Skip to main content

പിശുക്ക്

സമ്പത്തിനോടുള്ള അഭിനിവേഷം മനുഷ്യ സഹജമാണ്. മനുഷ്യന്‍ രാപകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്നത് സമ്പത്ത് നേടിയെടുക്കാനും, അതുവഴി ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ്. സമ്പത്തിന്റെ ലാഭനഷ്ടങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്ന മനുഷ്യന്‍, ജീവിതത്തില്‍ ലാഭമുണ്ടാക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുകയും നഷ്ടങ്ങള്‍ വരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്യുന്നു. സമ്പത്ത് നേടിയെടുക്കുന്നതിന്റെ പിന്നില്‍, മനുഷ്യന്റെ അധ്വാനവും ശേഷിയും നിമിത്തമാണെങ്കിലും അത് സ്രഷ്ടാവിന്റെ ഔദാര്യവും അനുഗ്രഹവുമാണെന്ന ചിന്ത മനുഷ്യന് നഷ്ടപ്പെട്ടുപോകുന്നു. സമ്പത്ത് നേടിയെടുത്ത് അത് ആസ്വദിക്കുകയെന്നത് മാത്രം ലക്ഷ്യമാക്കുന്നയാള്‍ സമ്പത്ത് ചെലവഴിക്കാതെ തടഞ്ഞു വെക്കുകയും, അര്‍ഹര്‍ക്ക് അവകാശപ്പെട്ട വിഹിതം പോലും വിട്ടുകൊടുക്കാന്‍ വൈമനസ്യം കാണിക്കുകയും ചെയ്ത് സങ്കുചിതനായിത്തീരുന്നു. പണത്തോടുള്ള പ്രതിപത്തി കാരണത്താല്‍ ഉണ്ടായിത്തീരുന്ന പിശുക്ക് എന്ന ദുര്‍ഗുണം വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് പറയുന്നത് അതിനാലാണ്. ഈ ദുര്‍ഗുണമാകട്ടെ മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളിലൊന്നാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു.

'പറയുക, എന്റെ നാഥന്റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരം നിങ്ങളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ചെലവായിത്തീരുമെന്ന ഭയം കാരണം അത് നിങ്ങള്‍ തടഞ്ഞുവെക്കുമായിരുന്നു. മനുഷ്യന്‍ വളരെ പിശുക്കന്‍ തന്നെ(17:100). പിശുക്ക് എന്ന ദുസ്വഭാവം കൊണ്ട് ഇഹത്തിലും പരത്തിലും പരാജയവും പതനവും മാത്രമാണ് ഉണ്ടായിത്തീരുന്നത്. കാരണം അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിഷേധിക്കലും സഹജീവികളോടുള്ള ബാധ്യതകള്‍ വിസ്മരിക്കലുമാണ്. അല്ലാഹു പറയുന്നു. 'അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കിയതില്‍ ലുബ്ധത കാണിക്കുന്നവര്‍, അവര്‍ക്കതു ഗുണകരമാണെന്ന് വിചാരിക്കുകയേ അരുത്. പ്രത്യുത അതവര്‍ക്ക് ദോഷമാണ്. ഏതൊരു സമ്പത്തില്‍ അവര്‍ ലുബ്ധത കാണിച്ചുവോ അത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്ക് മാലയായി അണിയിക്കപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരവകാശം അല്ലാഹുവിനാണ് (3:180).

മനുഷ്യ മനസ്സിന്റെ മ്ലേഛ വികാരങ്ങളിലൊന്നായ പിശുക്ക്, വ്യക്തിക്കും സമൂഹത്തിനും ദോഷം മാത്രമേ വരുത്തി വെക്കുകയുള്ളൂ. സ്വന്തം ആവശ്യങ്ങള്‍ക്കു പോലും സമ്പത്ത് ചെലവഴിക്കാന്‍ മടികാണിക്കുന്ന ലുബ്ധന്‍, സമൂഹ നന്മയ്ക്ക് ഉപകാരപ്പെടുകയും അര്‍ഹരായവരുടെ ആവശ്യങ്ങള്‍ക്ക് നിവര്‍ത്തി ഉണ്ടാക്കിക്കൊടുക്കാനായി സമര്‍പ്പിക്കേണ്ട വിനിയോഗങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നു. അതേ സമയം സമൂഹദ്രോഹപരമായ നീക്കങ്ങള്‍ ലുബ്ധന്റെ സങ്കുചിത മനസ്സ് കൊണ്ടുണ്ടായിത്തീരുന്നു. പിശുക്കി മാറ്റിവെക്കുന്ന സമ്പത്ത് തനിക്ക് ഗുണകരമാകുമെന്ന മിഥ്യാധാരണയുടെ അപകടകരമായ ഫലം വിദൂരമല്ലാത്ത ഭാവിയില്‍ ഇവിടെ വെച്ച് തന്നെ അനുഭവിക്കേണ്ടിവരുന്നു. 

പരിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ട തോട്ടക്കാരന്റെ കഥ, പിശുക്കന്‍മാര്‍ക്ക് നേരിട്ട ദയനീയ പരിണതിയുടെ വ്യക്തമായ ചിത്രം നമ്മുടെ മുമ്പില്‍ വരച്ചിടുന്നു. ധാരാളം സമ്പത്തിനുടമയായ ഒരു തോട്ടക്കാരന്‍. അത്യുദാരനായ അദ്ദേഹത്തിന്റെ തോട്ടത്തിലെ വിളവെടുപ്പ് ദിവസം പരിസരവാസികളായ സാധുക്കള്‍ക്കെല്ലാം ആഘോഷമായിരുന്നു. അവരോടുളള അലിവു കാരണം പാകമായ പഴങ്ങളെല്ലാം അവര്‍ക്ക് നല്‍കുമായിരുന്നു. ഓരോ വര്‍ഷം തോട്ടത്തിലെ കൃഷി അഭിവൃദ്ധിപ്പെട്ടു കൊണ്ടേയിരുന്നു. തോട്ടക്കാരന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളാണ് അതിന്റെ അവകാശികളായിത്തീര്‍ന്നത്.   വിളവെടുപ്പിനു സമയമായപ്പോള്‍, അവര്‍ അത് പാവങ്ങള്‍ക്ക് നല്‍കാതിരിക്കാനുള്ള വഴികളാണ് ആലോചിച്ചത്. വിഢിയായ പിതാവ് സ്വത്തെല്ലാം പാവങ്ങള്‍ക്ക് തിന്നാനായി വിട്ടു കൊടുത്തത് പോലെ നാമും ചെയ്താല്‍ അത് നമ്മെ കൂടുതല്‍ പാപ്പരാക്കുകയേ ഉള്ളൂ എന്ന് ചിന്തിച്ച അവര്‍, ഈ തോട്ടത്തിന്റെ ഫലങ്ങള്‍ പാകമാവുന്നത് കാത്തിരിക്കുന്ന പാവങ്ങളെ വിവരമറിയിക്കാതെ പഴമൊക്കെ പറിച്ചെടുക്കാമെന്ന് തീരുമാനിച്ചു. ദൈവഭക്തനായ ഒരാള്‍ വിയോജിപ്പ് പറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ അത് അംഗീകരിച്ചില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരുമറിയാതെ, നിശ്ശബ്ദരായി തോട്ടത്തിലേക്ക് പുറപ്പെട്ടു. പക്ഷേ അപ്പോഴേക്കും അല്ലാഹു തന്റെ തീരുമാനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നേരം പുലര്‍ന്നു കഴിഞ്ഞപ്പോഴേക്ക്, അതിലെ ഫലങ്ങളൊക്കെയും മുറിച്ചു കളഞ്ഞ നിലയിലായി കഴിഞ്ഞിരുന്നു. തോട്ടം കണ്ട് വിലപിക്കാന്‍ തുടങ്ങിയ അവര്‍ പറഞ്ഞു. 'നാം വഴിതെറ്റിയിരിക്കുന്നു. അല്ല, നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു (68:27).

ആര്‍ത്തി മൂത്ത മനസ്സില്‍ നിന്ന് രൂപം കൊള്ളുന്ന ലുബ്ധ്, സ്‌നേഹവാത്സ്യങ്ങളെ ഇല്ലാതാക്കി ബന്ധ വിഛേദത്തിന് വഴിവെക്കുന്നുവെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്: നബി(സ്വ)പറഞ്ഞു: ''നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുവിന്‍, നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചത് പിശുക്ക് കൊണ്ടാണ്. കുടുംബബന്ധം മുറിക്കുവാന്‍ അത് അവരോട് കല്പിച്ചു. അപ്പോള്‍ അവര്‍ അതു മുറിച്ചു'' (അബുദാവൂദ്). 

സത്യവിശ്വാസിയുടെ ഉന്നത സംസ്‌കാരവുമായി ഒരുവിധേനയും യോജിച്ചു പോകാത്ത പിശുക്ക് എന്ന ദുര്‍ഗുണമുള്ളവര്‍ നിന്ദ്യമായ പരലോകശിക്ഷക്ക് വിധേയരാകുന്നു. ലുബ്ധന്മാര്‍ മറ്റുള്ളവരെ പിശുക്കിന് പ്രേരിപ്പിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ തമസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'പിശുക്കുകയും പിശുക്കിന് ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു അവന്റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹം കുറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത് (4:37).

അല്ലാഹു അത്യുദാരനും മാന്യനുമാണ്. അവനുദേശിക്കുന്നവര്‍ക്ക് സമ്പത്തില്‍ വിശാലത നല്‍കുകയും ചിലര്‍ക്ക് ഞെരുക്കം നല്‍കുകയും ചെയ്തത് പരീക്ഷണത്തിന്റെ ഭാഗമായാണ്. അല്ലാഹുവിന്റെ ഔദാര്യമെന്ന നിലക്ക് ലഭിച്ച സമ്പത്തില്‍ ഒരാള്‍ ലുബ്ധ് കാണിക്കുന്നതു കൊണ്ട് അല്ലാഹുവിന്റെ ആധിപത്യത്തിനോ ധന്യതക്കോ യാതൊരു കോട്ടവും വരാനില്ല. പിശുക്ക് കാണിക്കുന്നവന് തന്നെയാണ് ഇഹത്തിലും പരത്തിലും അതിന്റെ ദോഷം അല്ലാഹു പറയുന്നു. ''ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് സംരക്ഷിക്കപ്പെട്ടുവോ അവരത്രെ വിജയികള്‍'' (64:16). എന്നാല്‍ ലുബ്ധ് മൂത്ത് സകാത്ത് എന്ന നിര്‍ബന്ധ ബാധ്യതപോലും നിറവേറ്റാതെ സമ്പത്ത് ശേഖരിച്ച് വെച്ചവരുടെയടുക്കല്‍ ആ സമ്പത്ത് വിഷപ്പാമ്പായി പ്രത്യക്ഷപ്പെട്ട് ആഞ്ഞുകൊത്തുമെന്ന് റസൂല്‍(സ്വ) ഗൗരവതരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (ബുഖാരി- മുസ്‌ലിം). 
 

Feedback