Skip to main content

പെണ്‍പിറവി

പ്രയാസത്തിന്മേല്‍ പ്രയാസം സഹിച്ചു കൊണ്ടാണ് ഏതൊരു മാതാവും കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത്. പ്രസവ വേദനയുടെ ഘട്ടം കൂടി തരണം ചെയ്ത ശേഷം കുഞ്ഞു പിറക്കുമ്പോള്‍ മാതാവിന്റെ മുഖം ആഹ്ലാദ ഭരിതമാകുന്നു. ഒരു കുഞ്ഞിന്റെ ജനനം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്ന ദൈവികാനുഗ്രഹമാണ്. പിറന്ന കുഞ്ഞ് ആണായിരുന്നാലും പെണ്ണായിരുന്നാലും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ സന്തോഷിച്ച് അവന് നന്ദി കാണിക്കുന്നത് പോലെ മറ്റുള്ളവര്‍ സന്തോഷം അറിയിക്കുന്നതും ആശംസകള്‍ നേരുന്നതും പുണ്യകര്‍മവും സ്‌നേഹപ്രകടനത്തിന്റെ ഭാഗവുമാണ്.

അജ്ഞാന കാലത്ത് (ജാഹിലിയ്യാ) അറബികളില്‍ ചിലര്‍ ആണ്‍കുട്ടികളുടെ ജനനത്തില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പെണ്‍പിറവി അവര്‍ അപമാനമായി കണ്ടിരുന്നു. പെണ്‍കുട്ടികള്‍ ജനിക്കുമ്പോഴല്ല  മരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു അവര്‍ അനുമോദനം അറിയിച്ചിരുന്നത്. പെണ്‍കുഞ്ഞ് പിറന്നു എന്നറിഞ്ഞാല്‍ അപമാന ഭാരത്താല്‍ സമൂഹ മധ്യത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയാനായിരുന്നു അവര്‍ താത്പര്യപ്പെട്ടിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ ഉണര്‍ത്തുന്നു. 'അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടു പോകുന്നു. അവന്‍ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കഴിയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല മണ്ണില്‍ കുഴിച്ചു മൂടണമോ (എന്നായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക, അവര്‍ എടുക്കുന്ന തീരുമാനം എത്ര ചീത്ത' (16 58,59).

ഇത് അന്ന് അറബികളില്‍ മാത്രമായിരുന്നില്ല. സംസ്‌കാരകളിത്തൊട്ടിലുകളെന്നു പുകള്‍ പെറ്റ റോമും പേര്‍ഷ്യയും ഗ്രീസുമെല്ലാം പെണ്‍പിറവിയോട് ഇതോ ഇതിനെക്കാള്‍ ഹൃദയഭേദകമോ ആയ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.  ആധുനിക സമൂഹവും ഈ സ്ത്രീജന്മ വിരുദ്ധതയില്‍ ഒട്ടും പിന്നിലല്ല. പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാല്‍ ഒരു സഹതാപഭാവമാണ് സമൂഹം പൊതുവെ പ്രകടിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ലിംഗനിര്‍ണയത്തിന് ശാസ്ത്രീയ സംവിധാനമുള്ളതിനാല്‍ ഭ്രൂണാവസ്ഥയില്‍ അതിനെ നശിപ്പിക്കുന്ന ലജ്ജാകരമായ പുതിയ പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നത്. നിയമങ്ങളെയെല്ലാം മറികടന്ന് ഇത് ഇന്നും നിര്‍ലജ്ജം വ്യാപിക്കുക തന്നെയാണ്.

അല്ലാഹുവിന്റെ തീരുമാനത്തിനനുസരിച്ച് മാത്രമാണ് ആണും പെണ്ണുമായി സന്താനങ്ങളെ ലഭിക്കുന്നത്. പ്രാര്‍ഥനയിലൂടെ ആഗ്രഹം സഫലീകരിക്കാന്‍ സ്രഷ്ടാവിനോട് തേടുകയും അവന്‍ നല്‍കുന്നതില്‍ സംതൃപ്തിയടഞ്ഞുകൊണ്ട് നന്ദിപൂര്‍വം ജീവിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്.

അല്ലാഹു പറയുന്നു: 'അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത്് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു' (42:49,50).

പെണ്‍കുട്ടി ജനിക്കുന്നത് അപമാനമായി കണക്കാക്കിയിരുന്ന കാലത്ത് പെണ്‍കുട്ടികളുടെ ജനനം മാതാപിതാക്കള്‍ക്ക് ഒരു ഭാഗ്യമായി റസൂല്‍(സ്വ) പഠിപ്പിച്ചു. അവരെ സംരക്ഷിക്കാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് നബി(സ്വ) ഉണര്‍ത്തി. അനസ്(റ) പറയുന്നു: തിരുമേനി(സ്വ) അരുളി. രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ ശരിക്ക് സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. നബി(സ്വ) തന്റെ വിരലുകള്‍ ചേര്‍ത്തുപിടിച്ചു (മുസ്ലിം 2631). ഈ വിഷത്തില്‍ ധാരാളം വചനങ്ങള്‍ നബി(സ്വ)യില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞു. ആര്‍ക്കെങ്കിലും മൂന്ന് പെണ്‍കുട്ടികളുണ്ടായി. അവരുടെ കാര്യത്തില്‍ ക്ഷമിക്കുകയും തന്റെ കഴിവനുസരിച്ച് അവര്‍ക്ക് ഭക്ഷണവും പാനീയവും വസ്ത്രവും നല്‍കുകയും ചെയ്താല്‍ അവര്‍ അവന് നരകത്തില്‍ നിന്ന് ഒരു സുരക്ഷയായിരിക്കും.

നബി(സ്വ)യുടെ പത്‌നി ആഇശ(റ) പറയുന്നു :'ധര്‍മം ചോദിച്ചുകൊണ്ട് ഒരു സ്ത്രീ എന്റെ അടുക്കല്‍ വന്നു. കൂടെ രണ്ടു പെണ്‍കുട്ടികളുമുണ്ട്. എന്റെ വശം ഒരു കാരക്കയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഞാനത് അവള്‍ക്ക് കൊടുത്തു. അവള്‍ അത് വാങ്ങി രണ്ടായി കീറി രണ്ടുമക്കള്‍ക്കുമായി ഭാഗിച്ചുകൊടുത്തു. അവള്‍ അതില്‍ നിന്ന് അല്പവും എടുത്തില്ല. പിന്നെ അവള്‍ ആ രണ്ടു പെണ്‍കുട്ടികളെയും കൂട്ടി എഴുന്നേറ്റു പോയി. അല്പം കഴിഞ്ഞ് നബി(സ്വ) എത്തി. ഈ സ്ത്രീയുടെ കഥ ഞാന്‍ നബി(സ്വ)ക്ക് വിവരിച്ചു കൊടുത്തു. അപ്പോള്‍ റസൂല്‍ (സ്വ) പറഞ്ഞു. ആരെങ്കിലും പെണ്‍കുട്ടികളെക്കൊണ്ട് ജീവിതത്തില്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവര്‍ക്ക് നല്ലത് ചെയ്തു കൊടുക്കുകയുമാണെങ്കില്‍ ആ പെണ്‍കുട്ടികള്‍ അവന് നരകത്തില്‍ കടക്കുന്നതിന് ഒരു തടസ്സമായിത്തീരും. പെണ്‍പിറവിയില്‍ സത്യവിശ്വാസി വേവലാതി കൊള്ളുകയല്ല, അവരെ സംരക്ഷിക്കാനായത് ഭാഗ്യമായി കണ്ട് സ്വര്‍ഗ പ്രവേശനത്തില്‍ അതൊരു നിമിത്തമായി തീരട്ടെ എന്ന് ആശിക്കുകയാണ് വേണ്ടത്.

Feedback