Skip to main content

വസ്ത്രധാരണ മര്യാദകള്‍

മുസ്‌ലിമിന്റെ വ്യക്തിത്വം വൃത്തിക്കും അലങ്കാരത്തിനും പ്രാധാന്യം കല്പിക്കുന്നതായിരിക്കേണ്ടതുണ്ട്. വസ്ത്രങ്ങള്‍, ശരീരങ്ങള്‍, വീടുകള്‍, വഴികള്‍ എന്നിവയെല്ലാം വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ വസ്ത്രം നഗ്നത മറയ്ക്കാനുള്ളത് മാത്രമല്ല, അലങ്കാരത്തിന് കൂടിയാണ്. അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളുടെ കൂട്ടത്തിലാണ് അതുള്‍പ്പെടുത്തിയിരിക്കുന്നത്. 

“ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനുമായി വസ്ത്രങ്ങളുത്പാദിപ്പിച്ചു തന്നിരിക്കുന്നു, ഭക്തിയുടെ വസ്ത്രത്തെയും. അതാണ് ഏറ്റവും ഉത്തമം'' (7:26). അലങ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും സമുന്നത ഭാവങ്ങള്‍ എല്ലാം തിരസ്‌കരിച്ച് മുഷിഞ്ഞ വസ്ത്രവുമായി കഴിയുന്നതാണ് ഭക്തിയുടെ അടയാളമെന്ന് മതം പഠിപ്പിക്കുന്നില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ നിരാസവും നിഷേധവുമാണ്. അല്ലാഹു പറയുന്നു. ''ചോദിക്കുക, അല്ലാഹു തന്റെ ദാസന്‍മാര്‍ക്കായുണ്ടാക്കിയ അലങ്കാരവും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയത് ആരാണ്? പറയുക, അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പ് നാളിലോ അവര്‍ക്ക് മാത്രവും. കാര്യം മനസ്സിലാക്കുന്നവര്‍ക്കായി നാം ഇവ്വിധ തെളിവുകള്‍ വിശദീകരിക്കുന്നു'' (7:32).

ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയനുസരിച്ച് മാന്യവും വൃത്തിയുള്ളതുമായ വസ്ത്രമാണ് ധരിക്കേണ്ടത്. താണതരം വസ്ത്രം ധരിച്ച ഒരാള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്നു. അപ്പോള്‍ അവിടുന്ന് ചോദിച്ചു. താങ്കള്‍ക്ക് സ്വത്തുണ്ടോ? അയാള്‍ പറഞ്ഞു. അതേ. തിരുമേനി ചോദിച്ചു. ഏതുതരം സ്വത്താണുള്ളത്. അദ്ദേഹം പറഞ്ഞു. അല്ലാഹു എല്ലാതരം സമ്പത്തും എനിക്ക് നല്‍കിയിട്ടുണ്ട്. അവിടുന്ന് അരുള്‍ ചെയ്തു: ''അല്ലാഹു എല്ലാതരം സമ്പത്തും താങ്കള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ദൈവാനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടുന്നതാണ് (സുനനുതുര്‍മുദി 2819). ജുമുഅ, പെരുന്നാള്‍ തുടങ്ങിയ സമ്മേളന സ്ഥലങ്ങളില്‍, വിശേഷപ്പെട്ട അവസരങ്ങളില്‍ സാധാരണ ധരിക്കുന്നതല്ലാത്ത വസ്ത്രമണിയണമെന്ന് നബി(സ്വ) തിരുമേനി നിര്‍ദേശിക്കുന്നു. ജുന്‍ദുബ്‌നു മകീസ പറയുന്നു: നബി(സ്വ) നിവേദക സംഘം വരുമ്പോള്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും തന്റെ അനുചരന്മാരിലെ നേതാക്കളോട് അതിനാവശ്യപ്പെടുകയും ചെയ്യുമായിരുന്നു. കിന്‍ദയില്‍ നിന്നുള്ള നിവേദകസംഘം വന്ന ദിവസം പ്രവാചകന്‍ യമനില്‍ നിന്നുള്ള മേല്‍വസ്ത്രം ധരിച്ചതായി ഞാന്‍ കണ്ടു. അബൂബക്‌റും ഉമറും അവ്വിധം തന്നെ ചെയ്തു.

സ്ത്രീയും പുരുഷനും മറയ്ക്കല്‍ നിര്‍ബന്ധമായ ശരീരഭാഗങ്ങള്‍ കൃത്യമായി മറയുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും അടയാളങ്ങള്‍ വസ്ത്രധാരണത്തില്‍ പ്രതിഫലിക്കാന്‍ പാടില്ല. മെച്ചപ്പെട്ടതും അന്തസ്സാര്‍ന്നതുമായ വസ്ത്രം ധരിക്കുന്നതിന് തെറ്റില്ല. ഇബ്‌നു മസ്അൂദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മനസ്സില്‍ അണുത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു. ഒരാള്‍ തന്റെ വസ്ത്രവും ചെരിപ്പും മെച്ചപ്പെട്ടതാകണമെന്നാഗ്രഹിക്കുന്നത് അഹങ്കാരത്തില്‍പെടുമോ? നബി(സ്വ) പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗി ഇഷ്ടപ്പെടുന്നു. സത്യത്തെ നിരാകരിക്കുകയും ആളുകളെ അവഹേളിക്കലുമാണ് അഹങ്കാരം. (സ്വഹീഹ് ഇബ്‌നു ഹിബാന്‍ 5466).

സുഗന്ധദ്രവ്യമുപയോഗിക്കുന്നതിന് ഇസ്‌ലാം വളരെ പ്രോത്സാഹിപ്പിക്കുന്നു. നബി(സ്വ) ധാരാളമായി അത് ഉപയോഗിച്ചിരുന്നു. സുഗന്ധദ്രവ്യം സമ്മാനിക്കപ്പെട്ടാല്‍ സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ സ്ത്രീകള്‍ സൗന്ദര്യം പ്രകടിപ്പിക്കുന്നവിധം, മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പറ്റില്ല. സുഗന്ധം പൂശി ജനങ്ങള്‍ക്കിടയിലൂടെ ആകര്‍ഷണീയതയുളവാക്കുന്ന രൂപത്തില്‍ നടന്നുപോകുന്ന സ്ത്രീ വ്യഭിചാരിണിയാണ് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

ഇസ്‌ലാം പ്രകൃതി മതമാണ്. പ്രകൃതിയില്‍ സ്ത്രീക്കും പുരുഷനും അവരുടേതായ സ്വത്തമുണ്ട്. അതുകൊണ്ട് അതിനെ കളങ്കപ്പെടുത്തി ജീവിക്കാന്‍ സ്ത്രീക്കും പുരുഷനും സാധ്യമല്ല. വസ്ത്രധാരണത്തിലും ആണ്‍പെണ്‍ വ്യതിരിക്തത പുലര്‍ത്തണമെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കുന്നതും പുരുഷന്‍ സ്ത്രീയുടെ വേഷമണിയുന്നതും നിഷിദ്ധമാണെന്ന് നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷന്മാര്‍ കുങ്കുമച്ചായം മുക്കിയ വലിയ ചിത്രവേലകളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. അലി(റ) പറയുന്നു. പ്രവാചകന്‍ എന്നോട് സ്വര്‍ണമോതിരം അണിയുന്നതും പര്‍ദ്ദ ധരിക്കുന്നതും കുങ്കുമഛായം മുക്കിയ വസ്ത്രം ധരിക്കുന്നതും നിരോധിച്ചിരിക്കുന്നു. 

പുരുഷന്‍ വസ്ത്രം ധരിക്കുമ്പോള്‍ നെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കാന്‍ പാടില്ല. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം. നബി(സ്വ) പറഞ്ഞു. ആരെങ്കിലും ആ അഹങ്കാരപൂര്‍വ്വം തന്റെ വസ്ത്രത്തെ നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നുണ്ടെങ്കില്‍ അവനിലേക്ക് അല്ലാഹു നോക്കുകയില്ല (പരിഗണിക്കുകയില്ല) (സ്വഹീഹു മുസ്‌ലിം 2085).

വസ്ത്രധാരണം ഇസ്‌ലാമിക വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നവിധം മാന്യവും അന്തസ്സുറ്റതുമാകാനാവശ്യമായ എല്ലാ നിയമ നിര്‍ദേശങ്ങളും പാലിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. 

വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിച്ച മര്യാദകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

•    വസ്ത്രം നഗ്നത മറയ്ക്കുന്നതാവണം.

•    വസ്ത്രത്തിന്റെ പേരില്‍ അഹങ്കാരവും പൊങ്ങച്ചവും പാടില്ല.

•    പുരുഷന്മാര്‍ പട്ടു വസ്ത്രം ധരിക്കുന്നത് നിഷിദ്ധമാണ്.

•    കുങ്കുമ വര്‍ണമുള്ള വസ്ത്രവും പ്രവാചകന്‍ നിരോധിച്ചിട്ടുണ്ട്.

•    നഗ്നത വെളിപ്പെടുന്ന വസ്ത്രം നിഷിദ്ധമാണ്.

•    പുരുഷന്മാരുടെ വസ്ത്രം നെരിയാണിക്ക് താഴെയാവാന്‍ പാടില്ല.

•    വസ്ത്രത്തിനു വേണ്ടി ധനം ധൂര്‍ത്തടിക്കരുത്.

•    പ്രശസ്തിക്കു വേണ്ടി വസ്ത്രം ധരിക്കുന്നവര്‍ അന്ത്യനാളില്‍ നിന്ദ്യരാണ്.

•    വസ്ത്രം ധരിക്കുമ്പോള്‍ വലതു ഭാഗത്തുനിന്ന് ആരംഭിക്കണം.

•    വെള്ള വസ്ത്രമാണ് ഉത്തമമായത്.

•    വസ്ത്രം ധരിക്കുമ്പോള്‍ താഴെ പറയുന്ന പ്രാര്‍ഥന ചൊല്ലല്‍ പ്രവാചക ചര്യയാണ്.

الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ.

എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും. 


·    പുതുവസ്ത്രം ധരിക്കുമ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

اَللّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ.


അല്ലാഹുവേ, നിനക്കാണ് എല്ലാ സ്തുതിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതിലു ള്ള നന്മയും ഇത് നിര്‍മിക്കപ്പെട്ടതിലുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതിലുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മിക്കപ്പെട്ടതിലുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. 


 

Feedback