Skip to main content

ബിദ്അത്തായ നമസ്‌കാരങ്ങള്‍

നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ട അഞ്ചുനേരത്തെ നമസ്‌കാരവും ജുമുഅയും ഉള്ളതിനുപുറമെ നബി(സ്വ) കാണിച്ചുതന്ന ഏതാനും ഐഛിക നമസ്‌കാരവും മുസ്‌ലിംകള്‍ക്ക് നിര്‍വഹിക്കാനുണ്ട്. എന്നാല്‍ പ്രത്യേക പുണ്യമുണ്ടെന്ന് കരുതി നബി(സ്വ) പഠിപ്പിച്ചതല്ലാത്ത ഏതെങ്കിലും പേരില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതും പതിവാക്കുന്നതും മതത്തില്‍ പുതിയ ആചാരമുണ്ടാക്കലാണ്. ഇങ്ങനെ പുതിയ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ചെയ്യുന്നത് ബിദ്അത്താണ്. ബിദ്അത്തുകള്‍ നബി(സ്വ) വിലക്കിയതാണ്. അത്തരത്തില്‍ ചിലയാളുകള്‍ നിര്‍വഹിച്ചുപോരുന്ന ചില നമസ്‌കാരങ്ങള്‍ താഴെ പറയുന്നു.

1. സ്വലാത്തുല്‍ ഖദ്ര്‍

മുമ്പുകാലത്ത് ചില പ്രദേശങ്ങളില്‍ റമദാനില്‍ തറാവീഹ് നമസ്‌കാരാനന്തരം അവസാന രാത്രിയില്‍ നൂറു റക്അത്ത് 'സ്വലാത്തുല്‍ ഖദ്ര്‍' എന്ന പേരില്‍ നടത്തപ്പെട്ടിരുന്നു. ഇതിന് ഇസ്‌ലാമില്‍ അടിസ്ഥാനമില്ല (ഫതാവാ ഇബ്‌നു തൈമിയ്യ 23:122).

2. സ്വലാതുര്‍റഗാഇബ്

ഈ പേരില്‍ നടത്തിവരുന്ന നമസ്‌കാരം ബിദ്അത്താകുന്നു. ശഅ്ബാന്‍ പതിനഞ്ചിനോ മിഅ്‌റാജ് രാവിനോ നബി(സ്വ) ഒരുവിധ പ്രാധാന്യവും പഠിപ്പിച്ചിട്ടില്ലാത്തതിനാല്‍ ആ രാത്രികളില്‍ പ്രത്യേകം നടത്തുന്ന നൂറ് റക്അത്തുള്ള നമസ്‌കാരത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല.

3. ഖുത്വുബിയ്യത്തിനു മുമ്പുള്ള നമസ്‌കാരം

ശിര്‍ക്കും ബിദ്അത്തുമായ 'ഖുത്വുബിയ്യത്ത്' എന്ന ആചാരം നടത്തുന്നതിനു മുമ്പ് പന്ത്രണ്ടു റക്അത്ത് നമസ്‌കരിക്കണമെന്ന് പറയപ്പെടുന്നു. ഖുത്വുബിയ്യത്തോ ഈ നമസ്‌കാരമോ നബി(സ്വ) സുന്നത്താക്കിയതല്ലെന്ന് മാത്രമല്ല; മതവിരുദ്ധമായതും മതത്തില്‍ നിന്ന് ഭ്രഷ്ടായിത്തീരുന്നതുമായ പ്രവര്‍ത്തനമാണിത്.

4. സ്വലാതുത്തസ്ബീഹ്

ഈ പേരില്‍ ഒരു നമസ്‌കാരം ചില സ്ഥലങ്ങളില്‍ നിര്‍വഹിക്കപ്പെട്ടുവരുന്നു. ഇതു സംബന്ധമായി ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ പ്രമാണയോഗ്യമല്ല. നമസ്‌കാരത്തിലെ നിര്‍ത്തത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യലാണ് നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുള്ളത്. അതില്‍നിന്ന് അല്പം വ്യത്യാസം മയ്യിത്ത് നമസ്‌കാരത്തിനു മാത്രമാണുള്ളത്. പ്രത്യേകരൂപം നിഷ്‌കര്‍ഷിച്ചുകൊണ്ട് 'തസ്ബീഹ്' എന്ന പേരില്‍ ഒരു നമസ്‌കാരം പ്രവാചകന്‍ ഈ സമുദായത്തെ പഠിപ്പിച്ചിട്ടില്ല. അവിടുന്ന് നിര്‍വഹിച്ചിട്ടുമില്ല.

നബി(സ്വ) മാതൃക കാണിക്കാത്ത ഒരു അനുഷ്ഠാനം പുതുതായി ആരെങ്കിലും ആവിഷ്‌കരിച്ചാല്‍ അത് ബിദ്അത്താകുന്നു. ബിദ്അത്തുകള്‍ വഴികേടാണ്. ആഇശ(റ) പറയുന്നു: നമ്മുടെ നിര്‍ദേശമില്ലാത്ത ഒരു കര്‍മം ആരെങ്കിലും ചെയ്താല്‍ അത് തള്ളേണ്ടതാകുന്നു (മുസ്‌ലിം).

Feedback