Skip to main content

അല്‍മുഅ്തമിദ് അലല്ലാഹ്

അല്‍ മുതവക്കിലിന്റെ മകനും അല്‍ മുഅ്തസ്സിന്റെ സഹോദരനുമാണ് അല്‍ മുഅ്തമിദ്. അഹ്്മദ് എന്നാണ് യഥാര്‍ഥ നാമം. ജനസേവകനും നീതിമാനുമായിരുന്നു. ക്രി.870 (ഹി.256) ലാണ് ഖിലാഫത്ത് ഏറ്റെടുത്തത്.

ഖിലാഫത്ത് കയ്യേറ്റതിനു പിന്നാലെ രാജ്യത്തെ രണ്ടു മേഖലകളായി തിരിച്ചു. ആഫ്രിക്ക, ഈജിപ്ത്, സിറിയ, ജസീറ, അര്‍മീനിയ എന്നിവയടങ്ങുന്ന പശ്ചിമ മേഖല സഹോദരന്‍ അബൂ അഹമ്മദ് ത്വല്‍ഹ (അല്‍ മുവഫ്ഫഖ്)യെ ഏല്‍പ്പിച്ചു.

വിവിധ പ്രവിശ്യകള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി പിരിഞ്ഞുപോകുന്ന പ്രവണതയെ ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി. ഇക്കാര്യത്തില്‍ മുവഫ്ഫഖ് അസാമാന്യ മെയ്‌വഴക്കം കാട്ടി. ഇത് മുഅ്തമിദിനെ നിഷ്പ്രഭനാക്കുകയായിരുന്നു.

ബസ്വറയിലുണ്ടായ നീഗ്രോകളുടെ കലാപവും പേര്‍ഷ്യയിലെ ഗവര്‍ണറായിരുന്ന യഅ്ഖൂബുബ്‌നു ലൈസിന്റെ ബാഗ്ദാദ് പിടിക്കാനുള്ള ശ്രമവും മുവഫ്ഫഖും സൈന്യാധിപനായ മൂസാ, ബുഗാ എന്നിവരും ചേര്‍ന്ന് പരാജയപ്പെടുത്തി.

ഇതിനിടെ അധികാരം നഷ്ടപ്പെട്ട മുഅ്തമിദ് ഈജിപ്തിലേക്ക് പലായനം ചെയ്ത് അവിടുത്തെ ഗവര്‍ണര്‍ ഇബ്‌നു തുലൂനുമായി ചേര്‍ന്ന് മുവഫ്ഫഖിനെതിരെ നീങ്ങാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം പൊളിഞ്ഞു. ഇതിനിടെ ഹിജ്‌റ 278ല്‍ മുവഫ്ഫഖ് നിര്യാതനായി.

തുടര്‍ന്ന് മുഅ്തമിദ് തന്നെ വീണ്ടും രാജ്യം ഭരിച്ചു. തന്റെ പിന്‍ഗാമിയായി മുഅ്തമിദ് മുവഫ്ഫഖിന്റെ പുത്രന്‍ മുഅ്തദിദ്വിനെയാണ് നിശ്ചയിച്ചത്. സ്വന്തം പുത്രന്‍ മുഫഖസ്സിനെ ഒഴിവാക്കിയായിരുന്നു ഇത്.

23 വര്‍ഷം ഭരിച്ച മുഅ്തമിദ് ക്രി. 870 (ഹി. 279)ല്‍ ദിവംഗതനായി. 50 വയസ്സായിരുന്നു. ഹദീസ് വിജ്ഞാന ശാഖയിലെ പ്രമാണികളും അവലംബങ്ങളുമായ ഇമാം ബുഖാരി, ഇമാം മുസ്്‌ലിം, ഇബ്‌നുമാജ, അബൂദാവൂദ്, തിര്‍മിദി എന്നിവരെല്ലാം ഇക്കാലത്താണ് ജീവിച്ചിരുന്നത്.


 

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447