Skip to main content

പള്ളികളില്‍ പാലിക്കേണ്ട മര്യാദകള്‍

പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. ഭക്തിയോടും പ്രതിഫലേഛയോടും കൂടിയാണ് പള്ളിയില്‍ പ്രവേശിക്കേണ്ടതും പെരുമാറേണ്ടതും.

റസൂല്‍ (സ്വ) പറഞ്ഞതായി അബൂഹുമൈദ്, അബൂഉസൈദ് എന്നിവര്‍ പറയുന്നു: ''നിങ്ങളിലൊരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നുവെങ്കില്‍ 'അല്ലാഹുമ്മഫ്തഹ്‌ലീ അബ്‌വാബ റഹ്മതിക' (അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നു തരേണമേ) എന്ന് പറഞ്ഞു കൊള്ളട്ടെ. പള്ളിയില്‍ നിന്നു പുറത്തിറങ്ങുന്നതായാല്‍ 'അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക' (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്നും നിന്നോടു ഞാന്‍ ചോദിക്കുന്നു) എന്നും പറഞ്ഞുകൊള്ളട്ടെ.''

പള്ളിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇരിക്കുകയോ മറ്റേതെങ്കിലും കാര്യത്തില്‍ വ്യാപൃതനാവുകയോ ചെയ്യുന്നതിനു മുമ്പായി രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതുണ്ട്. ഇതിന് തഹിയ്യത്തുല്‍ മസ്ജിദ് എന്നു പറയുന്നു. അല്ലാഹുവിന്റെ ഭവനത്തോടുള്ള ആദരവത്രെ ഈ നമസ്‌കാരം.

റസൂല്‍(സ്വ) അരുളിയതായി അബൂഖതാദതുസ്സലമി(റ) പ്രസ്താവിക്കുന്നു: ''നിങ്ങളില്‍ വല്ലവരും പള്ളിയില്‍ പ്രവേശിക്കുന്നതായാല്‍ അയാള്‍ ഇരിക്കുന്നതിനു മുമ്പായി രണ്ടു റക്അത്ത് നമസ്‌കരിക്കണം.'' പള്ളിയില്‍ ജമാഅത്തായി നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ ആ ജമാഅത്തില്‍ പങ്കെടുത്താല്‍ മതി. പ്രത്യേകം തഹിയ്യത്ത് നമസ്‌കരിക്കേണ്ടതില്ല. എന്നാല്‍ ഖുതുബ(ജുമുഅയിലെ പ്രസംഗം) നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ തഹിയ്യത്ത് നമസ്‌കരിക്കണം.

ജാബിര്‍(റ) പറഞ്ഞതായി അംറ് ഉദ്ധരിക്കുന്നു.''നബി(സ്വ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാള്‍ കടന്നുവന്നു. താങ്കള്‍ നമസ്‌കരിച്ചോ എന്ന് നബി(സ്വ) ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എന്നാല്‍ രണ്ടു റക്അത്ത് നമസ്‌കരിക്കുക''(ബുഖാരി).

പള്ളികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പള്ളിയില്‍ നിന്ന് വൃത്തികേടുകള്‍ നീക്കുന്നതുപോലും പുണ്യകരമായ കാര്യമാണ്. ആഇശ(റ) പറയുന്നു.''ജനവാസ കേന്ദ്രങ്ങളില്‍ പള്ളിയുണ്ടാക്കാനും അതു വൃത്തിയുള്ളതും സുഗന്ധമുള്ളതുമായി സൂക്ഷിക്കാനും നബി(സ്വ) കല്പിച്ചിട്ടുണ്ട്.''(അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ) ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലമാണ് പള്ളികള്‍. മറ്റുള്ളവര്‍ക്ക് പ്രയാസകരമാകുമാറ് ദുര്‍ഗന്ധവുമായി പള്ളിയില്‍ വരാന്‍ പാടില്ല എന്ന് പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.

Feedback