Skip to main content

അഹങ്കാരം

സ്വന്തത്തെ മഹത്വവല്‍ക്കരിച്ച് മറ്റുള്ളവരെ നിസ്സാരമായി കാണുന്ന മനോഭാവമാണ് അഹങ്കാരം. സത്യത്തെ തമസ്‌കരിക്കുകയെന്നത് ഈ ദു:സ്വഭാവത്തിന്റെ പ്രകടഭാവമാണ്. ഒരാളുടെ മനസ്സില്‍ അഹങ്കാരം അങ്കുരിച്ചാല്‍ സത്യത്തെ അംഗീകരിക്കാന്‍ അയാള്‍ ഒരിക്കലും കൂട്ടാക്കുകയില്ല. തന്നെ സംബന്ധിച്ച് അതിരുകളില്ലാത്ത അഭിമാനവും, അന്യരോടുള്ള അമിതമായ അവമതിപ്പും ദൈവികദൃഷ്ടാന്തങ്ങളെ നിഷേധിക്കാന്‍ പോലും കാരണമായിത്തീരുന്നു.  ഇഹത്തിലും പരത്തിലും പരാജയവും നിന്ദ്യതയും സത്യനിഷേധികള്‍ ഏറ്റുവാങ്ങാനിടയാക്കുന്നത് ന്യായം കൂടെതെയുള്ള അഹങ്കാരം നിമിത്തമായിരിക്കുമെന്ന് ഖുര്‍ആനില്‍ പറയുന്നു.  ''ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്.  എല്ലാ ദൃഷ്ടാന്തങ്ങളും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവരതിനെ മാര്‍ഗമായി സ്വീകരിക്കില്ല.   ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും.  നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ചു കളയുകയും അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്'' (7:146).

പ്രപഞ്ചത്തിലെ പ്രഥമ പാപിയും മനുഷ്യവംശത്തിന്റെ ആ ജന്മശത്രുവായി പിശാച് ആദമിനു സ്രാഷ്ടാംഗം പ്രണമിക്കാനുളള ദൈവികകല്പനയെ ധിക്കരിച്ചു. ''മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിന് തീകൊണ്ട് സൃഷ്ടിക്കപ്പെട്ട ഞാന്‍ സുജുദ് ചെയ്യുകയോ'' എന്ന് ഇബ്‌ലീസ് ചോദിക്കുന്നുണ്ട് (7:12). ജന്മം കൊണ്ട് താന്‍ ഭേദപ്പെട്ടവനാണെന്ന അഹങ്കാര ചിന്ത പിശാചിന്റെ പതനത്തിന് പാതയൊരുക്കി.  അതിന്റെ പേരില്‍ നിന്ദ്യനും അവഹേളിക്കപ്പെട്ടവനുമായി പുറന്തളപ്പെടുകയും ചെയ്തു(7:13). പിശാചിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിക്കുന്നവര്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളാണെന്നും അത്തരക്കാരുടെ സങ്കേതം നരകാഗ്‌നിയാണെന്നും അല്ലാഹു പറഞ്ഞു തരുന്നു. ''അതുകൊണ്ട് നരകത്തിന്റെ വാതിലുകളിലൂടെ കടന്നുചെല്ലുവിന്‍.  അവിടെ നിത്യവാസികളായി ജീവിക്കുന്നവനാവാന്‍. അങ്ങനെ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!'' (16:29:)

അഹങ്കാരം നിറഞ്ഞ മനസ്സ് കൊണ്ട് സത്യത്തെ അഗീകരിക്കാന്‍ കൂട്ടാക്കാത്ത സ്ഥിതിയുണ്ടാവുമെന്നതിന് മനുഷ്യചരിത്രത്തില്‍ നടന്ന ആദ്യത്തെ ദാരുണമായ കൊലപാതക സംഭവം വെളിപ്പെടുത്തിരുന്നു. അഹങ്കാരം കൂട് കെട്ടിയ ദുഷിച്ച മനസ്സിന്റെ പ്രേരണയില്‍ സഹോദരനെ വധിക്കാന്‍ തയ്യാറായി. ഒടുവില്‍ സഹോദരന്റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങെനെയെന്ന് പോലും അറിയാതെ നിന്ന പശ്ചാത്തലത്തില്‍ അത് പഠിപ്പിക്കാന്‍ കാക്ക വേണ്ടി വന്നു. അഹങ്കാരത്തിനേറ്റ ഒരു പ്രഹരമായി വിശുദ്ധ ഖുര്‍ആനില്‍ ഈ സംഭവം നമുക്ക് പഠിപ്പിച്ച് തരുന്നു (5:31). 

950 വര്‍ഷക്കാലം രഹസ്യവും പരസ്യവുമായി പ്രബോധന ദൗത്യം നിര്‍വഹിച്ചിട്ടും വിരലില്ലെണ്ണാവുന്ന അനുയായികള്‍ മാത്രമാണ് നൂഹ് നബി(അ)ക്ക് ലഭിച്ചത്. അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരായി ആ ജനത ജലപ്രളയത്തിലൂടെ നശിപ്പിക്കപ്പെട്ടു.  മുഴുത്ത ധിക്കാരകളായ ആ ജനതയെക്കുറിച്ച്  അല്ലാഹു പറയുന്നു.  ''നൂഹ് പറഞ്ഞു:  നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെ അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയും തന്നെയായിരുന്നു ചെയ്തിരുന്നത്.  അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു.  അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു'' (71:7). അവിശ്വാസത്തിന്റേ അടിവേര് അഹന്തയാണെന്ന് പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന പ്രമാണിവര്‍ഗത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നു.  ''ഞങ്ങളിലേറ്റവും അധസ്ഥിതരായ ആളുകളല്ലാതെ നിന്നെ അനുഗമിക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല. ഞങ്ങളേക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ ദര്‍ശിക്കുന്നില്ല'' (11:27). 

ഇബ്‌റാഹീം നബിയുടെ കാലത്ത് അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളെ ജീവിപ്പിക്കാനും മരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച ഭരണാധികാരിയുടെ പതനവും ഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്.  ഞാനാണ് നിങ്ങളുടെ പരമോന്നതനായ റബ്ബ് എന്ന് പ്രഖ്യാപിക്കാന്‍ മാത്രം അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായിരുന്ന ഫിര്‍ഔന്‍ മൂസനബി(അ)യെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.  തന്റെ കൊട്ടാരത്തില്‍ വളര്‍ന്നുവന്ന ഒരടിമച്ചെറുക്കന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത് സഹിക്കാന്‍ കഴിയാതെ അദ്ദേഹം മൂസാനബിയോട് നിന്ദയോടെ ചോദിക്കുന്നു.  ''നീ കുട്ടിയായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ ഞങ്ങളിലൊരുവനായി വളര്‍ത്തിയില്ലേ? നീ നിന്റെ ആയുസ്സില്‍ വളരെ വര്‍ഷങ്ങള്‍ ഞങ്ങളില്‍ കഴിച്ചുകൂട്ടിയിട്ടില്ലേ?'' (26:18). സത്യത്തെ തള്ളിക്കളയലും ജനങ്ങളെ നിസ്സാരന്മാരായി കാണലുമാണ് അഹങ്കാരമെന്ന് റസൂല്‍ പഠിപ്പിച്ചു തന്നത് ഖുര്‍ആനില്‍ വിവരിക്കപ്പെട്ട സത്യനിഷേധികളുടെ ചരിത്രം വായിക്കുമ്പോള്‍ കൂടുതല്‍ ബോധ്യപ്പെടും.

മനുഷ്യന്‍ ദുര്‍ബല സൃഷ്ടിയാണ്.  സ്വന്തം ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയയ്ക്ക് പോലും ഒരു നിമിഷ നേരത്തെ നിസ്സാരമായ പോറലേറ്റാല്‍ നിസ്സഹായനായി കൈമലര്‍ത്താനേ അവന്‍ കഴിയൂ.  വിനീതവിധേയരായ ദാസന്മാരായി അല്ലാഹുവിന് താഴ്മ പ്രകടിപ്പിച്ച് ജീവിക്കുന്നവരായിരിക്കും യഥാര്‍ഥത്തില്‍ അറിവും വിവേകവുമുള്ളവര്‍.  യാതൊന്നിന്റെ പേരിലും ഒട്ടും അഹങ്കരിക്കാന്‍ അര്‍ഹതയില്ലാത്ത മനുഷ്യന്‍ അഹന്ത വെച്ച് പുലര്‍ത്തുമ്പോള്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ നിഷേധിച്ച് നന്ദികെട്ടവനായി ജീവിക്കാന്‍ മത്സരിക്കുകയാണ് ചെയ്യുന്നത്.  അതുകൊണ്ട് റസൂല്‍(സ്വ) ഉണര്‍ത്തി.  അണു അളവ് അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.  അപ്പോള്‍ ഒരാള്‍ ചോദിച്ചു: മനുഷ്യന്‍ തന്റെ വസ്ത്രം ഭംഗിയുള്ളതാവാന്‍ ഇഷ്ടപ്പെടുന്നു.  അവന്റെ ചെരിപ്പ് ഭംഗിയുള്ളതാവാന്‍ ഇഷ്ടപ്പെടുന്നു.  ഇത് അഹംഭാവമാണോ? നബി(സ്വ)പറഞ്ഞു:  അല്ലാഹു ഭംഗിയുള്ളവനാണ്.  ഭംഗിയെ അവന്‍ ഇഷ്ടപ്പെടുന്നു.

വിശ്വാസിയുടെ ജീവിതവുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് അഹങ്കാരമെന്ന് അല്ലാഹു പഠിപ്പിക്കുന്നു. 

Feedback