Skip to main content

അഭിവാദന മര്യാദകള്‍

പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന രീതികള്‍ സമൂഹത്തില്‍ വ്യത്യസ്ത തരത്തില്‍ കാണാന്‍ കഴിയും. സാമൂഹിക മര്യാദ എന്ന നിലക്ക് ഒരാളെ സ്വീകരിക്കുമ്പോള്‍ ഇസ്‌ലാം അനുവര്‍ത്തിക്കാന്‍ പറഞ്ഞിട്ടുള്ള അഭിവാദനരീതി ഒരു പ്രാര്‍ഥനയാണ്. ദരിദ്ര സമ്പന്ന വിവേചനമോ, പണ്ഡിത പാമര വിത്യാസമോ സ്ത്രീപുരുഷ ഭേദമോ കൂടാതെ 'അല്ലാഹുവില്‍ നിന്നുള്ള ശാന്തി നിങ്ങളിലുണ്ടാവട്ടെ എന്ന പ്രാര്‍ഥനയാണത്. 'അസ്സലാമുഅലൈക്കും (നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള ശാന്തിയുണ്ടാകും) എന്ന അഭിവാദ്യത്തോട് കൂടി ഹസ്തദാനം ചെയ്യുകയാണ് വേണ്ടത്. ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അഭിവാദന രീതിയില്‍പ്പെട്ടതല്ല. പരിചയമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ സലാം പറയുക എന്നതാണ് പ്രവാചകന്റെ അധ്യാപനം. എണ്ണകൂടുതലുള്ള സംഘത്തോട് എണ്ണകുറവുള്ളവര്‍ സലാം പറയുക, ചെറിയവന്‍ വലിയവനോട് പറയുക രണ്ട് ചെറിയവരെ പ്രായംചെന്ന ആള്‍ കണ്ടാല്‍ പ്രായം ചെന്ന ആള്‍ പറയുക എന്നതാണ് ഇസ്‌ലാമിക രീതി. ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു. ഇസ്‌ലാമിക മര്യാദകളില്‍ ഉത്തമമായത് ഏതാണ്? നബി(സ്വ)പറഞ്ഞു നീ വിശന്നവന് ഭക്ഷണം നല്‍കുക. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക (സ്വഹീഹുല്‍ ബുഖാരി 6236).
 
അമുസ്‌ലിംകളും മുസ്‌ലിംകളും കൂടിക്കലര്‍ന്നിരിക്കുന്ന സദസ്സില്‍ എല്ലാവര്‍ക്കും ഒന്നിച്ച് സലാം പറയുക എന്നതാണ് നബി(സ്വ) സ്വീകരിച്ച രീതി. ഒരിക്കല്‍ മുസ്‌ലിംകളും ബിംബാരധകരും യഹുദികളും കലര്‍ന്നിരിക്കുന്ന ഒരു സദസ്സിനരികിലൂടെ നബി(സ്വ) നടന്നുപോയപ്പോള്‍ അവിടുന്ന് സലാം പറയുകയാണ് ചെയ്തത്. വീട്ടിലേക്കോ മറ്റോ കടന്ന് ചെല്ലുമ്പോള്‍ അനുവാദം ചോദിക്കേണ്ടതിന്റെ മര്യാദ പാലിക്കേണ്ടത് സലാം പറഞ്ഞുകൊണ്ടാണ്.  സലാം പ്രചരിപ്പിക്കുന്നത് വിശ്വാസികള്‍ തമ്മിലുള്ള ആത്മബന്ധം ദൃഢപെടുന്നതിന് കാരണമായിത്തീരുമെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്.

അഭിവാദനത്തിന് അതിനേക്കാള്‍ നല്ലരീതിയില്‍ പ്രത്യദിവാദനം ചെയ്യുക എന്നതാണ് ഇസ്‌ലാമിക രീതി, മുസ്‌ലിംകള്‍ തമ്മിലുള്ള പ്രഥമബാധ്യതയായി നബി (സ്വ) പഠിപ്പിച്ചിള്ളതും കണ്ടുമുട്ടിയാല്‍ സലാം പറയുക എന്നതാണ്. സലാം പറയുന്നത് ഇസ്‌ലാമിക മര്യാദയാണെങ്കിലും സലാം പറയാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമല്ല. സലാം മടക്കേണ്ടത് നിര്‍ബന്ധവുമാണ്. വിശ്വാസികള്‍ തമ്മിലുള്ള സൗഹൃദബന്ധത്തിന് പോലും ചിലപ്പോള്‍ പരിക്കുകളേല്‍ക്കുകയും പിണക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യുക സ്വഭാവികമാണ്. അത്തരം സന്ദര്‍ഭത്തില്‍ ബന്ധം വിഛേദിക്കാതെ, തെറ്റിദ്ധാരണകള്‍ അകറ്റി പുഞ്ചിരിച്ച് സലാം പറഞ്ഞ് ഹസ്തദാനം ചെയ്ത് ബന്ധത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ പുണ്യകരമായ കാര്യമാണെന്ന് നബി തിരുമേനി പഠിപ്പിച്ചു. മൂന്നു ദിവസത്തിലധികം തന്റെ സഹോദരനോട് ഒരു മുസ്‌ലിം പിണങ്ങി നില്‍ക്കാന്‍ പാടില്ല എന്നതാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ആ പിണക്കം ശത്രുതയിലേക്ക് വഴിമാറാതെ ആദ്യം സലാം പറഞ്ഞ് കൊണ്ട് ബന്ധത്തെ നിലനിര്‍ത്തുന്നവനാണ് കൂടുതല്‍ ഉത്തമന്‍

പുരുഷന്മാര്‍ സ്ത്രീകള്‍ക്കും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കും സലാം പറയാവുന്നതാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്കും പറയാവുന്നതാണ് (ഫത്ഹുല്‍ ബാരി 11-39).

Feedback