Skip to main content

അദാഉം ഖദാഉം

ഫര്‍ദ് നമസ്‌കാരത്തിന് നിശ്ചിത സമയമുണ്ട്. ആ സമയത്തിനകത്തുതന്നെ അത് നിര്‍വഹിക്കണം. ഇപ്രകാരം നിശ്ചിത സമയത്തിനകത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതിന് 'അദാഅ്' എന്നും നിശ്ചിത സമയത്തിനു ശേഷം നമസ്‌കാരം നിര്‍വഹിക്കുന്നതിന് 'ഖദാഅ്' എന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നാമകരണം ചെയ്യപ്പെട്ടതായി കാണാം. അദാഅ്, ഖദാഅ് എന്നീ രണ്ടു പദങ്ങളുടെയും അര്‍ഥം നിര്‍വ്വഹണം എന്നതാണ്.

ഒരു മുസ്‌ലിമിന്റെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ ബോധപൂര്‍വം 'ഖദാഅ്' എന്ന പ്രശ്‌നം വരാന്‍ പാടില്ല. കാരണം രോഗം, യാത്ര, യുദ്ധം എന്നിങ്ങനെ ഏത് അവസരത്തിലും നമസ്‌കാരം ഒഴിവാക്കാനോ വീഴ്ചവരുത്താനോ പാടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന രീതിയില്‍ ഇളവുകളുണ്ട്. ഉറക്കം, മറവി എന്നീ കാരണങ്ങളാല്‍ നിശ്ചിത സമയത്തിനകത്ത് നിര്‍വഹിക്കാന്‍ കഴിയാതിരുന്നാല്‍, ഉണര്‍ന്നാലോ ഓര്‍മവന്നാലോ ഉടന്‍ നമസ്‌കരിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ''ഉറക്കത്തില്‍ (നമസ്‌കരിക്കാന്‍ കഴിയാതിരിക്കുന്നത്) വീഴ്ചയല്ല. ഉണര്‍വിലാണ് വീഴ്ച വരുന്നത്. അതിനാല്‍ ഒരാള്‍ നമസ്‌കാരം മറക്കുകയോ അത് നിര്‍വഹിക്കാതെ ഉറങ്ങുകയോ ചെയ്താല്‍ ഓര്‍മ വന്നാല്‍ അത് നിര്‍വഹിക്കട്ടെ.''

ബോധക്കേട് വന്നവന് ആ സമയത്ത് നമസ്‌കരിക്കാന്‍ കഴിയില്ലല്ലോ. അത് ഒരു നമസ്‌കാരത്തിന്റെ സമയം മുഴുവന്‍ നീണ്ടുനിന്നതിനു ശേഷം ഓര്‍മതെളിഞ്ഞാല്‍ വിട്ടുപോയ നമസ്‌കാരം നിര്‍വഹിക്കേണ്ടതില്ല. ഇമാം സുഹ്‌രി, ഹസനുല്‍ബസ്വരി, മുഹമ്മദ്ബ്‌നു സീരീന്‍ എന്നിവരെല്ലാം ആ അഭിപ്രായക്കാരാണ്. ഇബ്‌നു ഉമറി(റ)ന് ഒരിക്കല്‍ ബോധക്ഷയം  ഉണ്ടായി. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം വിട്ടുപോയ നമസ്‌കാരം നിര്‍വഹിച്ചില്ല. 

യാദൃച്ഛികമായി സംഭവിക്കുന്ന മറവിയോ ഉറക്കമോ മൂലം നമസ്‌കാരം വിട്ടുപോകുന്നതിനെക്കുറിച്ചാണ് ഈ പറഞ്ഞത്. എന്നാല്‍ ഒരാള്‍ മന:പൂര്‍വം നമസ്‌കാരം അകാരണമായി ഉപേക്ഷിക്കുന്നു. അയാള്‍ എന്തു ചെയ്യണം? പ്രവാചകന്റെ കാലത്ത് അങ്ങനെ സ്ഥിരമായി നമസ്‌കരിക്കാത്ത 'മുസ്‌ലിം'കള്‍ ഉണ്ടായിരുന്നില്ല. അന്ന് കപടവിശ്വാസികള്‍ പോലും നമസ്‌കരിച്ചിരുന്നു. ഇപ്രകാരം നമസ്‌കരിക്കാത്തവന്‍ ഓരോ നമസ്‌കാരവും 'ഖദാ' വീട്ടണമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇത്തരക്കാര്‍ ഖദാ വീട്ടേണ്ടതില്ലെന്നും അവര്‍ കൂടുതല്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്നുമാണ് ഇബ്‌നുതൈമിയ്യയുടെ അഭിപ്രായം. 

ഇബ്‌നുഹസം വ്യക്തമാക്കുന്നത് കാണുക: ''നമസ്‌കാരം മന:പൂര്‍വം ഉപേക്ഷിച്ചവനെ സംബന്ധിച്ചിടത്തോളം അത് വീണ്ടും നമസ്‌കരിച്ചു തീര്‍ക്കുകയെന്നത് കഴിയാത്ത കാര്യമാണ്. അതിനാല്‍ അന്ത്യനാളില്‍ തന്റെ തുലാസ് ഘനം തൂങ്ങുന്നതിന് അവന്‍ കൂടുതല്‍ നന്മ ചെയ്യുകയും സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യട്ടെ.''

നബി(സ്വ)യുടെ ജീവിതത്തില്‍ ഖന്‍ദഖ് യുദ്ധവേളയില്‍ മാത്രമാണ് ഒരു അസ്വര്‍ നമസ്‌കാരം സമയംവിട്ട് വൈകിപ്പോയത്. ആ നമസ്‌കാരം പ്രവാചകന്‍ പിന്നീട് നമസ്‌കരിച്ചതായാണ് റിപ്പോര്‍ട്ടുള്ളത്. ഇതുതന്നെ യുദ്ധ നമസ്‌കാരം നിയമമാക്കുന്നതിന്റെ മുമ്പായിരുന്നു.

'ഖദാ' ആയ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ വിട്ടുപോയതിന്റെ ക്രമപ്രകാരം നിര്‍വഹിക്കണം. ഒരു ജമാഅത്ത് നമസ്‌കാരം നടക്കുമ്പോള്‍ അതിനു തൊട്ടുമുമ്പുള്ള നമസ്‌കാരം നിര്‍വഹിക്കേണ്ട ഒരാള്‍ പള്ളിയില്‍ കയറി വന്നാല്‍ ജമാഅത്തില്‍ പങ്കെടുക്കുകയും പിന്നീട് 'ഖദാ' ആയ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍മതി. 

Feedback