Skip to main content

അത്യാഗ്രഹം

അതിരില്ലാത്ത ആഗ്രഹങ്ങളും പരിധിയില്ലാത്ത മോഹങ്ങളുമായിട്ടാണ് മനുഷ്യന്‍ ജീവിക്കുന്നത്. അന്ത്യ നിമിഷം വരെ ഇത് തുടരുകയും ചെയ്യും. നബി(സ്വ)അരുളി: മനുഷ്യന്ന്, ധനത്തിന്റെ രണ്ട് താഴ്‌വര ഉണ്ടായാല്‍ മൂന്നാമതൊന്നുകൂടി അവന്‍ ആഗ്രഹിക്കും മണ്ണ് മാത്രമേ മനുഷ്യന്റെ ഉള്ള് നിറക്കുകയുള്ളൂ (ബുഖാരി).

സമ്പത്തും ജീവിത വിഭവങ്ങളും മതിവരുവോളം നേടി സൗഖ്യപൂര്‍ണമായ നിലവാരത്തിലേക്ക് ജീവിതം എത്തിക്കണമെന്ന് നിനച്ച്, ഉള്ളതില്‍ സംതൃപ്തിയടയാതെ അത്യാഗ്രഹങ്ങളുടെ പിന്നാലെ പായുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അല്പായുസ്സ് മാത്രമേ ഇവിടെ തനിക്കുള്ളൂവെന്ന സത്യം അവന്‍ വിസ്മരിച്ചു പോകുന്നു. നബി(സ്വ) അരുളി: ആദമിന്റെ മക്കള്‍ (മനുഷ്യര്‍ക്ക്) വാര്‍ധക്യം ബാധിക്കുന്നയവസരത്തിലും രണ്ടു സംഗതികള്‍ യുവത്വം പ്രാപിച്ചുകൊണ്ടിരിക്കും. ധനത്തോടുള്ള അത്യാഗ്രഹവും ആയുസ്സിനോടുള്ള ഇഷ്ടവും (ബുഖാരി - മുസ്‌ലിം).

പരലോക മോക്ഷം ലക്ഷ്യം വെച്ച് ലഭ്യമായ അനുഗ്രഹങ്ങളില്‍ ആത്മസംതൃപ്തിയടഞ്ഞ് ജീവിക്കുന്ന വിശ്വാസി ആഗ്രഹങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. പരലോക വിജയത്തിന് വിഘാതമാവത്തക്കവിധം മോഹങ്ങള്‍ക്ക് അതിര് നിശ്ചയിക്കാന്‍ അവന് സാധിക്കും. റസൂല്‍ (സ്വ) പറഞ്ഞു: 'ആരുടെയെങ്കിലും മുഖ്യ പരിഗണന ഐഹിക ജീവിതമായാല്‍ അല്ലാഹുവില്‍ നിന്ന് അവനൊരുപരിഗണനയും കിട്ടുകയില്ല, അതോടൊപ്പം നാല് അവസ്ഥകള്‍ അവന്റെ ഹൃദയത്തെ ബാധിക്കുകയും ചെയ്യും. അറ്റമില്ലാത്ത ദുഃഖം, അവസാനിക്കാത്ത ജോലിത്തിരക്ക്, വിരാമമില്ലാത്ത വറുതി, അറുതിയില്ലാത്ത ആര്‍ത്തി എന്നിവയാണവ'. പ്രമുഖ പണ്ഡിതനും ചിന്തകനുമായിരുന്ന ഇമാം ശാഫിയുടെ വരികള്‍ ഇതോട് ചേര്‍ത്തു വായിക്കാം. 'ജീവിക്കുകയാണെങ്കില്‍ എനിക്ക് ആഹാരം കിട്ടാതിരിക്കില്ല. മരിച്ചാല്‍ ആറടി മണ്ണു കിട്ടും. അതിനാല്‍ എന്റെ ധൈര്യം രാജാക്കന്മാര്‍ക്ക് പോലും അന്യം; മനസ്വാതന്ത്ര്യവും.''

മനുഷ്യന്റെ ധനതൃഷ്ണയും ഭൗതികവിഭവങ്ങളിലുള്ള അതിമോഹവുമാണ് സ്രഷ്ടാവിനോട് നന്ദികെട്ടവനായി ജീവിക്കാന്‍ നിമിത്തമായിതീരുന്നത്. ഭൗതികവിഭവങ്ങള്‍ ഭൂമിയിലെ മനുഷ്യക്കിടയില്‍ ഏറ്റ വിത്യാസത്തോടെ നല്‍കിയ അല്ലാഹു ധനാഡ്യരെയും- ദരിദ്രരെയും പരീക്ഷിക്കുകയാണ് ചെയ്യുന്നത്. 

സമ്പത്തിനോടുള്ള ആര്‍ത്തി കൊണ്ട് അവര്‍ ഇഹലോകത്ത് ശാശ്വത വാസികളാണെന്ന മട്ടില്‍ ജീവിക്കുന്നു. ആര്‍ത്തിക്ക് അറുതി വരുത്തി സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിനോട് നന്ദികാണിച്ചുകൊണ്ടുള്ള ജീവിതം നയിക്കണമെന്ന സന്ദേശമാണ് ഖാറൂന്‍ മുതലാളിയുടെ ദയനീയ അന്ത്യം വിവരിച്ചതിലൂടെ ഖുര്‍ആന്‍ നമുക്ക് മുമ്പില്‍ വയ്ക്കുന്നത്. സ്വന്തം കഴിവും അറിവും കൊണ്ട് നേടിയതാണ് തന്റെ സമ്പത്തൊക്കെയും എന്ന് അയാള്‍ അഹങ്കരിച്ചു. അല്ലാഹുവിനെ മറന്ന് ധിക്കാരികളായി ജീവിച്ചവര്‍ക്കുണ്ടായ ദയനീയ പരിണതിയില്‍ നിന്ന് അത്യാഗ്രഹിയായ ഖാറൂന്‍ പാഠമുള്‍കൊണ്ടില്ല. ഐഹിക വിഭവങ്ങളില്‍ സുഖം കണ്ടെത്തി ഈ കാഴ്ച്ച കണ്ടയാളുകളില്‍ ചിലര്‍ പറഞ്ഞു ഖാറൂന് കിട്ടിയത് പോലെ ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ ഭാഗ്യവാന്‍ തന്നെ. എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞത് ഇപ്രകാരമാണ് 'നിങ്ങള്‍ക്കു നാശം. സത്യവിശ്വാസം സ്വീകരിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏററവും വലുത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അത് ലഭ്യമല്ല.'

സുഖാഡംബരങ്ങളുടെ പറുദീസയില്‍ അത്യാഗ്രഹിയും അഹങ്കാരിയുമായി കഴിഞ്ഞിരുന്ന ഖാറൂന് ദയനീയമായ അന്ത്യമുണ്ടായി. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭവനത്തെയും ഭൂമിയില്‍ അല്ലാഹു ആഴ്ത്തിക്കളഞ്ഞു. നിസ്സഹായവസ്ഥയില്‍ നിന്ദ്യമായ പര്യവസാനം ഖാറൂന് അനുഭവിക്കേണ്ടിവന്നപ്പോള്‍, ഖാറൂനിനെപ്പോലെയാവാന്‍ കൊത്തിച്ചവര്‍ ഇപ്രകാരം പറയാനും തുടങ്ങി: അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തികളയുമായിരുന്നു. കഷ്ടം സത്യനിഷേധികള്‍ വിജയം വരിക്കയില്ല (28:82).

മനുഷ്യന്റെ ആര്‍ത്തിയും പൊങ്ങച്ചവും അവന്‍ മരിച്ചു മണ്ണടിയുന്നതുവരെ ശമിക്കുകയില്ല എന്ന് അല്ലാഹു പഠിപ്പിക്കുന്നുണ്ട് (102:1-4). ഉള്ളതില്‍ സംതൃപ്തിയടയുന്ന മനസ്സിനല്ലാതെ   സമാധാനമനുഭവിക്കാന്‍ കഴിയില്ല. 

ആഗ്രഹവും പ്രതീക്ഷയുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. മനുഷ്യപുരോഗതിക്കു നിദാനവും ഈ രണ്ടു ഘടകങ്ങള്‍ തന്നെ. ആഗ്രഹങ്ങള്‍ സഫലമാവാതെ പോയാല്‍ ഭഗ്‌നാശരായിത്തീരാതെ അടുത്തതിലേക്കു നീങ്ങുകയാണ് വേണ്ടതെന്ന് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നു. ആധുനിക മനഃശ്ശാസ്ത്രവും ഇതുതന്നെ പറയുന്നു. കൊതിച്ചതല്ല വിധിച്ചതാണ് നമുക്കുള്ളതെന്ന വിശ്വാസം മുസ്‌ലിമിനെ സംതൃപ്തജീവിതം നയിക്കാന്‍ പ്രാപ്തനാക്കുന്നു.

അത്യാഗ്രഹവും അമിതപ്രതീക്ഷയും മനുഷ്യനെ നാശത്തിലേക്കു നയിക്കുന്നു. യാഥാര്‍ഥ്യേബാധമില്ലാതെ അത്യാഗ്രഹവും അതിമോഹവും വച്ചുപുലര്‍ത്തുന്നവര്‍ക്ക് കടുത്ത നിരാശയും മോഹഭംഗവുമായിരിക്കും ഫലം. 
 

Feedback