്കുന്നത്. പത്തു വയസ്സ് പ്രായമായ അനസി(റ)നെ ഉമ്മുസുലൈം നബി(സ്വ)യുടെ ശിക്ഷണത്തില്‍ വളരാന്‍വേണ്ടി മദീനയില്‍ നിര്‍ത്തി. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ മാതാവ് അനസ്(റ)വിനെ നബി(സ്വ)ക്ക് ഏല്പിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. 'ഇതാ അനസ്, അവന്‍ നിങ്ങളുടെ സേവകനായി വളരട്ടെ'. പിന്നെ മരണം വരെ നബി(സ്വ)യുടെ നിഴല്‍പോലെ അദ്ദേഹത്തെ അനസ്(റ) പിന്തുടര്‍ന്നു.

മക്കള്‍ നല്ല നിലയിലായിത്തീരാന്‍ മാതാപിതാക്കള്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം. ഉമ്മുസുലൈം സ്വന്തമായി പ്രാര്‍ഥിക്കുന്നതോടൊപ്പം മകനുവേണ്ടി പ്രര്‍ഥിക്കാന്‍ നബി(സ്വ)യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇണകളിലും സന്താനപരമ്പരകളിലും കണ്‍കുളിര്‍മ പ്രദാനം ചെയ്യുകയും അവരെ ഭക്തര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ എന്നത് പരമകാരുണികന്റെ അടിമകളുടെ ഒരു പ്രാര്‍ഥനയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. 

 

Feedback