Skip to main content

അല്‍ അമീന്‍

മരിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഹാറൂന്‍ റശീദ് പിന്‍ഗാമികളെക്കുറിച്ച് വസ്വിയ്യത്ത് എഴുതുകയും അത് കഅ്ബയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. അതുപ്രകാരം ഇളയപുത്രന്‍ അമീന്‍ (ക്രി. 808-813)  ആദ്യത്തെയും മൂത്തപുത്രന്‍ മഅ്മൂന്‍ രണ്ടാമത്തെയും കിരീടാവകാശിയായി.

ഹി.193ല്‍ കലാപം അടിച്ചൊതുക്കാന്‍ ഖുറാസാനിലേക്ക് പോയ ഹാറൂന്‍ സൈനിക നേതൃത്വം മഅ്മൂനെ ഏല്‍പ്പിച്ചപ്പോള്‍ ഭരണചുമതല അമീനെയാണ് ഏല്‍പിച്ചത്. സൈനികയാത്രയില്‍ ത്വൂസില്‍വെച്ച് ഹാറൂന്റശീദ് മരണപ്പെട്ടതോടെ ഖിലാഫത്ത് പൂര്‍ണമായും അമീന്‍ കൈയാളുകയായിരുന്നു.

ഹി.170ല്‍, ഹാശിമീ വംശജ സുബൈദയിലാണ് ഹാറൂന് അമീന്‍ ജനിക്കുന്നത്. ഹാറൂന്‍ ഖിലാഫത്ത് ഏറ്റെടുത്ത് ആറുമാസം കഴിഞ്ഞായിരുന്നു ഈ ജനനം. അബൂഅബ്ദില്ല മുഹമ്മദ് അല്‍ അമീന്‍ എന്ന് പൂര്‍ണനാമം.

സുന്ദരനും ശക്തനുമായ അമീന്‍ മല്ലയുദ്ധത്തില്‍ സിംഹത്തെ വധിച്ചതായി ചരിത്രകാരന്‍ സുയൂത്വി പറയുന്നു. കാവ്യ-സാഹിത്യാഭിരുചിയുമുണ്ടായിരുന്നു. എന്നാല്‍ ഭരണ നിപുണതയും കാര്യശേഷിയും വേണ്ടത്ര ഉണ്ടായിരുന്നുമില്ല. ഭാര്യ സുബൈദയുടെ സമ്മര്‍ദം മൂലമാണ് ഇളയവനായ അമീന് ആദ്യം ഖിലാഫത്ത് നല്‍കാന്‍ ഹാറൂന്‍ തയ്യാറായത്.

അതേസമയം, പടിഞ്ഞാറേ ഇറാന്‍, ഇറാഖ് മുതല്‍ ആഫ്രിക്ക വരേയുള്ള രാജ്യങ്ങളില്‍ അമീനിനും ഇറാന്റെ കൂടുതല്‍ ഭാഗങ്ങളും സിന്ധുനദി വരേയുള്ള രാജ്യങ്ങളും മഅ്മൂനിനും നല്‍കി എന്നും ചരിത്രത്തില്‍ കാണുന്നു. ബഗ്ദാദ് അമീനും മര്‍വ് മഅ്മൂനും തലസ്ഥാനങ്ങളാക്കി.
    
മഅ്മൂന്‍ സഹോദരന്‍ അമീനെ അംഗീകരിക്കുകയും ബൈഅത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് അമീന്‍ മഅ്മൂനിനെ രണ്ടാം കിരീടാവകാശി സ്ഥാനത്ത് നിന്നും നീക്കി സ്വന്തം പുത്രന്‍ മൂസായെ കിരീടാവകാശിയാക്കി. മര്‍വില്‍ നിന്നും മഅ്മൂനിനെ പുറത്താക്കുകയും ചെയ്തു. തന്റെ ഉപദേശികളുടെ പ്രേരണയാലാണ് ഇതെല്ലാം നടത്തിയത്.

ഇക്കാലത്ത് ബഗ്ദാദ് സാംസ്‌കാരിക ജീര്‍ണതയിലകപ്പെട്ടിരുന്നു. വെപ്പാട്ടികളും നര്‍ത്തകിമാരും അന്തപ്പുരങ്ങളില്‍ നിറഞ്ഞു. വിദൂഷകരും ജോത്സ്യന്മാരും സംഗീതവിദ്വാന്മാരും രാജസദസ്സ് കയ്യടക്കി. ഖലീഫ അമീന്‍, സുപ്രധാന സംഭവങ്ങള്‍ നടക്കുമ്പോള്‍ പോലും ടൈഗ്രീസില്‍ മീന്‍ പിടിക്കാറായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.

ഇതിനിടെ ഹി.197ല്‍ മഅ്മൂന്‍ ബഗ്ദാദ് അക്രമിച്ചു. മൂന്നു സൈന്യങ്ങളുടെ ത്രിമുഖാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാത്ത അമീന്‍ ബഗ്ദാദ് വിട്ടു. ടൈഗ്രീസ് കടന്ന് ഒരു വീട്ടില്‍ അഭയം തേടിയ അദ്ദേഹത്തെ മഅ്മൂന്റെ സേനാനായകരിലൊരാളായ ത്വാഹിറിന്റെ സൈനികര്‍ വധിക്കുകയായിരുന്നു. മഅ്മൂന്റെ സമ്മതമില്ലാതെയായിരുന്നു ഈ കുരുതി.

അതോടെ ക്രി.813(ഹി.198)ല്‍ അമീനിന്റെ ഖിലാഫത്തിന് അന്ത്യമായി. നാലര വര്‍ഷമായിരുന്നു  അദ്ദേഹത്തിന്റെ ഭരണം.


 

Feedback