Skip to main content

അല്‍ മുതവക്കില്‍ അലല്ലാഹ്

അബ്ബാസി ഖിലാഫത്ത് രണ്ടാം ഘട്ടത്തിലെ ആദ്യ ഭരണാധികാരിയാണ് മുഅ്തസിമിന്റെ പുത്രനും വാസിഖിന്റെ അര്‍ധ സഹോദരനുമായ ജഅ്ഫര്‍. ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ മുതവക്കില്‍ അലല്ലാഹ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. ക്രി. 847ലാണ് (ഹി. 232) ഈ അധികാരാരോഹണം.

മുതവക്കിലിന്റെ ഭരണകാലം സമാധാന പൂര്‍ണമായിരുന്നു. ഇക്കാലത്ത് ഐശ്വര്യവും സമൃദ്ധിയും നാട്ടില്‍ കളിയാടി. അബൂബക്ര്‍ സിദ്ദീഖ്, ഉമറുബ്‌നു അബ്്ദുല്‍ അസീസ് എന്നിവരോടാണ് മുതവക്കിലിനെ ഇബ്‌നുകസീര്‍ സാമ്യപ്പെടുത്തിയത് (അല്‍ ബിദായ വന്നിഹായ 10/445).

മുതവക്കിലിന്റെ ഏറ്റവുംവലിയ പ്രത്യേകത മുഅ്തസിലുകള്‍, ശീഈകള്‍ എന്നിവരോട് കടുത്ത നിലപാട് സ്വീകരിച്ചുവെന്നതാണ്. ഖുര്‍ആന്‍ സൃഷ്ടിവാദം പോലുള്ള ചര്‍ച്ചകള്‍ തന്നെ അദ്ദേഹം നിരോധിച്ചു. തിരുനബി(സ്വ)യുടെ നാലു ഖലീഫമാരെയും ആഇശ(റ) യെയും അധിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കി. കര്‍ബലയില്‍ ഹുസൈന്റെ ഖബറില്‍ കെട്ടിപ്പൊക്കിയ കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തു. ബിദ്അത്തുകള്‍ ക്കെതിരെയും ഖലീഫ കര്‍ശന നിലപാടെടുത്തു.

സൈന്യത്തിലെയും ഭരണത്തിലെയും തുര്‍ക്കി ആധിപത്യം കുറക്കാനും മുതവക്കില്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനം ദമസ്‌കസിലേക്ക് മാറ്റാന്‍ ആഗ്രഹിച്ചു. പക്ഷേ നടന്നില്ല. മാത്രമല്ല ഈ ശ്രമം അദ്ദേഹത്തിന്റെ വധത്തില്‍ കലാശിക്കുകയും ചെയ്തു.

ക്രി. 861(ഹി.247)ലായിരുന്നു മുതവക്കിലിന്റെ ദാരുണാന്ത്യം; 40-ആം വയസ്സില്‍. 15 വര്‍ഷമാണ് അദ്ദേഹം ഭരണചക്രം  തിരിച്ചത്.

Feedback