Skip to main content

അല്‍ ഹാദി

അബ്ബാസീ ഖിലാഫത്തിന്റെ നാലാമനാണ് അല്‍ഹാദി (ക്രി. 785-786). അല്‍ മഹ്ദിയുടെയും ഖൈസൂറാന്റെയും മകനായി ഹി. 144ല്‍ ജനിച്ചു. മൂസാ അല്‍ഹാദി എന്നാണ് യഥാര്‍ഥ പേര്.

കൗമാരത്തില്‍തന്നെ സൈനിക നേതൃത്വമേറ്റെടുത്ത ഹാദി അതികായനും ധീരനും അഭ്യാസിയുമായിരുന്നു. ക്രി. 785ല്‍(ഹി. 169) പിതാവിന്റെ മരണാനന്തരം ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ പ്രായം 24 വയസ്സ് മാത്രം.

ഹാദി സമര്‍ഥനായ ഖലീഫയായിരുന്നു. അലവികള്‍, ഖവാരിജികള്‍, അമവികള്‍, മതനിരാസര്‍ എന്നിവരോട് കര്‍ശന നിലപാടെടുക്കുകയും വിചാരണയില്ലാതെ ശിക്ഷിക്കുകയും ചെയ്തു. അലവികളുമായി മദീനക്കടുത്തഫാഖില്‍വെച്ച് യുദ്ധവും നടത്തി.

മാതാവ് ഖൈസൂറാന്റെ ഭരണത്തിലെ ഇടപെടല്‍ ഹാദിക്ക് ഇഷ്ടപ്പെട്ടില്ല. സഹോദരന്‍ ഹാറൂന് പകരം ബാലനായ മകന്‍ ജഅ്ഫറിനെ പിന്‍ഗാമിയാക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. അതിനിടയില്‍ ക്രി. 786 (ഹി. 170) അല്‍ഹാദി മരിക്കുകയും ചെയ്തു.

ഒരുവര്‍ഷവും രണ്ട് മാസവും മാത്രമേ ഹാദിയുടെ ഭരണകാലം നീണ്ടുനിന്നുള്ളൂ.

Feedback