Skip to main content

ദാമ്പത്യവും മാനസികോല്ലാസവും

സ്ത്രീയുടെയും പുരുഷന്റെയും കുടുംബത്തിലുള്ള റോള്‍ വ്യത്യസ്തമാണ്. ഭാര്യയുള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ടി വിവിധ ജീവിതോപാധികളില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിന് ബാധ്യതാനിര്‍വഹണത്തിനായി വീടിനു പുറത്താണ് കൂടുതല്‍ സമയവും ഇടപഴകേണ്ടിവരുന്നത്. എന്നാല്‍ ഗൃഹപരിചരണവും സന്താന പരിപാലനവുമൊക്കെയായി സ്ത്രീകള്‍ മിക്കപ്പോഴും വീടകങ്ങളില്‍ തന്നെയായിരിക്കും സമയം ചെലവഴിക്കുന്നത്. സ്വാഭാവികമായും വീടുകളിലെ ജോലിയും മറ്റുമൊക്കെയായി മുഷിഞ്ഞ മനസ്സോടെ നില്ക്കുന്ന ഭാര്യമാര്‍ക്ക് സഹവാസത്തിലൂടെ ആനന്ദം പകരാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് കഴിയണം. അല്പനേരമെങ്കിലും പരസ്പരം ആശയവിനിമയത്തിന് സമയം കണ്ടെത്തുകയും വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യാത്രകള്‍ക്ക് സമയം കാണുകയും ചെയ്യണം. നബി(സ്വ) തന്റെ ഭാര്യമാരുമൊത്ത് ധാരാളം തമാശകള്‍ പറയാറുണ്ടായിരുന്നു. ആഇശ(റ)യുമൊത്ത് ഓട്ടമത്സരംപോലും നടത്തിയിരുന്നു. മസ്ജിദുന്നബവിയില്‍ എത്യോപ്യക്കാര്‍ ആയുധ അഭ്യാസ പ്രകടനം നടത്തുന്നത് ആഇശ(റ)ക്ക് കാണിച്ചുകൊടുത്തിരുന്നു.

മാനസികോല്ലാസത്തിലൂടെയാണ് സംഘര്‍ഷഭരിതമായ ജീവിതത്തിന് അയവും ആശ്വാസവും ലഭിക്കുന്നത്. അല്ലാഹു മനുഷ്യര്‍ക്ക് അവരില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവര്‍ക്കിടയില്‍ കാരുണ്യവും സ്‌നേഹവും ഉണ്ടാക്കിത്തന്നതും ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആനില്‍ എടുത്തുപറയുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യമായി സൂചിപ്പിച്ചത് നിങ്ങള്‍ അവളിലേക്ക് ശാന്തി അടയാന്‍ (ലിതസ്‌കുനൂ ഇലയ്ഹാ) എന്നതാണ്. കുടുംബജീവിതത്തില്‍ ശാന്തി കളിയാടണമെങ്കില്‍ പരസ്പര ബന്ധത്തില്‍ താത്പര്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കളിചിരികള്‍ക്കും ഫലിതങ്ങള്‍ക്കും ഉല്ലാസങ്ങള്‍ക്കും സമയം കണ്ടെത്തേണ്ടതുണ്ട്. സന്തോഷിക്കുമ്പോള്‍ കൂടെ സന്തോഷിക്കുന്ന, ദു:ഖിക്കുമ്പോള്‍ കൂടെ നിന്ന് സമാശ്വാസം നല്‍കുന്ന ഇണകളായി ദമ്പതികള്‍ക്ക് മാറാന്‍ കഴിഞ്ഞാല്‍ ആ ജീവിതം ഉല്ലാസഭരിതമായിരിക്കും. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വധൂവരന്മാരുടെ തെരഞ്ഞെടുപ്പില്‍പോലും ഈയൊരു തലത്തിന് റസൂല്‍(സ്വ) പ്രാധാന്യം കല്പിച്ചിരുന്നുവെന്നു. പ്രവാചകന്‍(സ്വ) തന്റെ ശിഷ്യനായ ജാബിര്‍(റ)വിന്റെ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിവാഹം ചെയ്യുന്നത് കന്യകയെയാണോ വിധവയെയാണോ എന്ന് ചോദിച്ചു. വിധവയെയാണ് എന്നറിഞ്ഞപ്പോള്‍ 'ഒരു കന്യകയെ വിവാഹം ചെയ്തിരുന്നങ്കില്‍ നിനക്ക് കളിക്കാനും ഉല്ലസിക്കാനുമെല്ലാം അതായിരുന്നില്ലേ ഉചിതം' എന്ന് നബി(സ്വ) ചോദിച്ചു. വിധവാ വിവാഹത്തിന് മുന്തിയ പരിഗണനയും പ്രോത്സാഹനവും നല്‍കിയ പ്രവാചകന്‍(സ്വ) സഹോദരബുദ്ധ്യാ അനുചരനോട് ഇപ്രകാരം ചോദിക്കണമെങ്കില്‍ ദാമ്പത്യജീവിതത്തില്‍ നൈസര്‍ഗിക ഉല്ലാസത്തിന് ഇസ്‌ലാം കല്പിക്കുന്ന പ്രാധാന്യം വ്യക്തമാണ്.

നബി(സ്വ)യുടെ ജീവിതത്തില്‍ ഭാര്യമാരോടൊത്ത് വിനോദങ്ങള്‍ക്കും ഉല്ലാസങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. വിനോദത്തിലൂടെ ലഭിക്കുന്ന ആനന്ദംകൊണ്ട് പരസ്പരം സന്തോഷം പങ്കുവയ്ക്കുന്ന രീതി റസൂല്‍(സ്വ) സ്വീകരിച്ചു. ഒരിക്കല്‍ ഓട്ടമത്സരത്തില്‍ ആഇശ(റ) ജയിക്കുകയുണ്ടായി. മറ്റൊരു ഓട്ടമത്സരത്തില്‍ നബി(സ്വ) ആഇശ(റ)യെ തോല്പിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞു. 'ഇതാ അന്നത്തെ കടം വീട്ടി. (അഹ്മദ്, അബദാവൂദ്). 

ആഇശ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ വീട്ടില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പം കളിയില്‍ ഏര്‍പ്പെട്ടിരുന്നു. നബി(സ്വ) വന്നാല്‍ അവര്‍ മറഞ്ഞിരിക്കും. എന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ പ്രവാചകന്ന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അവര്‍ എന്റെ കൂടെ കളിച്ചിരുന്നു (ബുഖാരി, മുസ്‌ലിം).

Feedback