Skip to main content

മൈഥുന മര്യാദകള്‍

ഇണ ചേരാനുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. വിവാഹത്തിലൂടെ അനുവദിക്കപ്പെട്ടിട്ടുള്ള ജീവിത പങ്കാളിയുമായി ലൈംഗികവേഴ്ച നടത്തുന്നതിന്‍റെ ലക്ഷ്യങ്ങളിലൊന്ന് സന്താനോല്പാദനമാണ്. അതോടൊപ്പം വ്യക്തിയുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സദാചാരബന്ധിതമായ രതിവ്യാപരങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും. അതിനാല്‍ ദമ്പതികളുടെ ലൈംഗികസംതൃപ്തിക്ക് കൂടി പ്രകൃതിമതമായ ഇസ്‌ലാം പരിഗണന നല്കുന്നുണ്ട്. ആരോഗ്യകരമായ വിവാഹജീവിതത്തിന് ആരോഗ്യകരമായ ലൈംഗിക ജീവിതം ആവശ്യമായതുപോലെ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് വിവാഹജീവിതം ആരോഗ്യകരമായിരിക്കണം. 2004ല്‍ സിഡിസി(സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം അവിവാഹിതരേക്കാള്‍ വിവാഹിതരില്‍ മരണനിരക്ക് കുറവാണ്. വിവാഹിതര്‍ കൂടുതല്‍ ആരോഗ്യസുരക്ഷ അനുഭവിക്കാന്‍ കാരണം സംതൃപ്തമായ ലൈംഗിക ജീവിതമാണെന്ന് പഠനങ്ങള്‍ അടിവരയിടുന്നു. 

കിടപ്പറയില്‍ ദമ്പതികള്‍ അനുഭവിക്കുന്ന ലൈംഗിക അസംതൃപ്തിയാണ് നിഷിദ്ധമായ വഴികളിലേക്ക് ചെന്നുപെടാനും നീചവൃത്തികള്‍ക്കും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദമ്പതികള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയില്‍ മനശാസ്ത്രപരവും ആരോഗ്യപ്രധാനവുമായ വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകൃതി മതത്തിലുണ്ട്. ലൈംഗിക വേഴ്ചയുടെ ലക്ഷ്യം കാമവികാര പൂര്‍ത്തീകരണം മാത്രമല്ല, ആത്മീയ ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിന് നിമിത്തമാകുന്ന ശാരീരികബന്ധം എന്ന നിലയ്ക്ക് അത് പവിത്രമായി കാണേണ്ട പുണ്യകര്‍മമായി പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. 

പ്രവാചകന്‍ പറഞ്ഞു: നിങ്ങളിലാരെങ്കിലും തന്‍റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹുവേ, ഞങ്ങളില്‍ നിന്ന് നീ പിശാചിനെ അകറ്റിത്തരേണമേ, ഞങ്ങള്‍ക്ക് നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ അകറ്റിത്തരേണമേ എന്ന് പ്രാര്‍ഥിച്ചാല്‍ അതില്‍ ആ സംയോഗത്തില്‍ ഒരു സന്താനം വിധിക്കപ്പെടുകയാണെങ്കില്‍ പിശാച് അതിനെ ഒരിക്കലും ഉപദ്രവിക്കുകയില്ല (ബഖാരി, മുസ്‌ലിം)

സംഭോഗമെന്നത് നൈമിഷിക സുഖത്തിനുവേണ്ടിയുള്ള സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ കൂടിച്ചേരുന്ന പ്രക്രിയയല്ല. വിവാഹത്തിലൂടെ ഒന്നായിത്തീര്‍ന്ന ഭിന്നതാല്പര്യങ്ങളുള്ള രണ്ട് വ്യക്തികള്‍ പരസ്പരം അറിഞ്ഞും പരിഗണിച്ചുമുളള സ്നേഹവികാരങ്ങളുടെ പ്രകടനമാണ്. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളായ ലിംഗയോനീ സംഭോഗം, സംഭോഗപൂര്‍വലീലകള്‍, സംഭോഗാനന്തരലീലകള്‍ എന്നിവയിലൊക്കെ പക്വവും മിതവുമായ നിര്‍ദേശങ്ങള്‍ പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു. നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം. അനുചരന്മാരിലൊരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ആരാണാ ദൂതന്‍. നബി(സ്വ) പറഞ്ഞു: ചുംബനവും പ്രേമസല്ലാപവും. 

സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികചോദനകള്‍ വ്യത്യസ്ത തോതിലായിരിക്കും. സ്ത്രീയുടെ ലൈംഗികാസക്തിയെ കടലിനോടും പുരുഷന്‍റെ ലൈംഗികാസക്തിയെ കരയോടുമാണ് ലൈംഗിക മനശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തുന്നത്. സ്ത്രീകളിലെ ലൈംഗിക വികാരം സാവധാനം ചൂടുപിടിക്കുകയും വൈകിമാത്രം തണുക്കുകയും ചെയ്യുന്നതിനാല്‍ പുരുഷന്‍ അവള്‍ക്ക് ലൈംഗികോത്തേജനം ലഭിക്കുവാനുള്ള വഴികള്‍ തേടിയാവണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. 

നബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാള്‍ സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്ക് കുറെ ദാനമായി നല്‍കണം. തന്‍റെ ആവശ്യം ആദ്യം പൂര്‍ത്തിയായാല്‍ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാവട്ടെ. ആദ്യരാത്രിയില്‍ തന്നെ പുതുമണവാട്ടിയോട് അനുകമ്പയും ദയയും കാണിക്കുന്നതും പാനീയങ്ങളും മധുരപദാര്‍ഥങ്ങളും നല്‍കി അവളെ സന്തോഷിപ്പിക്കുന്നതും പ്രവാചകചര്യയില്‍ പെട്ടതാണ്.

Feedback