Skip to main content

സദസ്സിലെ മര്യാദകള്‍

വിശ്വാസികളുടെ ജീവിതത്തില്‍ അനിവാര്യമായും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കപ്പെട്ട രംഗങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സദസ്സിലെ പെരുമാറ്റരീതികള്‍. ആരാധനകള്‍ നിര്‍വഹിക്കാനോ, അറിവും വിശ്വാസവും വര്‍ധിപ്പിക്കാനോ ആയി വിശ്വാസി ദിനേന പല സദസ്സുകളിലും പങ്കടുക്കേണ്ടതായി വരാറുണ്ട്. അതു കൂടാതെ സാമൂഹികജിവിതത്തില്‍ ബന്ധങ്ങള്‍ നിലനിര്‍ത്താനായി മറ്റു സഹോദരങ്ങളുടെ സന്തോഷ സന്താപങ്ങളില്‍ പങ്കുചേരാനായി അത്തരത്തിലുള്ള സദസ്സുകളിലും പങ്കു കൊള്ളേണ്ടതായി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായി പാലിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. 

ഇരിക്കുന്ന  സദസ്സുകളില്‍ മറ്റൊരാള്‍ക്കു കൂടി ഇരിക്കാനായി സൗകര്യം ചെയ്തു കൊടുക്കേണ്ടത് വിശാലമനസ്‌കതയുള്ള വിശ്വാസികളുടെ സ്വഭാവമാണ്. അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, സദസ്സുകളില്‍ വിശാലത ചെയ്യുവിന്‍ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ വിശാലത ചെയ്യുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് വിശാലത ചെയ്യും. എഴുന്നേല്‍ക്കുവിന്‍ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ എഴുന്നേല്‍ക്കുവിന്‍ (58:11). 

ഒരു സദസ്സില്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്ന ഒരാളെ എഴുന്നേല്‍പ്പിച്ചു കൊണ്ട് അവിടെയിരിക്കുക എന്നതല്ല ഇസ്‌ലാമിക രീതി. ഇരിപ്പിടത്തില്‍ വിശാലത കാണിച്ച് അയാളെകൂടി അവിടെയിരിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. രണ്ടു പേര്‍ ഇരിക്കുന്നതിനിടയില്‍ അവരെ വേര്‍പ്പെടുത്തികൊണ്ട് മറ്റൊരാള്‍ ഇരിക്കുന്നത് ശരിയല്ല. വിടവുണ്ടെങ്കില്‍ അവരുടെ സമ്മതപ്രകാരം മറ്റൊരാള്‍ അവിടെയിരിക്കുകയോ, അല്ലെങ്കില്‍ അവരെ ഒന്നിപ്പിച്ചിരുത്തുകയോ ചെയ്യുക, നബി(സ്വ) പറഞ്ഞു. രണ്ടു വ്യക്തികളെ വേര്‍പ്പെടുത്തിക്കൊണ്ട് മറ്റൊരുവന്‍ അവരുടെ ഇടയില്‍ ഇരിക്കരുത്; അനുമതി ഇല്ലാതെ (സുനനു അബിദാവുദ്-4845).
 
ഒരാള്‍ ഇരിപ്പിടത്തില്‍ നിന്നു എഴുന്നേറ്റ് പോയാല്‍ മടങ്ങി വരുമ്പോള്‍ ആ സീറ്റിന് അവകാശി അയാള്‍ തന്നെയാണ്. അബുദ്ദര്‍ദാഅ്(റ) പറയുന്നു: നബി(സ്വ) ഇരുന്നാല്‍ അദ്ദേഹത്തിനു ചുറ്റും ഞങ്ങളും ഇരിക്കും. അവിടുന്ന എഴുന്നേറ്റ് പോകുമ്പോള്‍ ആ ഇരിപ്പിടത്തിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്ന പക്ഷം ചെരിപ്പ് ഊരി അവിടെ വെക്കും. അല്ലെങ്കില്‍ മറ്റു വല്ല വസ്തുവും. അപ്പോള്‍ അനുയായികള്‍ അതു മനസ്സിലാക്കി ഇരിപ്പിടം നബി(സ്വ)ക്ക് തന്നെ ഉറപ്പിക്കും.

നബി(സ്വ) ഒരു സദസ്സിലേക്ക് കടന്നു ചെന്നാല്‍ ആ സദസ്സില്‍ ഒഴിവുള്ള ഇടത്ത് ഇരിക്കും. സ്വഹാബികള്‍ നബി(സ്വ)യുടെ സദസ്സില്‍ ചെന്നാല്‍ സദസ്സ് അവസാനിക്കുന്ന സ്ഥലത്ത് ഒരു ഒഴിവുണ്ടെങ്കില്‍ അവിടെയിരിക്കും. മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ നേരത്തെ സദസ്സില്‍ ഇരുപ്പുറപ്പിച്ച ആള്‍ക്ക് പ്രയാസമുണ്ടാകുന്നവിധം ശരീരത്തില്‍ ചവിട്ടിയും മറ്റും ഭേദിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നില്ല.

സംഘബോധത്തെ നബി(സ്വ) എല്ലാ സന്ദര്‍ഭത്തിലും പ്രോത്സാഹിപ്പിച്ചു. ഒരു സദസ്സില്‍ ഇരിക്കുമ്പോള്‍ തന്നെ വിവിധ സംഘങ്ങളായി ഇരിക്കുന്നത് നബി(സ്വ) നിരോധിച്ചു. ഒരിക്കല്‍ പള്ളിയില്‍ കടന്നുചെന്നപ്പോള്‍ അനുചരര്‍ വിവിധ സംഘങ്ങളായി ഇരിക്കുന്നത് കണ്ടപ്പോള്‍ നബി(സ്വ) ചോദിച്ചു; നിങ്ങളെ എന്താണ് വിത്യസ്ത സംഘങ്ങളായി കാണുന്നത്? (സുനനുഅബീദാവൂദ്.4823).

ഒരു സദസ്സില്‍ സംബന്ധിക്കമ്പോള്‍ അവിടെയുള്ളവര്‍ക്ക് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു പ്രവര്‍ത്തനവും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല. ദുര്‍ഗന്ധം വമിക്കുന്ന വിധം വെളുത്തുള്ളിയോ, ചുവന്നഉള്ളിയോ തിന്നുകൊണ്ട് സദസ്സിന്‍ പങ്കെടുക്കുന്നത് നബി(സ്വ) വിലക്കി, മറ്റുള്ളവര്‍ക്ക് അരോചകവും അസ്വാസ്ഥ്യം ഉണ്ടാക്കുന്ന വേഷവിധാനങ്ങളോ പുകവലിയോ ശബ്ദശല്യങ്ങളോ ഒന്നും പാടുള്ളതല്ല.

നാം ഇരിക്കുന്ന സദസ്സുകളില്‍ നടക്കുന്ന സംസാരങ്ങളും പ്രവൃര്‍ത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നതായിരിക്കണം. മതത്തെ പരിഹസിക്കുന്ന, വ്യക്തികളെക്കുറിച്ച് ദൂഷണം പറയുന്ന, ഗുഡാലോചനകള്‍ നടത്തുന്ന സദസ്സുകളില്‍ വിശ്വാസി ഭാഗഭാക്കാവാന്‍ പാടില്ല. അല്ലാഹു പറയുന്നു. 'അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കപ്പെടുന്നതായും പരിഹസിക്കപ്പെടുന്നതായും നിങ്ങള്‍ കേട്ടാല്‍ അതല്ലാത്ത മറ്റ് വര്‍ത്തമാനത്തിനു അവര്‍ പ്രവേശിക്കുന്നതു വരെ നിങ്ങള്‍ അവരോടൊപ്പമിരിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിങ്ങളും ആ (കുറ്റത്തില്‍) അവരെപോലെയാകുമെന്നും അല്ലാഹു ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് അവതരിപ്പിച്ചിരിക്കുന്നു (4:140). സദസ്സില്‍ പങ്കെടുക്കുന്നവരെയെല്ലാം വിവേചനമൊന്നും കൂടാതെ പരിഗണിക്കാനും ആദരിക്കാനും കഴിയണം. ഉന്നതരെ ആദരിക്കുകയും. ദുര്‍ബലരെ അവഗണിക്കുകയും ചെയ്യുന്ന രീതി സദസ്സിലുണ്ടാവാന്‍ പാടില്ല. സദസ്സിലേക്ക് കയറിവരുന്ന ആളോടുള്ള ബഹുമാനര്‍ഥം സദസ്സിലിരിക്കുന്ന മറ്റുള്ളവര്‍ എഴുന്നേറ്റു നില്ക്കാറുണ്ട്. എന്നാല്‍ നബി(സ്വ) അനുചരര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനും ആദരണിയനുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കാണുമ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്നിരുന്നില്ല. കാരണം അദ്ദേഹത്തിനു അത് ഇഷ്ടമല്ലെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. താന്‍ കയറിയ സദസ്സിലേക്ക് വരുമ്പോള്‍ സദസ്യര്‍ എഴുന്നേറ്റു നിന്ന് തന്നോട് ആദരവ് കാണിക്കണമെന്ന് വല്ലവരും ആഗ്രഹിച്ചാല്‍ അയാളുടെ ഇരിപ്പിടം നരകമാണെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി.

തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി രഹസ്യ സദസ്സുകള്‍ (ഗൂഢാലോചന)സംഘടിപ്പിക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഏതൊരു സദസ്സില്‍ സംബന്ധിക്കുമ്പോളും ആ സദസ്സിലിരിക്കുന്നവര്‍ക്ക് പുറമെ നിരീക്ഷിക്കാനായി അല്ലാഹു ഉണ്ടെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. ഇത്തരം രഹസ്യ സംഭാഷണ സദസ്സുകളില്‍ പങ്കെടുക്കുന്നത് ഖുര്‍ആന്‍ വിലക്കി. എന്നാല്‍ നന്മക്കും തെറ്റിനെ പ്രതിരോധിക്കാനും രഹസ്യ സംഭാഷണം വേണ്ടി വന്നാല്‍ അത് ആകാവുന്നതാണെന്നും അല്ലാഹു നിര്‍ദേശിച്ചു. 

Feedback