Skip to main content

അല്‍ മന്‍സൂര്‍

അബ്ബാസി ഭരണത്തിന് അടിത്തറയുറപ്പിച്ച ഖലീഫയാണ് അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ (754-775). അബുല്‍ അബ്ബാസ് അസ്സഫ്ഫാഹിന്റെ മാതാവൊത്ത സഹോദരന്‍. മുഖം നോക്കാതെ നീതി നടപ്പാക്കി, ജനങ്ങളോട് അടുത്തിടപഴകി, ശാസ്ത്രത്തേയും സാഹിത്യത്തേയും അഗാധമായി സ്‌നേഹിക്കുകയും അവയില്‍ ഗ്രന്ഥരചനകള്‍ക്ക് തുടക്കമിടുകയും ചെയ്തു. 22 വര്‍ഷം നീണ്ട ഭരണത്തിലൂടെ ഭദ്രമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു അല്‍മന്‍സൂര്‍.

മുഹമ്മദുബ്‌നു അലിയുടെയും ബര്‍ബര്‍ വംശജ സലാമയുടേയും മകനായി ഹി: 101ല്‍ ഹുമൈമയില്‍ ജനനം. മതവിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടി. അബുല്‍ അബ്ബാസ് ഖലീഫയായപ്പോള്‍ ഭരണകാര്യങ്ങളില്‍ സഹോദരന്റെ വലം കൈയായി. അതിനാല്‍ തന്നെ മന്‍സൂറിനെ പിന്‍ഗാമിയാക്കി വസ്വിയ്യത്ത് എഴുതിവെച്ചാണ് അബുല്‍ അബ്ബാസ് കണ്ണടച്ചത്. ക്രി.വ 754 (ഹി:136) മന്‍സൂര്‍ മുസ്്‌ലിം സാമ്രാജ്യത്തിന്റെ കാര്യദര്‍ശിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

ഭരണ നേട്ടങ്ങള്‍

ഗ്രന്ഥരചന ഒരു പ്രസ്ഥാനമായി തുടങ്ങിയത് മന്‍സൂറാണ്. ഇന്ന് അറിയപ്പെടുന്ന പല പ്രാമാണിക ഗ്രന്ഥങ്ങളും വിരചിതമായതും ഇക്കാലത്തുതന്നെ. ഇമാം മാലിക്കിന്റെ 'അല്‍ മുവത്വ', ഇബ്‌നു ഇസ്ഹാഖിന്റെ 'അല്‍ മഗാസി', ഇബ്‌നുജുറൈജ്, ഔസാഈ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായത് മന്‍സൂറിന്റെ ഭരണകാലത്താണ്.

ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവ ഗ്രീക്കിലും റോമിലും മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അവ അറബിയിലേക്ക് ഭാഷാന്തരം നടത്തി. ഇതിന് വിദഗ്ധരായ പണ്ഡിതന്മാരെയും നിയമിച്ചു. ഇന്ത്യയിലെ സംസ്‌കൃത ഭാഷയില്‍ വിരചിതമായ പഞ്ചതന്ത്രം കഥകള്‍ 'കലീല വദിംന' എന്ന പേരില്‍ അറബിയിലാക്കിയത് ഇബ്‌നുല്‍ മുഖഫ്ഫഅ് ആണ്.

അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരുടെ ദാര്‍ശനിക രചനകളും ഇക്കാലത്ത് അറബികള്‍ പരിചയപ്പെട്ടു.

കൃഷി, വ്യവസായ രംഗങ്ങളില്‍ പുരോഗതിയുണ്ടായി. ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിച്ച മന്‍സൂര്‍ സാമ്പത്തിക രംഗത്ത് അച്ചടക്കമുണ്ടാക്കി. 

ഖുലാഫാഉര്‍റാശിദുകളുടെ കാലത്ത് മദീനയും അമവീകാലത്ത് ദമസ്‌കസും തിളങ്ങിയപ്പോള്‍ അബ്ബാസികളുടേതായ ഒരു നഗരമില്ലാത്തത് മന്‍സൂറിനെ അലട്ടി. അങ്ങനെയാണ് അബ്ബാസികളുടെ തലസ്ഥാനമായി ടൈഗ്രീസ് നദിയുടെ തീരത്ത് ഒരു നഗരം പണിതത്-മദീനത്തുസ്സലാം.

ലോകത്തെ അറിയപ്പെട്ട ശില്‍പികളും എഞ്ചിനിയര്‍മാരും നൂറുക്കണക്കിന് തൊഴിലാളികളും ഒന്നിച്ചപ്പോള്‍ ഹി. 145ല്‍ നഗരം യാഥാര്‍ഥ്യമായി. 1,80,00,000 ദീനാര്‍ അതിന് ചെലവാക്കി. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായി വിളങ്ങുകയും ലോകത്തെ മനോഹര നഗരങ്ങളിലൊന്നായി വളരുകയും ചെയ്ത ഈ നഗരം പിന്നീട് ബഗ്ദാദ് എന്ന പേരിലറിയപ്പെട്ടു. അബ്ബാസികളുടെ തലസ്ഥാനവും ബഗ്ദാദായി.

പുത്രന്‍ മഹ്ദിയെ കിരീടാവകാശിയാക്കി ക്രി. 775 (ഹി.156)ല്‍ ഹജ്ജ് യാത്രക്കിടെ മക്കയില്‍വെച്ച് അല്‍മന്‍സൂര്‍ യാത്രയായി. 63 വയസ്സായിരുന്നു.

Feedback