Skip to main content

ഇരുമുഖനയം

ജീവിതത്തില്‍നീതിയിലും നന്മയിലും അധിഷ്ഠിതമായ നിലപാടു സ്വീകരിക്കേണ്ടവനാണ് വിശ്വാസി.  ജനങ്ങളുടെ തൃപ്തിയോ അതൃപ്തിയോ പരിഗണിക്കാതെ അല്ലാഹുവിന്റെ ഹിതം മാനിച്ച് ഒരു നിലപാടിലുറച്ച് നില്‍ക്കാന്‍ മാത്രമേ സത്യവിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ.  സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് വീക്ഷണഗതികള്‍ മാറുന്നത് സ്വഭാവികമാണ്.  ആളുകളുടെ സ്വന്തം താല്പര്യം സംരക്ഷിക്കാനും തൃപ്തി നേടിയെടുക്കാനും വേണ്ടി സമീപനകളില്‍ ദ്വിമുഖനയം സ്വീകരിക്കുന്നത് കാപട്യത്തിന്റെ ലക്ഷണമായിട്ടാണ് ഖുര്‍ആന്‍ വ്യക്തമാക്കിയത്. അല്ലാഹു പറയുന്നു.  'വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും.  ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് എന്നാല്‍ അവരുടെ (സ്‌നേഹിതന്മാരായ) പിശാച്ചുക്കളുമായി തനിച്ചാകുമ്പോള്‍ അവര്‍ പറയും.  നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്.  ഞങ്ങള്‍ (വിശ്വാസികളെ) പരിഹസിക്കുക മാത്രമാണ് (2:14).

നിലപാടുകളിലുള്ള ദ്വിമുഖ നയം വഞ്ചനയുടെ പൊയ്മുഖം ആണ് വിളിച്ചറിയിക്കുന്നത്.  നീതിപൂര്‍വകമായ നിലപാട് സ്വീകരിക്കുമ്പോള്‍ നന്മയോടാവണം പ്രതിബദ്ധതയുണ്ടാവേണ്ടത്. എന്നാല്‍ സത്യത്തിന് വേണ്ടി നിലനില്‍ക്കുന്നവരെന്ന വ്യാജേന സ്രഷ്ടാവിന്റെ തൃപ്തി കംക്ഷിക്കാതെ സൃഷ്ടികളില്‍ തനിക്ക് അടുപ്പമുള്ളവരുടെ അടുക്കല്‍ സ്വീകാര്യതയും അംഗീകാരവും ലഭിക്കാന്‍ സാഹചര്യത്തിനനുസരിച്ച് നിലപാട് മാറുന്ന ദുഷ്പ്രവണത ഇസ്ലാമിക വ്യക്തിത്വത്തിന് ഒട്ടും ചേര്‍ന്നതല്ല. നബി(സ്വ) പറഞ്ഞു:  'ഒരാള്‍ ഇഹലോകത്ത് ഇരുമുഖനായാല്‍ പുനരുത്ഥാനനാളില്‍ അതവന് ഒരു തീനാളമായിത്തീരുന്നതാണ് (ദാരിമി). വിശ്വാസത്തില്‍ കാപട്യമുള്ളവര്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടിയും സ്ഥാന മാനങ്ങള്‍ നേടിയെടുക്കാനും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു.  എന്നാല്‍   വിശ്വാസികള്‍ ഒരിക്കലും 'കൂടെക്കൂട്ടികളായി'രിക്കുകയില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഷം കെട്ടുന്ന ദ്വിമുഖ നയം സ്വീകരിക്കുകയില്ല, പ്രതികൂലസാഹചര്യങ്ങളിലും തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയാണ് നയ നിലപാടുകളിലൂടെ വിശ്വാസി ചെയ്യുന്നത്.   

നബി(സ്വ)യുടെ പ്രബോധന ജീവിതത്തില്‍ കടുത്ത എതിര്‍പ്പുകള്‍ ഉള്ളിലൊതുക്കി ഇസ്‌ലാമിന്റെ മിത്രങ്ങളായി ചമഞ്ഞിരുന്നു കപട വിശ്വാസികളുടെ ദ്വിമുഖനയം വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.  അവരുടെ കുതന്ത്രങ്ങളെ കരുതിയിരിക്കാനുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ റസൂല്‍(സ്വ)ക്ക് പല സന്ദര്‍ഭങ്ങളില്‍ വഹ്‌യിലൂടെ അല്ലാഹു നല്‍കിയിട്ടുണ്ട്.  കപട വിശ്വാസികളുടെ ഇരട്ടത്താപ്പ് നയത്തെ തുറന്നുകാണിക്കുന്ന ഒരു അധ്യായം തന്നെ 'അല്‍ മുനാഫിഖൂന്‍' എന്ന പേരില്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്.   

ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരി ക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല (4:143).

അപ്പോഴപ്പോഴത്തെ താത്പര്യങ്ങള്‍ സംരക്ഷിക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കൂട്ടരുടെ ഹൃദയങ്ങളില്‍ മുദ്ര വെക്കപ്പെട്ടിരിക്കുന്നു(63:3). ഇവരുടെ ദുഷ്‌ചെയ്തികൊണ്ട് വലിയ  അപകടങ്ങള്‍ സമൂഹത്തിലും ഉണ്ടാകാനിടയുള്ളത് കൊണ്ട് നബി(സ്വ) ഇപ്രകാരം ഉണര്‍ത്തി.  ജനങ്ങളില്‍ ഏറ്റവും ദുഷ്ടന്മാരായി ഇരുമുഖികളെ നിങ്ങള്‍ക്ക് കാണാം.  ഇവരുടെ അടുത്ത് ഒരു അഭിപ്രായവും മറ്റുള്ളവരുടെ അടുത്ത് മറ്റൊരു അഭിപ്രായവുമായി അവര്‍ ചെല്ലുന്നതാണ് (ബുഖാരി, മുസ്‌ലിം).
                       

Feedback