Skip to main content

ഗൃഹസന്ദര്‍ശന മര്യാദകള്‍

മനുഷ്യര്‍ക്കിടയില്‍ ഊഷ്മളമായ സ്‌നേഹബന്ധം നിലനിര്‍ത്തുന്നതില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അന്യരുടെ വീടുകളില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ വിശുദ്ധഖുര്‍ആനില്‍ നിന്നും തിരുവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അല്ലാഹു പറയുന്നു. ''വിശ്വാസികളേ, നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്, അവിടെയുള്ളവരുടെ അനുവാദം തേടുകയും അവര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നവരാകാന്‍ വേണ്ടി'' (24:27). സ്വഭവനങ്ങളില്‍ പ്രവേശിക്കുമ്പോഴും ഇത്തരം മര്യാദകള്‍ പാലിക്കേണ്ടതാണ്. സമ്മതം ചോദിക്കുന്നതിന്റെ ഭാഗമായി സലാം പറയുന്നതോടൊപ്പം വാതിലില്‍ മുട്ടിവിളിക്കുന്നത് നബി(സ്വ) സ്വീകരിച്ച രീതിയായിരുന്നു. ഒരു രാത്രിയില്‍ നബി(സ്വ) അലി(റ)യുടെയും ഫാത്വിമ(റ)യുടെയും വീട്ടില്‍ വന്ന് വാതിലില്‍ മുട്ടി വിളിച്ചു. വീട്ടുകാര്‍ക്ക് ശല്യമാവാത്ത രൂപത്തില്‍ 3 പ്രാവശ്യം തുടര്‍ച്ചയായി മുട്ടുകയും വീട്ടുകാരുടെ വരവിനായി കാത്തിരിക്കുകയുമാണ് വേണ്ടത്. വന്ന ആളുടെ പേര് പറഞ്ഞുകൊണ്ട് വീട്ടുകാരെ അറിയിക്കുകയും ചെയ്യാം. ആളുടെ പേര് പറയാതെ വീട്ടുകാരെ പ്രയാസപ്പെടുത്തരുത്. വാതിലിന്റെ പാര്‍ശ്വഭാഗങ്ങളിലായിട്ടാണ് ആഗതന്‍ നില്‍ക്കേണ്ടത്. നബി(സ്വ) ഏതെങ്കിലും വീടിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ വാതിലിന്റെ നേരെ അഭിമുഖമായി നില്‍ക്കുമായിരുന്നില്ല. വാതിലില്‍ വലതുഭാഗത്തോ ഇടതുഭാഗത്തോ ആണ് നില്‍ക്കുക. സലാം പറയും. കാരണം അന്ന് വീടുകള്‍ക്ക് വാതില്‍ വിരികളുണ്ടായിരുന്നില്ല (സുനനു അബീദാവൂദ്, 5486).

ആഗതന്‍ വന്ന വിവരം വീട്ടുകാരെ അറിയിച്ചിട്ടും ആരും മുന്നോട്ട് വന്നില്ലെങ്കില്‍ ആ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു. 'അപ്പോള്‍ ആരെയും നിങ്ങളവിടെ കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കനുവാദം ലഭിക്കുന്നതുവരെ നിങ്ങളവിടെ പ്രവേശിക്കരുത്. മടങ്ങുക എന്ന് നിങ്ങളോട് പറയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ മടങ്ങുവിന്‍. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അറിയുന്നവനത്രെ.'' (24:28)

ജനല്‍പാളികളിലൂടെയോ വാതില്‍ ദ്വാരങ്ങളിലൂടെയോ എത്തിനോക്കുന്നത് അനുവദനീയമല്ല. അങ്ങനെ പാളിനോക്കുന്നത്, അനുവാദമില്ലാതെ അകത്ത് പ്രവേശിച്ചതിന് തുല്യമായ തെറ്റായിട്ടാണ് നബി(സ്വ) പഠിപ്പിച്ചത്. എന്നാല്‍ പ്രവേശിക്കുന്നതിന് അനുവാദം ചോദിക്കേണ്ടതില്ലാത്ത വീടുകളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.

അല്ലാഹു പറയുന്നു: ''അന്ധനു മേല്‍ കുറ്റമില്ല. മുടന്തന്റെ മേല്‍ കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ സഹോദരന്മാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ പിതൃവ്യന്മാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍നിന്നോ നിങ്ങളുടെ അമ്മാവന്മാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കാന്‍ അപ്രകാരം നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു''. (24:61)

വീട്ടുജോലിക്ക് നില്‍ക്കുന്ന വേലക്കാരും പ്രായപൂര്‍ത്തിയോട് അടുത്ത ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന കുട്ടികളും സ്വന്തം വീടുകളില്‍ സ്വാതന്ത്ര്യത്തോടുകൂടി പെരുമാറുന്നവരാണെങ്കിലും ശയനമുറികളിലേക്ക് മൂന്നു സ്വകാര്യ സന്ദര്‍ഭങ്ങളില്‍ സമ്മതമില്ലാതെ പ്രവേശിക്കരുത്. സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമസ്ഥത വഹിക്കുന്നവരും നിങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്തവരും മൂന്നു സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (രഹസ്യമുറികളില്‍ പ്രവേശിക്കാന്‍) അനുവാദം ചോദിക്കട്ടെ. പ്രഭാത നമസ്‌കാരത്തിന് മുമ്പും ഉച്ചനേരത്ത് നിങ്ങളുടെ വസ്ത്രം നിങ്ങള്‍ അഴിച്ചുവെക്കുന്ന സന്ദര്‍ഭത്തിലും ഇശാ നമസ്‌കാരത്തിന് ശേഷവും. ഇവ നിങ്ങള്‍ വിവസ്ത്രരാവാന്‍ സാധ്യതയുള്ള സമയങ്ങളാണ്. ഇവയ്ക്ക് പുറമെയുള്ള സമയങ്ങളില്‍ (അനുവാദം ചോദിക്കപ്പെടുന്നില്ലെങ്കില്‍ തന്നെ) നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല (24:58).

Feedback