Skip to main content

അക്രമം

കാരുണ്യത്തിന്റെ മതമാണ് ഇസ്ലാം.  പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായി ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച പദം അവന്റെ വിശാലമായ കാരുണ്യത്തെ കുറിക്കുന്ന 'റഹ്്മത്ത്' എന്നതില്‍ നിന്ന് നിഷ്പന്നമായ അര്‍റഹ്്മാന്‍, അര്‍റഹീം എന്നിവയാണ്.  കരുണാവാരിധിയായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ക്കും കാരുണ്യത്തിനും അവന്റെ ദാസന്മാര്‍ അര്‍ഹരാകണമെങ്കില്‍ തന്റെ സമസൃഷ്ടികളോടും മറ്റു ജീവജാലങ്ങളോടും കാരുണ്യപൂര്‍വം അവര്‍ ഇടപഴകേണ്ടതുണ്ട്.  സ്രഷ്ടാവിന്റെ കാരുണ്യത്തിന് വേണ്ടി സദാ കേഴുന്ന വിശ്വാസികളുടെ മനസ്സില്‍ ക്രൂരതക്കും അക്രമവാസനയ്ക്കും ഇടമില്ല. പ്രതിയോഗികളോടും അക്രമം പ്രവര്‍ത്തിച്ചവരോടും ഏറ്റുമുട്ടേണ്ട ഘട്ടത്തില്‍ പോലും നീതിപൂര്‍വകമായ നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്.   

മനുഷ്യരോടും ഇതര ജീവിജാലങ്ങളോടും കാണിക്കുന്ന അക്രമവും ക്രൂരതയും മഹാപാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യുദ്ധം ചെയ്യാനുള്ള അനുമതി നല്‍കപ്പെട്ടത് തന്നെ മര്‍ദ്ദിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താലാണ്.  അല്ലാഹു പറയുന്നു. 'യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിക്കപ്പെട്ടത് കാരണമായി (തിരിച്ചടിക്കാന്‍) അനുമതി നല്‍കപ്പെട്ടിരിക്കുന്നു' (22:39). 

ഒന്നാം ഖലീഫ അബൂബക്ര്‍(റ) ഒരു സൈന്യത്തിന്റെ നേതാവായി ഉസാമ(റ)യെ നിയോഗിക്കുകയുണ്ടായി. സിദ്ദീഖ്(റ) അദ്ദേഹത്തിന് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു:  വഞ്ചനയും ചൂഷണവും അരുത്. അംഗവിഛേദം നടത്തരുതെന്നും,  കുട്ടികളെയും വയോവൃദ്ധരെയും സ്ത്രീകളെയും കൊലപ്പെടുത്തരുത.്, വൃക്ഷങ്ങളൊന്നും മുറിക്കുകയോ എരിച്ചു കളയുകയോ ചെയ്യരുത്,  ആട്, മാട്, ഒട്ടകം, എന്നിവയെ ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലരുത്, ആരാധനാലയങ്ങളിലും പ്രാര്‍ഥനാ മണ്ഡപങ്ങളിലും ധ്യാനനിരതരായി ഇരിക്കുന്നവരെ കടന്നാക്രമണം നടത്തരുത്.  

ഒരോ മനുഷ്യന്റയും സമ്പത്ത്, ജീവന്‍, അഭിമാനം എന്നിവ പവിത്രമായി ഇസ്‌ലാം കാണുന്നു.  ആ പവിത്രത കളങ്കപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളും മറ്റൊരാളില്‍ നിന്ന് സംഭവിക്കുമ്പോള്‍ അത് അക്രമത്തിലേക്കു നയിക്കുന്നു.  'ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാവുന്നത് മറ്റു മുസ്ലിംകള്‍ അയാളുടെ നാവില്‍ നിന്നും കൈയില്‍ നിന്നും രക്ഷപെടുമ്പോഴാണ്' എന്നത്രെ തിരുനബി(സ്വ) പഠിപ്പിക്കുന്നത്. 'സഹോദരന്‍ അക്രമിക്കപ്പെടുമ്പോള്‍ അയാള്‍ മനംനൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ യാതൊരു മറയുമില്ല' എന്ന് തിരുനബിയുടെ മൊഴിയില്‍ നിന്ന് ദൈവികസഹായം അക്രമിക്കപ്പെട്ടവന് ലഭിക്കുമെന്ന് മനസ്സിലാക്കാം.

ഭൗതിക ലോകത്ത് മനുഷ്യന്‍ ചൂഷണത്തിനും അക്രമത്തിനും ഇരയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അല്ലാഹു അടിമകളോട് തരിമ്പും അനീതി കാണിക്കുന്നവനല്ല,  പരലോകത്തെ വിചാരണയും രക്ഷാശിക്ഷകളുമെല്ലാം നീതി നടപ്പില്‍ വരുത്താനുള്ളതാണ്.  ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിനത്തില്‍ അക്രമം അന്ധകാരമായി പ്രത്യക്ഷപ്പെടുമെന്ന് നബി(സ്വ) പറഞ്ഞതില്‍ നിന്ന് മര്‍ദകര്‍ക്കും അക്രമികള്‍ക്കുമുള്ള നിന്ദ്യമായ പര്യവസാനത്തിലേക്കുള്ള സൂചന കൂടിയുണ്ട്.  

റസൂല്‍(സ്വ) ഒരിക്കല്‍ ചോദിച്ചു.  ദരിദ്രന്‍ (പാപ്പരായവന്‍) ആരാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു.  നാണയവും ജീവിത വിഭവവും ഇല്ലാത്തവനെയാണ് ദരിദ്രനായി ഞങ്ങള്‍ കാണുന്നത്.  നബി(സ്വ) വിശദീകരണം നല്‍കി.  നിശ്ചയം, എന്റെ സമുദായത്തിലെ ദരിദ്രന്‍ ഒരു വ്യക്തിയാണ്.  അയാള്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്തവനായിട്ട് ഉയിര്‍ത്തെഴുന്നല്‍പ്പിന്റെ നാളില്‍ വരുന്നതാണ്.  എന്നാല്‍ അവന്‍ ചിലരെ ചീത്ത വിളിക്കുകയും ചിലരെക്കുറിച്ച് കുറ്റാരോപണം നടത്തുകയും ഇന്നവന്റെ രക്തം ഒഴുക്കുകയും ഇന്നവന്റെ ധനം മോഷ്ടിക്കുകയും ഇന്നവനെ മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്.  തത്ഫലമായി അവന്റെ പുണ്യകര്‍മം ഇവന് (മര്‍ദിക്കപ്പെട്ടവന്) നല്‍കി അവനെ നരകത്തില്‍ എറിയുന്നതാണ് (മുസ്‌ലിം).

മൃഗങ്ങളോട് മാന്യമായി പെരുമാറിയാല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ എന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചു.  ജീവനുള്ള ഏതൊരു വസ്തുവിനോട് നിങ്ങള്‍ ഔദാര്യം കാണിച്ചാലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.  ഒരു പൂച്ചക്ക് ഭക്ഷണം പോലും നല്‍കാതെ കെട്ടിയിട്ട ഒരു സ്ത്രീ നരകാവകാശിയായ കഥ നബി(സ്വ) വിവരിച്ചു തന്നിട്ടുണ്ട്.  അമ്പെയ്ത്ത് പഠിക്കുവാന്‍ ജീവനുള്ളതിനെ ലക്ഷ്യസ്ഥാനമാ ക്കുന്നതിനെ റസൂല്‍(സ്വ) നിരോധിച്ചു.  ഒരു ചെറിയ കുരുവിയോട് പോലും കാണിക്കുന്ന ക്രൂരതയുടെ പേരില്‍ വിചാരണക്ക് വിധേയമാകേണ്ടി വരുമെന്ന് തിരുനബി(സ്വ) പറഞ്ഞു.  

അക്രമണത്തിന് 'ദ്വുല്‍മ്' എന്നാണ് ഖുര്‍ആനിലെ പ്രയോഗം. ക്രമരഹിതമായി ചെയ്യുന്നതെല്ലാം അക്രമമാണ്. മനുഷ്യന്‍ ചെയ്യുന്ന അക്രമത്തില്‍ ഏറ്റവും വലുത് ഏകനായ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (31:13).


 

Feedback