Skip to main content

ലൈംഗിക ശുചിത്വം

ലൈംഗിക വേഴ്ചയുടെ രീതിയെക്കുറിച്ചും മൈഥുന സ്വഭാവത്തെക്കുറിച്ചും വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും പഠിപ്പിക്കുന്ന കാര്യങ്ങളത്രയും ലൈംഗിക ശുചിത്വവും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുന്ന സാര്‍വാംഗീകൃതമായ മാര്‍ഗനിര്‍ദേശങ്ങളാണ്. അനുവദിച്ച നിയമാതിര്‍ത്തിക്കുളള്ളില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടാനും രതിസുഖം ആസ്വദിക്കാനുമുള്ള അനുവാദവും സ്വാതന്ത്ര്യവും ദമ്പതികള്‍ക്കുണ്ട്. അല്ലാഹു പറയുന്നു. ''നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്ക് കൃഷി സ്ഥലമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങളുടെ കൃഷിസ്ഥലത്തെ പ്രാപിച്ചുകൊള്ളുക'' (2:223). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. നിങ്ങളുടെ കൃഷിസ്ഥളത്തെ നിങ്ങള്‍ ഇച്ഛിക്കുന്ന വിധത്തില്‍ പ്രാപിക്കുക (ബുഖാരി, മുസ്‌ലിം). എന്നാല്‍ ഗുദഭോഗം (Anal intercourse) വൃത്തിഹീനതയായതിനാല്‍ ഇസ്‌ലാം വിരോധിക്കുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഭാര്യയെ പിന്‍ദ്വാരത്തിലൂടെ സമീപിക്കരുത്. അത് ചെറിയ സ്വയംഭോഗമാണ് (അഹ്മദ്, തുര്‍മുദി, നസാഈ, ഇബ്‌നുമാജ).

ഇസ്‌ലാം വിരോധിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഭൗതിക ജീവിതത്തില്‍ തന്നെ കെടുതികളും ദോഷങ്ങളും അനുഭവിക്കേണ്ടതായി വരും. ലൈംഗിക ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ത്തവവേളയില്‍ സ്ത്രീകളുമായി സംസര്‍ഗം പാടില്ലെന്ന് അല്ലാഹു കല്പിച്ചിട്ടുള്ളത്. വിശ്വവിശ്രതനായ ലൈംഗികമനഃശാസ്ത്രജ്ഞര്‍ ഹാവ്‌ലോക് എല്ലിസ് മാന്‍ ആന്റ് വിമന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''പൂര്‍ണ ആരോഗ്യവതിയായ സ്ത്രീയില്‍ പോലും ആര്‍ത്തവവേളയില്‍ മാനസികവും വൈകാരികവുമായ അരക്ഷിതത്വത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നു. വര്‍ധമാനമായ ഞരമ്പുസംഘര്‍ഷവും പേശികളുടെ ഉത്തേജിതത്വവും ഉണ്ടാവുന്നു. ബാക്ടീരിയയുടെ വര്‍ധനവിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആര്‍ത്തവവേളയില്‍ ഗോണോറിയ പോലുള്ള ലൈംഗിക രോഗങ്ങളുടെ ബീജങ്ങള്‍ ലൈംഗിക സംയോഗത്തിലൂടെ സ്ത്രീയില്‍ നിന്ന് പുരുഷനിലേക്ക് പകരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. യോനിയില്‍ ഇത്തരം നാശകാരികളായ രോഗബീജങ്ങളെ പ്രതിരോധിക്കുന്ന ഡോര്‍ലെയന്‍സ്, ബാസില്ലി എന്നീ ഘടകങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു''.

''നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ കുളിച്ച് ശുദ്ധിയാവുക'' എന്ന് ഖുര്‍ആന്‍ കല്പിക്കുന്നു. മലമൂത്ര വിസര്‍ജ്ജനം നടത്തിയിട്ട് വെള്ളം കിട്ടാതിരിക്കുകയോ, സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ട് കുളിച്ച് ശുദ്ധിവരുത്താന്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം നേരിടുകയോ ചെയ്താല്‍ ശുദ്ധമായ ഭൂമുഖം തേടി മുഖവും കൈകളും തടവണമെന്നും (തയമ്മും) അല്ലാഹു അനുശാസിക്കുന്നുണ്ട്.

വൃത്തിയിലധിഷ്ഠിതമായ സംസ്‌കാരവും ശാരീരിക ശുദ്ധിയും നിലനിര്‍ത്തുന്നത് വിശ്വാസികളുടെ ദിനചര്യയില്‍പെട്ടതാണ്.  രണ്ട് സംയോഗങ്ങള്‍ക്കിടയില്‍ അംഗശുദ്ധി വരുത്തുന്നത് സുന്നത്താണെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. നബി(സ്വ) പറയുന്നു. ''ആരെങ്കിലും തന്റെ ഭാര്യയുമായി സംയോഗം ചെയ്തതിനുശേഷം അതാവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍ വുദു ചെയ്യട്ടെ. കാരണം അത് മടങ്ങുവാന്‍ ഉത്സാഹം നല്‍കുന്നതാണ്'' (മുസ്‌ലിം, ഇബ്‌നുഅബീശൈബയുടെ മുസ്വന്നഫ്, അഹ്മദ്)

സംഭോഗാനന്തരം അതില്‍ നിന്ന് ശുദ്ധി കൈവരിക്കാനായി ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ഒരു സ്ഥലത്തുനിന്ന് കുളിക്കുന്നത് നബി(സ്വ)യുടെ സുന്നത്താണെന്ന് ആഇശ(റ) പറയുന്നു. ഞാനും പ്രവാചകതിരുമേനിയും ഒരു പാത്രത്തില്‍ നിന്ന് കുളിക്കാറുണ്ടായിരുന്നു.(ഞങ്ങള്‍ കൈകള്‍ മാറിമാറി ആ പാത്രത്തിലേക്ക് താഴ്ത്താറുണ്ടായിരുന്നു). എനിക്ക് ഒഴിവാക്കി തന്നേക്കൂ എന്ന് ഞാന്‍ പറയുന്നതുവരെ അവിടുന്നെന്നെ മുന്‍കടക്കുമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും വലിയ അശുദ്ധിയുള്ളവരായിരുന്നു (ബുഖാരി, മുസ്‌ലിം, അബൂഉവാന)

ഉമര്‍(റ) ഒരിക്കല്‍ നബി(സ്വ)യോട് ചോദിച്ചു. പ്രവാചകരേ, വലിയ അശുദ്ധിയുള്ളവരായി ഞങ്ങള്‍ക്ക് ഉറങ്ങാമോ? നബി(സ്വ) പറഞ്ഞു: നിന്റെ ഗുഹ്യാവയവം കഴുകുക. വുദു എടുക്കു. പിന്നീട് ഉറങ്ങുക. ലൈംഗിക ശുചിത്വമാണ് വ്യക്തിയുടെയും കുടുംബത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നതെന്ന് മതത്തിന്റെ നിയമങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
 

Feedback