Skip to main content

ആര്‍ത്തവവും ലൈംഗികവേഴ്ചയും

മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് ജഗന്നിയന്താവ് ഇണകളായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയാകുന്നതോടെ, പുരുഷനും സ്ത്രീയും പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ തക്കവണ്ണമുള്ള ശാരീരിക മാറ്റങ്ങള്‍ അവരില്‍ പ്രകടമായിത്തുടങ്ങുന്നു. പ്രായപൂര്‍ത്തിയെത്തിയ പുരുഷന്റെ ലൈംഗികാവയവങ്ങള്‍ ബീജവും സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ അണ്ഡവും ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുന്നു. ബീജോത്പാദനം വൃഷണങ്ങളിലും അണ്ഡോത്പാദനം അണ്ഡാശയത്തിലും നടക്കുന്നു.

ഓരോ മാസവും ഓരോ അണ്ഡം വീതമാണ് സ്ത്രീ ശരീരം പുറത്തുവിടുന്നത്. ഏകദേശം 24 മണിക്കൂറാണ് അണ്ഡത്തിന്റെ ആയുസ്സ്. ബീജസങ്കലനം ഈ സമയത്തിനുള്ളില്‍ നടന്നില്ലെങ്കില്‍, 14 ദിവസങ്ങള്‍ക്കുശേഷം ഉപയോഗശൂന്യമായ അണ്ഡവും ഭ്രൂണത്തെ സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഗര്‍ഭാശയത്തിന്റെ ഉള്ളിലെ ആവരണവും (എന്‍ഡോമെട്രിയം) അതിലെ രക്തക്കുഴലുകളുള്‍പ്പെടെ ശരീരം പുറന്തള്ളുന്നതാണ് ആര്‍ത്തവം. ശരീരത്തില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഈ രക്തത്തെ അശുദ്ധരക്തമായി കാണേണ്ടതില്ല. 12 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളില്‍ 28 ദിവസം കൂടുമ്പോള്‍ യോനിയില്‍ നിന്ന് ഉണ്ടാകുന്ന രക്തസ്രാവം എന്നാണ് ആയുര്‍വേദ ശാസ്ത്രഗ്രന്ഥങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ച് സാമാന്യമായി പറയുന്നത്. സ്വാഭാവികവും പ്രകൃതിദത്തവുമായ ഒരു ശാരീരിക പ്രവര്‍ത്തനമെന്ന നിലയ്ക്ക് വൈദ്യശാസ്ത്രം നിര്‍വചിച്ചിട്ടുള്ള ആര്‍ത്തവത്തിന് സ്ത്രീ ശരീരത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്.


എന്നാല്‍ ആര്‍ത്തവത്തെ അതീവ രഹസ്യസ്വഭാവത്തോടെ കാണുകയും ആ ഘട്ടത്തില്‍ 'അശുദ്ധിയുള്ളവര്‍' എന്ന നിലയ്ക്ക് സ്ത്രീ എല്ലാ തരത്തിലും അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന പൊതുബോധം പഴയകാലത്തെപ്പോലെ ഇന്നും വിവിധ സമൂഹത്തില്‍ ശക്തമായി നിലനില്ക്കുന്നു. ആര്‍ത്തവകാലത്ത് സ്ത്രീയെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അവള്‍ പുരുഷനെ കാണാന്‍ പാടില്ലാത്തവളാണെന്നും ആഹാരപാനീയങ്ങള്‍ പോലും വേറെയാക്കി അവള്‍ അകന്നുനില്‌ക്കേണ്ടവളാണെന്നുമുള്ള മിഥ്യാധാരണകള്‍ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ആര്‍ത്തവകാലം സ്‌ത്രൈണ ശാപത്തിന്റെ കാലമായോ പിശാചിന്റെ അവിശുദ്ധ രതിയായോ ഇസ്‌ലാം പരിഗണിക്കുന്നില്ല. ആര്‍ത്തവം ശരീരത്തിന്റെ വിസര്‍ജ്യമാണെന്നും അതിനാല്‍ തന്നെ ആര്‍ത്തവകാരി ശാരീരിക ശുദ്ധിവരുത്തണമെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്ലാമിന്റെ സമീപനം തീര്‍ത്തും പ്രകൃതിപരവും ശാസ്ത്രീയവുമാണ്.
ജൂതരും മജൂസികളും(അഗ്നിയാരാധകരും) ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ നിന്ന് പൂര്‍ണമായും അകന്നുനിന്നിരുന്നു. ക്രൈസ്തവര്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ജാഹിലിയ്യാ കാലത്തെ അറബികളും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവരോട് അടുക്കുകയോ അവരോടൊന്നിച്ച് തിന്നുകയോ കുടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആര്‍ത്തവകാലത്ത് അനുവര്‍ത്തിക്കേണ്ട രീതിയെ സംബന്ധിച്ച് ചില മുസ്‌ലിംകള്‍ നബിയോട് വിവരം അന്വേഷിച്ചത്. ആ സന്ദര്‍ഭത്തില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാണ്: 'ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളില്‍ നിന്നും അകന്നുനില്ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ സമീപിക്കരുത്. ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്പിച്ചവിധം അവരുടെ അടുത്ത് ചെല്ലുക. പശ്ചാത്തപിച്ചുമടങ്ങുന്നവരെയും ശുദ്ധിപാലിക്കുന്നവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.' (2:222).


ആര്‍ത്തവകാലത്ത് സ്ത്രീയുടെ ജനനേന്ദ്രിയം അശുദ്ധ രക്തംകൊണ്ടും രക്തക്കട്ടകള്‍കൊണ്ടും നിരവധി സൂക്ഷ്മ രോഗാണുക്കള്‍കൊണ്ടും വൃത്തിഹീനമാവുന്നു. അതുകൊണ്ട് ലൈംഗിക സുരക്ഷയുടെയും ശുചിത്വപൂര്‍ണമായ ജീവിത രീതിയുടെയും ഭാഗമായി ഇസ്ലാം ഈ വേളയില്‍ സ്ത്രീയുമായുള്ള ലൈംഗികവേഴ്ച നിഷിദ്ധമാക്കി. ശരീരശാസ്ത്രപരമായി വൃത്തിഹീനതയും ജൈവരാസപരമായി അമ്ലത കുറയുന്നതുമൂലവും വന്‍ അണുബാധയും മാനസികമായി ആര്‍ത്തവ ടെന്‍ഷന്‍ എന്ന സമ്മര്‍ദാവസ്ഥയുമൊക്കെ സ്ത്രീ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ ലൈംഗികവേഴ്ചയെ നിഷിദ്ധമാക്കിയ ഇസ്‌ലാമിക നിയമത്തില്‍ ശാസ്ത്രീയതയും സര്‍വകാലപ്രസക്തമായ പ്രായോഗികതയും മനസ്സിലാക്കാന്‍ സാധിക്കും. സ്ത്രീയുടെ പ്രകൃതിപരവും ശരീരശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയെ പരിഗണിച്ചുകൊണ്ട് ഇങ്ങനെയൊരു നിയന്ത്രണം മാത്രമാണ് ഇസ്‌ലാം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരെ വീട്ടല്‍നിന്ന് പുറത്താക്കി തനിച്ച് പാര്‍പ്പിക്കാന്‍ കല്പിക്കുകയോ അവരുമായി മറ്റ് സഹവാസങ്ങള്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയോ ഇസ്‌ലാം ചെയ്യുന്നില്ല. നബി(സ്വ) പറഞ്ഞു: (ആര്‍ത്തവകാലത്ത്) നിങ്ങള്‍ സംഭോഗമൊഴികെ മറ്റെല്ലാം ചെയ്തുകൊള്ളുക (മുസ്‌ലിം ).


ഋതുമതിയായിരിക്കെ സംഭോഗമൊഴികെയുള്ള ബാഹ്യമായ പ്രേമപ്രകടനങ്ങള്‍ അനുവദനീയമാണെന്ന് ആഇശ(റ) പറയുന്ന: ''ഞാന്‍ ഋതുമതിയായിരിക്കുമ്പോള്‍ റസൂല്‍(സ്വ) എന്നോട് അരയില്‍ ഒരു കെട്ടുകെട്ടുവാന്‍ കല്പിക്കുകയും ഞാനങ്ങനെ ചെയ്തശേഷം അദ്ദേഹം എന്നോട് പ്രേമപ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു (ബുഖാരി, മുസ്ലിം). 


ആര്‍ത്തവകാല വൃത്തിയെക്കുറിച്ച് നടന്ന ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ നിര്‍ബാധം വളരുന്ന ആര്‍ത്തവവേളയില്‍ യോനീ സ്രവങ്ങളുടെ അമ്ലത കുറയുന്നതുമൂലം ട്രൈക്കോമോണസ് പോലുള്ള ജീവികള്‍ വളരാന്‍ ഇടയാകുന്നു. അതിനാല്‍ ആര്‍ത്തവകാലത്ത് ലൈംഗികവേഴ്ച നടത്തുന്ന പുരുഷന്മാര്‍ക്ക് ട്രൈക്കോമാറ്റിസ് ബാധ വരാനുള്ള സാധ്യതകള്‍ വളരെ കൂടുതലായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലൈംഗിക വിശുദ്ധിയുടെയും സദാചാര ലൈംഗികതയുടെയും ഭാഗമായി സ്ത്രീപുരുഷന്മാര്‍ പാലിക്കേണ്ട ശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങളാണ് വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍(സ്വ)യുടെ വചനങ്ങളിലും ഈ വിഷയകമായി വന്നിട്ടുള്ളത്.

Feedback