Skip to main content

മനുഷ്യനും ലൈംഗികതയും

ഇണകളായുള്ള സൃഷ്ടിപ്പ് ജൈവപ്രപഞ്ചത്തിന്റെ മുഖ്യസവിശേഷതയാണ്. വംശ നിലനില്പും വളര്‍ച്ചയുമാണ് ജന്തുലോകത്ത് പ്രധാനമായും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ ഇത് അവരുടെ വിശാലമായ സാമൂഹിക ബന്ധങ്ങള്‍ക്ക് കൂടി കാരണമാകുന്നുണ്ട്. ഈ ലക്ഷ്യങ്ങളെല്ലാം നടക്കണമെങ്കില്‍ ഇണകള്‍ തമ്മില്‍ കൂടിച്ചേരുകയും ലൈംഗികബന്ധം ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്. ഇതിന് ആവശ്യമായ രാസത്വരകമാണ് ലൈംഗിക ചോദന. മനുഷ്യ പ്രകൃതിയില്‍ നിലീനമായ ജൈവപരമായ ഈ വികാരവും മധുരാനുഭൂതിയുമാണ് ലൈംഗികത അഥവാ സെക്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്‍, സ്ത്രീ എന്ന നിലയില്‍ ഒരാള്‍ക്കുണ്ടാകുന്ന സ്വത്വബോധം, എതിര്‍ലിംഗത്തോടു തോന്നുന്ന ആകര്‍ഷണം, അതില്‍ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകള്‍, സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി, സ്‌നേഹബന്ധത്തിന്റെ ബഹിര്‍സ്ഫുരണമായി ഉണ്ടാവുന്ന ശാരീരിക പ്രവൃത്തി എന്നീ ഘടകങ്ങളുടെ സംയോജനം കൊണ്ട് ഉയിര്‍ത്തുവരുന്ന ജൈവപരമായ വികാരമാണ് ലൈംഗികത(സെക്‌സ്) എന്ന് പറയാം. ജൈവികമായ ഒരസ്തിത്വം സെക്‌സിനുള്ളതിനാല്‍ കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അത് മാറ്റം വരികയില്ല. സ്രഷ്ടാവായ അല്ലാഹു അന്യൂനമായി വ്യവസ്ഥപ്പെടുത്തിയതനുസരിച്ച് പ്രപഞ്ചത്തിന്റെ അന്ത്യം വരെ മാറ്റമില്ലാതെ അത് തുടരും.

മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജന്തുക്കളിലുമുള്ള സഹജവാസനയാണ് ലൈംഗികത. പ്രത്യുത്പാദനം എന്ന പ്രകൃതിയുടെ ആവശ്യത്തില്‍ മാത്രം ജന്തുജാലങ്ങളുടെ ലൈംഗികത പരിമിതമാണ്. എല്ലാ ജന്തുക്കളും മനുഷ്യരെപ്പോലെ ഏതുകാലത്തും സമയത്തും ലൈംഗിക വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയല്ല. എന്നാല്‍     വിവേചന ശേഷി നല്കപ്പെട്ട മനുഷ്യന് ഇവിടെ സ്രഷ്ടാവ് വ്യവസ്ഥകള്‍ക്ക് വിധേയമായി ചില സ്വാതന്ത്ര്യങ്ങള്‍ നല്കുകയാണ് ചെയ്തത്. കുടുംബമെന്ന സാമൂഹികസംവിധാനത്തിലൂടെ വളരുകയും വികസിക്കുകയും ചെയ്യേണ്ട മനുഷ്യന് ഇണചേരുന്നതിന് ഇങ്ങനെ അല്ലാഹു ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് വിവാഹം.

ഇണയെ പ്രാപിക്കാനുള്ള സ്വാഭാവിക പ്രേരണകളെ നിയന്ത്രണവിധേയമാക്കി ധാര്‍മികവും ഉദാത്തവും സുന്ദരവുമായ മൂല്യങ്ങള്‍ കൊണ്ട് ലൈംഗിക പ്രക്രിയകള്‍ക്ക് മിഴിവ് നല്‍കി മനുഷ്യന്റെ ശ്രേഷ്ഠത നിലനിര്‍ത്തുക എന്നതാണ് പ്രകൃതിമതമായ ഇസ്‌ലാം ചെയ്തിട്ടുള്ളത്. അതാണ് വിവാഹബന്ധത്തിലൂടെ സാധ്യമാകുന്നത്.


 

Feedback