Skip to main content

നമസ്‌കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍

കരച്ചില്‍


നമസ്‌കരിക്കുമ്പോള്‍ അല്ലാഹുവിനെ ഓര്‍ത്തോ, ഖുര്‍ആന്‍ പാരായണ വേളയില്‍ ചിന്തിച്ചുകൊണ്ടോ, സുജൂദില്‍ പാപമോചനത്തിന് അര്‍ഥിച്ചുകൊണ്ടോ കരയുന്നതിന് വിരോധമില്ല. കാരണം വിനയവും ഭക്തിയും പശ്ചാത്താപചിന്തയും ഉണ്ടാകുമ്പോഴുള്ള ഒരവസ്ഥയാണത്. മനസ്സിലെ വികാരം നിയന്ത്രണം വിട്ടു കരച്ചിലായി പുറത്തേക്കു വരുന്നു. ഇത്തരം  അവസ്ഥ സത്യവിശ്വാസികള്‍ക്കുണ്ടാകുമെന്ന് ഖുര്‍ആന്‍ പറയുന്നു: ''പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്ന വരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്'' (19:58). 

നബി(സ്വ) നമസ്‌കരിക്കുമ്പോള്‍ ഏങ്ങിക്കരയാറുണ്ടായിരുന്നു. ബദ്ര്‍ യുദ്ധദിനത്തില്‍ നബി(സ്വ) പുലരുവോളം നമസ്‌കരിച്ചുവെന്നും ഏങ്ങിക്കരഞ്ഞുകൊണ്ട് അല്ലാഹുവിനോട് സഹായാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും ഹദീസുകളില്‍ കാണാം. നബി(സ്വ)യെപ്പോലെത്തന്നെയായിരുന്നു സ്വഹാബിമാരും. അബൂബക്‌റി(റ)നെ ക്കുറിച്ച് ആഇശ(റ) ഇപ്രകാരം പറയുന്നു: പ്രവാചകന്‍ മരണപ്പെട്ട രോഗത്തെക്കുറിച്ചുള്ള ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ്വ) പറഞ്ഞു: ''ജനങ്ങളുമായി നമസ്‌കരിക്കുവാന്‍ അബൂബക്‌റി(റ)നോട് നിങ്ങള്‍ കല്പിക്കുവിന്‍.'' ആഇശ(റ) പറഞ്ഞു: ''ദൈവദൂതരേ, അബൂബക്ര്‍ ലോലമനസ്‌കനാണ്. കണ്ണീര്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്നാവില്ല. അദ്ദേഹം ഖുര്‍ആന്‍ ഓതിയാല്‍ കരഞ്ഞുപോകും.'' 

ആഇശ(റ) പറയുകയാണ്: ''ഞാന്‍ അങ്ങനെ പറഞ്ഞത്, നബി(സ്വ) നിന്ന സ്ഥാനത്ത് ആദ്യമായി നില്ക്കുന്ന ആള്‍ എന്ന നിലയില്‍ അബൂബക്ര്‍ നിമിത്തം ജനങ്ങള്‍ക്ക് കുറ്റം വന്നുഭവിക്കുന്നത് ഇഷ്ടപ്പെടാത്തതു കൊണ്ടായിരുന്നു.''

ഉമര്‍ ഫാറൂഖ്(റ) സൂറത്തു യൂസുഫ് ഓതി സ്വുബ്ഹ് നമസ്‌കരിച്ചപ്പോള്‍ ''എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവിനോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുണ്ട്''(യൂസുഫ്: 86). എന്ന വചനത്തിലെത്തിയപ്പോള്‍ ഉറക്കെ കരഞ്ഞതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉപദ്രവം നീക്കല്‍


ദോഷകാരികളായ തേള്‍, സര്‍പ്പം എന്നിവ നമസ്‌കരിക്കുന്നവന്റെ നേരെ വന്നാല്‍ അവയെ കൊല്ലാവുന്നതാണ്. പ്രവാചകന്റെ കാലത്ത് പള്ളി ഇന്നത്തെപ്പോലെയായിരുന്നില്ലല്ലോ. തറയില്‍ പൂഴിയായിരുന്നു. ചെറിയ വിഷജീവികള്‍ മണലിലൂടെ സഞ്ചരിച്ച് നമസ്‌കരിക്കുന്നവര്‍ക്ക് ശല്യം ചെയ്തിട്ടുണ്ടാവാം. ആ സമയത്ത് പ്രവാചകന്‍ പറഞ്ഞു: ''നമസ്‌കാരവേളയില്‍ സര്‍പ്പത്തെയും തേളിനെയും നിങ്ങള്‍ കൊല്ലുക'' (അഹ്മദ്).

പള്ളിയില്‍ വെച്ചല്ലാതെ പാടത്തോ പറമ്പിലോ നമസ്‌കരിക്കുമ്പോഴും പള്ളിയില്‍ തന്നെയാകുമ്പോഴും അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതിനു തടസ്സമില്ലെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. 

കുറഞ്ഞ നടത്തം


നബി(സ്വ) വീട്ടില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഇശ(റ) വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ഖിബ്‌ലക്ക് നേരെയായിരുന്ന വാതില്‍ പ്രവാചകന്‍ തുറന്നുകൊടുത്തു (അഹ്മദ്, അബൂദാവൂദ്, നസാഈ). ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നമസ്‌കാരത്തില്‍ കുറഞ്ഞ തോതില്‍ നടക്കേണ്ടി വന്നാല്‍അതിനു വിരോധമില്ലെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 

യുദ്ധവേളയില്‍ നടന്നുകൊണ്ടോ വാഹനപ്പുറത്തിരുന്നോ നമസ്‌കരിക്കാമെന്ന് ഖുര്‍ആന്‍ തന്നെ പ്രസ്താവി ച്ചിട്ടുണ്ടല്ലോ. ''നിങ്ങള്‍ (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ (നിങ്ങള്‍ക്ക് നമസ്‌കരിക്കാം)'' (2:239). 

കുട്ടികളെ ചുമക്കല്‍


വലിയവര്‍ നമസ്‌കരിക്കുമ്പോള്‍ കൊച്ചു കുട്ടികള്‍ ചുമലിലോ പുറത്തോ കയറിയിരുന്നാല്‍ നമസ്‌കാരത്തിന് തടസ്സമില്ല. നബി(സ്വ) നമസ്‌കരിക്കുമ്പോള്‍ പേരക്കുട്ടി  ഉമാമ അങ്ങനെ ചെയ്തിരുന്നു. അത് സ്വുബ്ഹ് നമസ്‌കാരത്തിലായിരുന്നുവെന്ന് ഇമാം അഹ്മദും നസാഈയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹസന്‍ അല്ലെങ്കില്‍ ഹുസൈന്‍(റ)നെ ചുമന്നുകൊണ്ട് നബി(സ്വ) നമസ്‌കരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടി ചുമലില്‍ കയറി ഇരിക്കുകയാല്‍ പ്രവാചകന്‍ സുജൂദ് ദീര്‍ഘിപ്പിക്കുകയുണ്ടായി. 

സലാം മടക്കല്‍


നമസ്‌കരിക്കുന്നവനോട് സലാം പറഞ്ഞാല്‍ ആംഗ്യംകൊണ്ട് സലാം മടക്കാം. നബി(സ്വ) ജാബിറുബ്‌നു അബ്ദില്ല(റ)യെ ഒരു കാര്യത്തിന്നയച്ചു. അദ്ദേഹം മടങ്ങിവന്നപ്പോള്‍ നബി(സ്വ) നമസ്‌കരിക്കുകയായിരുന്നു. അദ്ദേഹം നബി(സ്വ)യോട് സലാം ചൊല്ലി. നബി(സ്വ) ആംഗ്യത്താല്‍ സലാം മടക്കി (മുസ്‌ലിം, അഹ്മദ്).

ഖുര്‍ആന്‍ നോക്കി ഓതല്‍


ഖുര്‍ആന്‍ കൂടുതല്‍ ഓതി നമസ്‌കരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് മന:പാഠമില്ലാത്ത പക്ഷം മുസ്വ്ഹഫ് നോക്കി ഓതാവുന്നതാണ്. മുസ്വ്ഹഫ് മറിക്കല്‍ കൊണ്ട് നമസ്‌കാരം ബാത്വിലാവുകയില്ലെന്ന് ഇമാം നവവി അഭിപ്രായപ്പെടുന്നു. മുസ്വ്ഹഫിലോ മറ്റേതെങ്കിലും വസ്തുവിലോ നോക്കിയാല്‍എത്ര ദീര്‍ഘിച്ചാലും- അത് നമസ്‌കാരത്തിന് ഭംഗം വരുത്തുകയില്ലെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെടുന്നു. 

Feedback