Skip to main content

ഏഷണി

അന്യരുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്ക് അനിഷ്ടകരമായത് പറയുന്നതാണ് പരദൂഷണം. അതിനോടനുബന്ധമായിത്തന്നെ അല്ലാഹുവും റസൂലും വിരോധിച്ചിട്ടുള്ള മറ്റൊരു ദുര്‍ഗുണമാണ് ഏഷണി. ഒരു വ്യക്തിയെക്കുറിച്ച് മറ്റൊരു വ്യക്തിയില്‍ നിന്ന് കേട്ട വിവരം അവര്‍ തമ്മിലുള്ള ബന്ധം വഷളാക്കാനും അവര്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുമായി ജനങ്ങളില്‍ പ്രചരിപ്പിക്കലാണ് ഏഷണി.

മക്കാജീവിത കാലഘട്ടത്തില്‍ തന്നെ നബി(സ്വ)ക്കും അംഗുലിപരിമിതരായ അനുചരന്മാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ചത് ശത്രുക്കളുടെ ഏഷണിയും ആക്ഷേപങ്ങളുമായിരുന്നു. മക്കാ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഈ നികൃഷ്ട സ്വഭാവത്തെ അധിക്ഷേപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. 'നിര്‍ബാധം സത്യം ചെയ്യുന്നവനും കുത്തുവാക്ക് പറയുന്നവനും ഏഷണിക്കാരനുമായ ഒരാളെയും നീ അനുസരിക്കരുത് (68:10,11).

സൗഹാര്‍ദപരമായിത്തീരേണ്ട മാനുഷികബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന വില്ലനായി പ്രത്യക്ഷപ്പെടുന്നത് ഏഷണിയും പരദൂഷണവുമാണ്. അതുകൊണ്ട് തന്നെ ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് നബി(സ്വ) പഠിപ്പിച്ചു (ബുഖാരി, മുസ്‌ലിം).

ഭദ്രതയുള്ള സമൂഹത്തിന്റെ ബീജാവാപം ഐക്യവും സ്‌നേഹവും ഊഷ്മളമായി നിലനില്‍ക്കുന്ന കുടുംബ സംവിധാനത്തില്‍നിന്നാണ്. വിശ്വാസികളുടെ സമൂഹത്തില്‍ ഛിദ്രതയ്ക്ക് വഴിതെളിയിക്കുന്നത് ശത്രുതയും പകയുംകൊണ്ട് ഹൃദയങ്ങള്‍ മലീമസമായിപ്പോകുമ്പോഴാണ്. അകന്നു കഴിഞ്ഞ മനസ്സുകള്‍ പകപോക്കലിനുള്ള അവസരങ്ങള്‍ക്കായി സഹോദരന്റെ അഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു.   നബി(സ്വ) പറഞ്ഞു: ''ഏഷണി പറയുകയും സുഹൃത്തുക്കളുടെ ഇടയില്‍ ഭിന്നിപ്പിണ്ടാക്കുകയും നിരപരാധികളുടെ കുറ്റവും കുറവുകളും തേടി നടക്കുകയും ചെയ്യുന്നവനാണ് അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും നിന്ദ്യന്‍'' (അഹ്മദ്).

കുഴപ്പവും നാശവും ആഗ്രഹിച്ചുകൊണ്ടോ കുതന്ത്രങ്ങളും സ്ഥാനമാനങ്ങളും ഉദ്ദേശിച്ചുകൊണ്ടോ താന്‍ കേട്ട ചീത്ത സംസാരം മറ്റുള്ളവരോട് പറഞ്ഞുപരത്തുന്നവനെ ഇസ്‌ലാം വളരെയേറെ വെറുക്കുന്നു. നന്മ കേട്ടാല്‍ ഒളിച്ചുവെക്കുകയും തിന്മ കേട്ടാല്‍ പ്രചരിപ്പിക്കുകയും കേട്ടില്ലെങ്കില്‍ നുണ പറയുകയും ചെയ്യുന്ന ഒരാള്‍ ഉമര്‍ബ്‌നു അബ്ദില്‍ അസീസിന്റെ അടുത്ത് വന്ന് മറ്റൊരാളെക്കുറിച്ച് അയാള്‍ വെറുക്കുന്ന ചില കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ബ്‌നു അബ്ദുല്‍ അസീസ് പറഞ്ഞു. താങ്കള്‍ സത്യമാണ് പറഞ്ഞതെങ്കില്‍ ഈ വാക്യം സൂചിപ്പിച്ചവരുടെ കൂട്ടത്തിലാണ്. ''കുത്തുവാക്ക് പറയുന്നവനും ഏഷണിക്കാരനുമായ ഒരുത്തനെയും താങ്കള്‍ അനുസരിക്കരുത്.'' താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് നാം മാപ്പ് നല്‍കാം. അപ്പോള്‍ ആഗതന്‍ പറഞ്ഞു. അമീറുല്‍ മുഅ്മിനീന്‍, എനിക്ക് മാപ്പ് തന്നാലും. ഞാന്‍ ഒരിക്കലും ഇത് ആവര്‍ത്തിക്കുകയില്ല. ഇബ്‌നു അബ്ബാസ്(റ)പറയുന്നു: ഒരിക്കല്‍ നബി(സ്വ) രണ്ട് ഖബ്‌റുകളുടെ അരികിലൂടെ നടന്നുപോകവേ ഇപ്രകാരം പറഞ്ഞു: അവര്‍ രണ്ടുപേരും ശിക്ഷിക്കപ്പെടുകയാണ്. ശിക്ഷയുടെ കാരണം അത്ര വലുതല്ല. എന്നാല്‍ അല്ലാഹുവിങ്കല്‍ അത് വലിയ കുറ്റമാണ്. ഒരാള്‍ ഏഷണി പരത്തിയിരുന്നു. മറ്റൊരാള്‍ മൂത്രമൊഴിക്കുമ്പോള്‍ മറഞ്ഞിരിക്കാറുണ്ടായിരുന്നല്ല (ബുഖാരി, മുസ്‌ലിം).
 

Feedback