Skip to main content

ഭയവേളയിലെ നമസ്‌കാരം

യുദ്ധം, ശത്രു ആക്രമണം എന്നിങ്ങനെയുള്ള ഭയവേളകളില്‍ ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും നമസ്‌കാരം പൂര്‍ണമായ നിലയില്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ സാധിക്കുന്ന വിധത്തില്‍ നിര്‍വഹിക്കാന്‍ മതത്തില്‍ ഇളവുണ്ട്. നബി(സ്വ)യുടെ കാലത്ത് മുസ്‌ലിംകളെ ഭയപ്പെടുത്തിയിരുന്ന പ്രധാന പ്രശ്‌നം യുദ്ധമായിരുന്നു. അതിനാല്‍ യുദ്ധരംഗത്ത് നമസ്‌കരിക്കേണ്ട വിധത്തെ സംബന്ധിച്ചാണ് ഖുര്‍ആനിലും ഹദീസിലും വിവരിച്ചിട്ടുള്ളത്; അതുതന്നെ ആ കാലഘട്ടത്തിലെ യുദ്ധരീതി കണക്കിലെടുത്തും. ഇങ്ങനെ നമസ്‌കരിക്കുന്നതിന് സ്വലാത്തുല്‍ ഖൗഫ് എന്നു പറയുന്നു.

ഇന്ന് ഭയ കാരണങ്ങളും യുദ്ധരീതിയും വ്യത്യാസപ്പെട്ടിട്ടുണ്ട്. എങ്കിലും ഖുര്‍ആനിലെയും ഹദീസിലെയും പൊതുനിര്‍ദേശത്തില്‍ നിന്ന് ഭയവേളകളിലും നമസ്‌കാരം ഉപേക്ഷിക്കരുതെന്നും പരമാവധി ഏതു ഘട്ടത്തിലും ജമാഅത്തായിത്തന്നെ നമസ്‌കരിക്കണമെന്നും മനസ്സിലാക്കാം. അതു പാലിക്കല്‍ മുസ്‌ലിംകളുടെ ബാധ്യതയുമാണ്. യുദ്ധവേളയില്‍ പ്രവാചകന്റെ കാലത്ത് നമസ്‌കരിച്ച വിവിധ രൂപങ്ങള്‍ ഹദീസുകളിലുണ്ട്. ശത്രു ഖിബ്‌ലക്ക് അഭിമുഖമായാണോ പുറംതിരിഞ്ഞാണോ, ഭയത്തിന്റെ തോത് എത്രയുണ്ട് എന്നീ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് വിവിധ രൂപങ്ങളുണ്ടായത്. 

വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ച ഒരു രൂപം ഇപ്രകാരമാണ്: ''(നബിയേ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെകൂടെ നില്ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്തു കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറി നില്ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റേവിഭാഗം വന്ന് നിന്റെകൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈകൊള്ളുകയും തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും നിങ്ങളുടെ സാധനങ്ങളെ പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍ നിങ്ങളുടെ നേരെതിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാവുകയോ, നിങ്ങള്‍ രോഗബാധിതരാവുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകതന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്'' (4:102). 

ഈ ആയത്തില്‍ എത്ര റക്അത്ത് വേണം നമസ്‌കാരത്തിനെന്ന് പറഞ്ഞിട്ടില്ല. അത് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഭയവേളയിലും ജമാഅത്ത് നമസ്‌കാരം ഒഴിവാക്കരുത്, ശത്രുവിന്റെ ആഗമനത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം എന്നീ പൊതുകാര്യങ്ങള്‍ ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. 

നാലു റക്അത്തുള്ള നമസ്‌കാരം രണ്ടു റക്അത്തായി ചുരുക്കിയും നമസ്‌കരിക്കാവുന്നതാണ്. ഹദീസുകളില്‍ വന്ന ചില രൂപങ്ങള്‍ താഴെ കൊടുക്കുന്നു: 

1) സ്വുബ്ഹ് നമസ്‌കാരമാണെങ്കില്‍ ഇമാം ഒരു സംഘവുമായി നമസ്‌കാരം തുടങ്ങുക. ഒരു സംഘം ശത്രുവിനെ അഭിമുഖീകരിച്ചു നില്ക്കുക. ഇമാം ഒരു റക്അത്ത് ആ സംഘത്തോടുകൂടി നമസ്‌കരിച്ച് രണ്ടാം റക്അത്തിലേക്ക് എഴുന്നേറ്റു നില്ക്കുക. ഈ സമയത്ത് കൂടെ നമസ്‌കരിക്കുന്നവര്‍ സ്വന്തമായി ഒരു റക്അത്ത് നമസ്‌കരിച്ച് ശത്രുവിന്റെ ഭാഗത്തേക്ക് പോവുക. അവര്‍ അവിടെ എത്തിയാല്‍ ശത്രുവിനെ അഭിമുഖീകരിച്ച് നില്ക്കുന്നവര്‍ വന്ന് ഇമാമിനെ തുടരുക. ഇമാം അവരുടെ കൂടെ ഒരു റക്അത്ത് നമസ്‌കരിച്ച് തശഹ്ഹുദില്‍ ഇരിക്കുക. മഅ്മൂമുകള്‍ എഴുന്നേറ്റ് ഒരു റക്അത്ത് കൂടി നമസ്‌കരിക്കുക. അവര്‍ തശഹ്ഹുദ് ഓതിക്കഴിഞ്ഞാല്‍ അവരെയും കൂട്ടി ഇമാം സലാം വീട്ടുക. ഇപ്പോള്‍ എല്ലാവര്‍ക്കും രണ്ടു റക്അത്ത് ലഭിച്ചു. ശത്രു ഖിബ്‌ലക്ക് എതിര്‍ വശത്താകുമ്പോഴാണ് ഈ രീതി. 

2) ഇമാം ഒരോ സംഘത്തെയുംകൊണ്ട് പൂര്‍ണമായ രണ്ടു റക്അത്ത് നമസ്‌കരിക്കുക. ഇങ്ങനെ നമസ്‌കരിക്കുമ്പോള്‍ ഇമാമിന് ആദ്യത്തെ രണ്ട് റക്അത്ത് ഫര്‍ദും രണ്ടാമത്തെ രണ്ടു റക്അത്ത് സുന്നത്തുമായി പരിഗണിക്കപ്പെടും. 

3) ശത്രു ഖിബ്‌ലക്ക് അഭിമുഖമാണെങ്കില്‍ ഇമാം തന്നോടൊപ്പമുള്ളവരെ മുഴുവന്‍ രണ്ടുവരിയായി നിര്‍ത്തി ഒന്നിച്ചു നമസ്‌കാരം തുടങ്ങുക. സുജൂദുവരെ എല്ലാവരും ഇമാമിനെ തുടരുക. ഇമാം സുജൂദിലേക്ക് പോകുമ്പോള്‍ തൊട്ടു പിന്നിലുള്ളവര്‍ സുജൂദ് ചെയ്യുക. രണ്ടാം വരിയിലുള്ളവര്‍ ശത്രുവിനെ നോക്കി നില്ക്കുക. സുജൂദില്‍ നിന്ന് നിവര്‍ന്നാല്‍ രണ്ടാം വരിയിലുള്ളവര്‍ സുജൂദ് ചെയ്യുക. ഒന്നാം വരിയിലുള്ളവര്‍ ശത്രുവിനെ നോക്കി നില്ക്കുക. ഇപ്രകാരം ഒരു റക്അത്ത് കഴിഞ്ഞാല്‍ ആദ്യ വരിയിലുള്ളവര്‍ പിന്നിലേക്കും രണ്ടാം വരിയിലുള്ളവര്‍ മുമ്പിലേക്കും മാറി നില്ക്കുക. പിന്നെ എല്ലാവരും ഇമാമിനെ സുജൂദ് വരെ ഒന്നിച്ച് തുടരുക. മുന്‍പറഞ്ഞതുപോലെ ഇമാം രണ്ടാമത്തെ റക്അത്തില്‍ സുജൂദ് ചെയ്യുമ്പോള്‍ മുന്‍വരിയിലുള്ളവര്‍ സുജൂദ് ചെയ്യുക. അവര്‍ സുജൂദില്‍ നിന്ന് എഴുന്നേറ്റാല്‍ പിന്‍നിരയിലുള്ളവര്‍ സുജൂദ് ചെയ്യുക. പിന്നീട് എല്ലാവരും തശഹ്ഹുദ് ഓതി സലാം വീട്ടുക. 

4) ഇമാം രണ്ടുസംഘത്തെയും കൊണ്ട് നമസ്‌കരിക്കുക. ഓരോ സംഘവും ഇമാമോടുകൂടി ഒരു റക്അത്ത് നമസ്‌കരിക്കുക. അപ്പോള്‍ ഇമാമിനു രണ്ടു റക്അത്തും മറ്റുള്ളവര്‍ക്ക് ഒരു റക്അത്തുമായി.

വേറെയും രൂപങ്ങള്‍ വിധങ്ങള്‍ ഹദീസു ഗ്രന്ഥങ്ങളില്‍ കാണുന്നു. ആധുനിക യുദ്ധരംഗത്ത് ശത്രുവിനെ നേര്‍ക്കു നേരെ അഭിമുഖീകരിക്കാനോ സേനയെ രണ്ടുവരിയാക്കാനോ ഉള്ള അവസരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഖിബ്‌ലക്ക് അഭിമുഖം, എതിര്‍മുഖം എന്ന വേര്‍തിരിവിനും ചിലപ്പോള്‍ പ്രസക്തിയുണ്ടാവില്ല. ശത്രുവിന്റെ ആക്രമണം ഒളിഞ്ഞും ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തു നിന്നും ആകാശത്തുകൂടിയുമൊക്കെ ആകാം. ഇത്തരം ഘട്ടങ്ങളില്‍ ഖുര്‍ആന്‍ പ്രസ്താവിച്ചപോലെ നടന്നുകൊണ്ടോ വാഹനത്തിലിരുന്നു കൊണ്ടോ നമസ്‌കരിക്കാം.

നാലു റക്അത്തും രണ്ടു റക്അത്തുമുള്ള നമസ്‌കാരങ്ങളില്‍ സ്വലാത്തുല്‍ ഖൗഫ് നിര്‍വഹിക്കേണ്ട വിധങ്ങളാണ് ഹദീസിലുള്ളത്. മഗ്‌രിബ് നമസ്‌കാരത്തിന്റെ രൂപം കാണപ്പെടുന്നില്ല. പ്രവാചകന്റെ കാലത്ത് യുദ്ധം രാത്രിയില്‍ ഉണ്ടായിരുന്നില്ല എന്നതാകാം അതിനു കാരണം. അതിനാല്‍ എപ്രകാരമാണത് നിര്‍വഹിക്കേണ്ടതെന്നതിനെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഇമാം ഒരു സംഘവുമായി രണ്ടു റക്അത്തും മറ്റേ സംഘവുമായി ഒരു റക്അത്തും നമസ്‌കരിക്കണമെന്ന് ഹനഫികളും മാലികികളും അഭിപ്രായപ്പെടുമ്പോള്‍ ആദ്യ സംഘവുമായി ഒരു റക്അത്തും രണ്ടാമത്തെ സംഘവുമായി രണ്ടു റക്അത്തും നമസ്‌കരിക്കണമെന്ന് ഹമ്പലികളും അഭിപ്രായപ്പെടുന്നു. 

Feedback