Skip to main content

വഴിയില്‍ പാലിക്കേണ്ട മര്യാദകള്‍

ഭൂമിയിലൂടെയുള്ള സഞ്ചാരത്തിനായി അല്ലാഹു മനുഷ്യന് പല വഴികളും വിധേയമാക്കിക്കൊടുത്തിട്ടുണ്ട്. കരയിലും കടലിലും ആകാശത്തും സഞ്ചാരവഴികള്‍ കണ്ടെത്തി, അതിന്റെ സാധ്യതകളെ മനുഷ്യന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടേയിരുന്നു. ചിന്തനീയമായ ദൈവിക ദൃഷ്ടാന്തം കൂടിയാണിത്. ''അല്ലാഹു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കാന്‍ വേണ്ടി'' (71:19,20).

മനുഷ്യ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വഴികളോടും അവന് ചില ബാധ്യതകള്‍ നിര്‍വഹിക്കാനുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. വഴികളില്‍ മാലിന്യങ്ങള്‍ ഇടുന്നതും അങ്ങനെ ജനങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും ഉപദ്രവമുണ്ടാക്കുന്നതും പാപമായിട്ടാണ് റസൂല്‍ പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസം എന്നതിന് എഴുപതില്‍പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല എന്നതാണ്. അതില്‍ ഏറ്റവും താഴ്ന്ന പടിയിലുള്ളത് വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യലാണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നബി(സ്വ)യുടെ അരികില്‍ വന്ന് അബൂഹുറയ്‌റ(റ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: പ്രവാചകരേ, എനിക്ക് ഉപകാരം ചെയ്യുന്ന ഒരു പുണ്യകര്‍മം എനിക്ക് പഠിപ്പിച്ച് തരിക. അപ്പോള്‍ നബി(സ്വ) പറഞ്ഞു: വഴിയില്‍നിന്ന് ഉപദ്രവം നീക്കിക്കളയുക (സ്വഹീഹ് മുസ്‌ലിം - 2618).

പൊതുവഴികളിലും ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്ന ദുഷിച്ച സംസ്‌കാരത്തിന്റെ വക്താക്കളായി ഇന്ന് ചിലരെങ്കിലും അധഃപതിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന വിധം വിസര്‍ജ്യവസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യകൂമ്പാരങ്ങളും പൊതുവഴികളിലും മറ്റും തള്ളുന്നത് മതദൃഷ്ട്യാ വലിയ പാപമാണ്. ഫലവൃക്ഷച്ചുവട്ടിലോ കുളക്കടവിലോ, പൊതുവഴികളിലോ മലമൂത്ര വിസര്‍ജനം പാടില്ലെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിശ്വാസി സദാ മറ്റുള്ളവര്‍ക്കെല്ലാം നന്മ മാത്രം ചൊരിയുന്ന ഒരു വടവൃക്ഷമാണ്. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നത് എല്ലാം നീക്കം ചെയ്ത് ഉപകാരങ്ങള്‍ നല്‍കികൊണ്ടിരിക്കുക എന്നതാണ് അവന്റെ ജീവിതശൈലി. സദഖ (ധര്‍മം) എന്നതിന്റെ ഇനങ്ങള്‍ നബി(സ്വ) എണ്ണിയ കൂട്ടത്തില്‍ മുസ്‌ലിമിന്റെ ഓരോ സന്ധികൊണ്ടും ഓരോ നന്മകള്‍ (ദാനം) ചെയ്യാനുണ്ടെന്ന് പഠിപ്പിച്ചു. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് അതില്‍പ്പെട്ട ഒരു ധര്‍മമാണെന്ന് ഉണര്‍ത്തി. വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുമ്പോള്‍ അത് വലിയ നന്മയും നന്ദിയുമായി പഠിപ്പിക്കാന്‍ കാരണം നിസ്സാരമെന്ന് തോന്നാവുന്ന ആ പ്രവൃത്തി കൊണ്ടായിരിക്കാം വലിയ അപകടങ്ങള്‍ ഒഴിവായിത്തീരുന്നത്. അബൂഹുറയ്‌റ(റ) പറയുന്നു:  നബി(സ്വ) പറഞ്ഞു. ഒരു മനുഷ്യന്‍ നടന്നുപോകുമ്പോള്‍ വഴിയിലേക്ക് ഒരു മുള്ളിന്റെ കൊമ്പ് തൂങ്ങിനില്‍ക്കുന്നത് കാണുകയും അയാള്‍ അത് മുറിച്ചു കളയുകയും ചെയ്തു. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുത്തു (സ്വഹീഹുല്‍ ബുഖാരി 2472).

വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ചില ബാധ്യതകള്‍ നിര്‍വ്വഹിക്കാനുണ്ട്. വഴിയില്‍ യാത്രക്കാര്‍ക്ക് അവരുടെ സഞ്ചാരത്തിനിടയില്‍ തണലേകുന്ന മരങ്ങളോ, മറ്റ് ഫലവൃക്ഷങ്ങളോ ഉണ്ടെങ്കില്‍ അത് മുറിച്ചുമാറ്റാന്‍ പാടില്ല. സഞ്ചാരികള്‍ക്ക് ശല്യമുണ്ടാകുന്നവിധം വഴിമുടക്കികളാകുന്ന പ്രവൃത്തികള്‍ ചെയ്യുന്നത് വിശ്വാസികള്‍ക്ക് ഒട്ടും ചേര്‍ന്നതല്ല. നബി(സ്വ) പറഞ്ഞു. അബ്ദുല്ലാഹിബ്‌നു ഹുബ്ശിയ്യ്(റ) നിവേദനം. വഴിയരികിലുള്ള ഒരു തണല്‍മരം ആരെങ്കിലും മുറിച്ചുകളഞ്ഞാല്‍ അവനെ അല്ലാഹു നരകത്തില്‍ തലകുത്തി വീഴ്ത്തുന്നതാണ്. (സുനനു അബീദാവൂദ്. 5239)

വഴിയരികില്‍ ആളുകള്‍ക്ക് വെള്ളം കുടിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നത് പുണ്യകരമാണ്. അതിനായി കിണറുകള്‍ക്ക് കുഴിക്കുന്നത് നിലനില്‍ക്കുന്ന ധര്‍മത്തിന്റെ ഗണത്തില്‍പെടുകയും ചെയ്യുന്നു. വഴിയില്‍ ഇരുന്ന് സംസാരിക്കുന്നത് സൂക്ഷിക്കണമെന്ന് നബി പഠിപ്പിച്ചു. വഴിയില്‍ നില്‍ക്കുകയോ, സംസാരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വഴിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും വേണം. എന്താണ് വഴിയോട് ബോധ്യതകള്‍ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. ദൃഷ്ടി താഴ്ത്തുക, അഭിവാദ്യം സ്വീകരിക്കുക, ഉപദ്രവത്തെ തടയുക, നന്മ കല്പിക്കുക, തിന്മ വിരോധിക്കുക (സുനനു അബീദാവൂദ്. 4815). 

Feedback