Skip to main content

നമസ്‌കാരം അസാധുവാക്കുന്ന കാര്യങ്ങള്‍

മനഃപൂര്‍വം സംസാരിക്കുക
നമസ്‌കരിക്കുന്നവര്‍ ലൗകികമായ സംസാരങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. ആദ്യകാലത്ത് മുസ്‌ലിംകള്‍ അങ്ങനെ ചെയ്തിരുന്നു. പിന്നീട് അത് നിരോധിക്കപ്പെട്ടു.
  
''സൈദുബ്‌നു അര്‍ഖം പറയുന്നു: ഞങ്ങള്‍ നമസ്‌കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ തന്റെ സഹോദരനോട് തന്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ആ ഘട്ടത്തില്‍ ഈ വചനമിറങ്ങി: 'നിങ്ങള്‍ നമസ്‌കാരത്തില്‍ സൂക്ഷ്മത പാലിക്കുക. പ്രത്യേകിച്ചും മധ്യ (അസ്വർ) നമസ്‌കാരത്തില്‍. ഒതുക്കത്തോടെ അല്ലാഹുവിനുവേണ്ടി നിന്നു നമസ്‌കരിക്കുക.' അപ്പോള്‍ നിശ്ശബ്ദത പാലിക്കാന്‍ ഞങ്ങള്‍ കല്പിക്കപ്പെട്ടു'' (ബുഖാരി: 426, മുസ്‌ലിം: 539). 

നമസ്‌കാരത്തിലില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചെയ്യുക
ആവശ്യമില്ലാതെ നടക്കുക, തുടര്‍ച്ചയായി കൈ അനക്കുകയോ വെറുതെ കുടയുകയോ ചെയ്യുക എന്നിവയെ ല്ലാം നമസ്‌കാരത്തെ അസാധുവാക്കും.

ആഹാരപാനീയങ്ങള്‍ കഴിക്കുക
നമസ്‌കരിക്കുമ്പോള്‍ തിന്നുക, കുടിക്കുക എന്നിവ പാടില്ല. അങ്ങനെ ചെയ്താല്‍ നമസ്‌കാരം ശരിയാവുകയില്ല.

വുദൂ മുറിയുക
സലാം വീട്ടുന്നതിനു മുമ്പെ കീഴ്‌വായു പുറപ്പെടുകയോ മൂത്രം ഇറ്റിവീഴുകയോ രക്തസ്രാവമുണ്ടാവുകയോ ചെയ്താല്‍ നമസ്‌കാരം അസാധുവാകും. വിട്ടുമാറാത്ത മൂത്രസ്രാവമോ രക്തസ്രാവമോ ഉള്ളവര്‍ക്ക് ഇത് ബാധകമല്ല. 

ചിരി, തൊണ്ടയനക്കല്‍ എന്നിങ്ങനെയുള്ളവ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. തൊണ്ടയനക്കല്‍ കൊണ്ടുദ്ദേശി ക്കുന്നത് മറ്റൊരാളുടെ ശ്രദ്ധ തിരിക്കാന്‍ ശബ്ദം പുറപ്പെടുവിക്കലാണ്. എന്നാല്‍ പുഞ്ചിരികൊണ്ട് നമസ്‌കാരം  അസാധുവാകുകയില്ല.

ഖിബ്‌ലക്ക് എതിരായി നില്ക്കുക
നമസ്‌കാരത്തില്‍ ഖിബ്‌ലക്ക് അഭിമുഖമായി നില്ക്കണമല്ലോ. ഒരാള്‍ മന:പൂര്‍വം അതിനെതിരെ നിന്നാല്‍ നമസ്‌കാരം സ്വീകാര്യമാകില്ല. മന:പൂര്‍വമല്ലാതെ എതിര്‍വശത്തേക്ക് തിരിഞ്ഞുനിന്ന് നമസ്‌കരിക്കുന്നതു കൊണ്ട് വിരോധമില്ല. 
 

Feedback