Skip to main content

പരിഹാസം

മനുഷ്യര്‍ പരസ്പരമുള്ള സഹവാസത്തില്‍ സ്‌നേഹാദരവുകളും പരിഗണനയുമാണ് ബന്ധങ്ങള്‍ സുദൃഢമാക്കുന്നത്. അവഗണനയും ഇകഴ്ത്തലുമെന്നപോലെ ആക്ഷേപവും പരിഹാസവും അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനും ശിഥിലീകരണവും ഛിദ്രതയും സമൂഹത്തില്‍ ഉടലെടുക്കുന്നതിനും ഈ ദുര്‍ഗുണങ്ങള്‍ കാരണമാവുന്നു.

എന്തെങ്കിലും ന്യൂനതകളുള്ള മനുഷ്യനെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുംവിധം നാവുകൊണ്ട് നോവിക്കുന്നതിനെ പരിഹാസം എന്ന് പറയുന്നു. മനുഷ്യരില്‍ ആരും പൂര്‍ണരല്ലാത്തതുകൊണ്ട് കുറ്റങ്ങളും ന്യൂനതകളും പെരുപ്പിച്ച് കാണിച്ച് പരസ്പരം ഇകഴ്ത്തുന്ന സമീപനം ഒരിക്കലും പാടില്ല. ഏതെങ്കിലും കാര്യത്തില്‍ പോരായ്മകളുള്ള വ്യക്തി മറ്റു പല കാര്യങ്ങളിലും കഴിവും പ്രാപ്തിയുമുള്ളവനായേക്കാം. ആര്‍ക്കും ആരെയും പരിഹസിക്കാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയില്ല. ചിലപ്പോള്‍ പരിഹസിക്കുന്ന വ്യക്തിയേക്കാള്‍ പരിഹസിക്കപ്പെടുന്ന വ്യക്തി ഗുണമുള്ളവനാ യിരിക്കുമെന്ന് ഖുര്‍ആന്‍ സൂചന നല്‍കുന്നു. ''സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ മറ്റുള്ളവരേക്കാള്‍ നല്ലവരായിരുന്നേക്കാം'' (49:11).

സത്യവിശ്വാസികള്‍ ഏകോദര സഹോദരങ്ങളാണ്. ഐക്യവും സ്‌നേഹവും സൗഹാര്‍ദവുമാണ് അവര്‍ തമ്മില്‍ കളിയാടേണ്ടത്. സത്യവിശ്വാസികള്‍ തമ്മിലുണ്ടാവേണ്ട മനസ്സടുപ്പത്തെയും ഒരുമയെയും റസൂല്‍(സ്വ) ഒരു ശരീരത്തോട് ഉപമിച്ചു. ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് വല്ല ദുര്‍ബലതയോ ന്യൂനതയോ ഉണ്ടായാല്‍ മറ്റ് അവയവങ്ങളില്‍ കൂടി അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാവുന്നു. ശാരീരികാവയവങ്ങള്‍ കാര്യമായ യോജിപ്പോട് കൂടി താളനിബദ്ധമായി, വ്യവസ്ഥാപിതമായി അവയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അവയിലൊന്ന്, മറ്റൊന്നിനെ പോറലേല്‍പിക്കുന്ന യാതൊരു വിധ അവസ്ഥയും ഉണ്ടാക്കുന്നേയില്ല. വ്യത്യസ്ത മനസ്ഥിതിയും അഭിരുചിയുമുള്ളവരുടെ സമൂഹത്തില്‍ വിശ്വാസികള്‍ പരസ്പരം ആദരവിന്റെയും പരിഗണനയുടെയും പെരുമാറ്റം കണ്ട് ശീലിക്കണം എന്ന് അല്ലാഹു പഠിപ്പിക്കുന്നു. പരിഹാസവും പരനിന്ദയും നടത്തുമ്പോള്‍ ഒരൊറ്റ ശരീരത്തെപോലെ സ്‌നേഹ വായ്പ് കാത്തു സൂക്ഷിക്കേണ്ട സഹോദര കുടുംബത്തിലെ ഒരംഗത്തെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. പരിഹസിക്കാനായി ഇരട്ടപ്പേരുകളിട്ട് വിളിക്കുന്നതും അഭിമാനത്തെ വ്രണപ്പെടുത്തുന്നതും അക്രമത്തിന്റെ ഗൗരവമുള്ള പാതകമാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു.

'നിങ്ങള്‍ നിങ്ങളെത്തന്നെ പരസ്പരം കുറവാക്കരുത്. (അസഭ്യമായ) ഇരട്ടപ്പേരുകളില്‍ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്‌പേര് എത്ര ചീത്ത. ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവരത്രെ അക്രമികള്‍ (49:11).

പരിഹാസവും പരനിന്ദയും നടത്തിയ ആളുകള്‍ പശ്ചാത്താപത്തിന്റെ വഴിയിലൂടെ വിശുദ്ധി തേടണമെന്നും അല്ലാത്തപക്ഷം ശിക്ഷാര്‍ഹരായിത്തീരുന്ന അക്രമികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടു പോകുമെന്നും ഉപരിസൂചിത  സൂക്തം പഠിപ്പിക്കുന്നു. പ്രവാചകന്‍മാരെല്ലാവരും പരിഹസിക്കപ്പെട്ടതായി കണാന്‍ കഴിയും. സത്യം വളരെ വ്യക്തമായി ബോധ്യപ്പെട്ടിട്ടും, ദൈവിക ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ദൈവദൂതന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ട് സത്യനിഷേധത്തില്‍ ഉറച്ചു നിന്നവരായിരുന്നു പ്രബോധിത സമൂഹത്തിലെ ബഹുഭൂരിപക്ഷവും. ദൈവികശിക്ഷയുടെ മുന്നറിയിപ്പുകള്‍ തൃണവല്‍ഗണിച്ച് പരിഹാസം തുടരുകയും മുഴുത്ത ധിക്കാരം തുടരുകയും ചെയ്തപ്പോള്‍, ശിക്ഷയുടെ കനത്ത പ്രഹരങ്ങള്‍ ഇഹത്തില്‍ വെച്ച് തന്നെ സത്യനിഷേധികള്‍ക്ക് അനുഭവിക്കേണ്ടതായിവന്നു. അല്ലാഹു പറയുന്നു.

നിനക്ക് മുമ്പ് പല ദൂതന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പരിഹസിച്ചിരുന്ന വര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു (6:10).

ഭൗതിക ജീവിതത്തെ അലങ്കാരമായി സ്വീകരിക്കുകയും സത്യവിശ്വാസികളെ പരിഹസിക്കുകയും ചെയ്യുന്നത് ഒരു തൊഴിലാക്കിയ സത്യനിഷേധികള്‍ക്ക് അപ്രതിഹതമായ നഷ്ടവും ഖേദവുമാണ് ഉണ്ടായിത്തീരുക എന്ന് അല്ലാഹു പറയുന്നു. പരലോകത്ത് വിചാരണ വേളയില്‍ നടത്തുന്ന വിലാപങ്ങള്‍ എല്ലാം വിഫലമാണ്. 'എന്റെ നാശമേ, അല്ലാഹുവിന്റെ ഭാഗത്ത് ഞാന്‍ വീഴ്ച വരുത്തിയല്ലോ, തീര്‍ച്ചയായും ഞാന്‍ പരിഹസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് ഓരോരുത്തരും പറയും. സത്യവിശ്വാസികള്‍ നടത്തുന്ന സംസാരങ്ങളിലും സമ്പര്‍ക്കങ്ങളിലും മറ്റുള്ളവരെ ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്യുന്ന സൂചനകള്‍ പോലും ഉണ്ടാവാന്‍ പാടില്ലെന്ന് തിരുദൂതര്‍ പഠിപ്പിച്ചു. ഒരിക്കല്‍ നബിയുടെ പ്രിയപത്‌നി ആഇശ(റ) തന്റെ സഹകളത്രയമായ ഹഫ്‌സ(റ)യെ പറ്റി 'കുറിയവള്‍' (ഖ്വസ്വീറ) എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞ വാക്യം നാം സദാ ഓര്‍ത്തിരിക്കേണ്ടതാണ്.

'സമുദ്രത്തില്‍ കലര്‍ത്തിയാല്‍ അതിനെ വിഷലിപ്തമാക്കാന്‍ പര്യാപ്തമായ ഒരു വാക്കാണ് നീ പറഞ്ഞത്'. സത്യവിശ്വാസികള്‍ വാഗ്‌വിചാര കര്‍മങ്ങളില്‍ സൂക്ഷ്മത പാലിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവര്‍ ഇഷ്ടപെടാത്തവിധമുള്ള വാക്കുകളും പ്രവൃത്തികളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കാന്‍ കഴിയണം.


 

Feedback