Skip to main content

ആക്ഷേപം

മനുഷ്യരുടെ ജീവന്ന് ഇസ്‌ലാം പവിത്രത കല്പിച്ചതുപോലെ അവരുടെ അഭിമാനത്തിനും അന്തസ്സിനും ഇസ്‌ലാം പവിത്രത കല്പിക്കുന്നു. അവയ്ക്ക് ക്ഷതമേല്‍ക്കുന്ന യാതൊന്നും മറ്റുള്ളവരില്‍ നിന്നുണ്ടാവാന്‍ പാടില്ല എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. നാവ് എയ്തു വിടുന്ന ആക്ഷേപശരങ്ങള്‍ മറ്റൊരാളുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നു.   ''വാളിനാലുള്ള വ്രണം കാലത്താല്‍ നികന്നിടും, നാവിനാലുള്ള വ്രണം മാറുകയില്ലൊരിക്കലും'' എന്ന കവിവാക്യം ചിന്തനീയം തന്നെ.

കെട്ടുറപ്പുള്ള സമൂഹത്തിന്റെ ഐക്യത്തിനും ഭദ്രതക്കും പരസ്പരം സഹകാരികളും സംരക്ഷകരുമായി ജീവിക്കുകയാണ് വേണ്ടത്. ആക്ഷേപത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ ദുഷിച്ച വഴിയിലേക്ക് നീങ്ങാന്‍ വിശ്വാസികള്‍ക്ക് പാടില്ല-''നിങ്ങള്‍ നിങ്ങളെത്തന്നെ അധിക്ഷേപിക്കരുത്'' എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.  ആരെങ്കിലും തന്റെ സഹോദരനെ കുത്തുവാക്ക് പറയുന്നുവെങ്കില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ തന്നെത്തന്നെയാണ് ആക്ഷേപിക്കുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിന് ശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! ഇങ്ങനെ ചെയ്തിട്ട് വല്ലവരും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍ (49:11).

സത്യവിശ്വാസികള്‍ മറ്റൊരാളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുകയും അത് പരസ്യമാക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും വേണം. സത്യവിരുദ്ധമായതോ, അര്‍ധസത്യമോ ആയ ഒരു കാര്യത്തിന്റെ പേരില്‍ ഒരാളെ ആക്ഷേപത്തിനിരയാക്കിയാല്‍ പാപത്തിന്റെ ഗൗരവം വര്‍ധിക്കുന്നു. അല്ലാഹു പറയുന്നു. ''സത്യവിശ്വാസികളായ പുരുഷന്മാരെയും സത്യവിശ്വാസിനിയായ സ്ത്രീകളെയും അവര്‍ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവര്‍ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും (33:58). നബി(സ്വ) പറഞ്ഞതായി ഇബ്‌നു മസ്ഊദ്(റ)പറയുന്നു: ഒരു മുസ്‌ലിമിനെ ശകാരിക്കല്‍ പാപവും അവനെ കൊലപ്പെടുത്തല്‍ സത്യനിഷേധവുമാണ്.'' (മുതഫഖുന്‍ അലൈഹി)

തെറ്റു ചെയ്തവന് മാതൃകാപരമായ ശിക്ഷ ഇസ്‌ലാം വിധിക്കുന്നുണ്ട്. ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരീഅത്ത് താത്പര്യപ്പെടുന്ന ശിക്ഷാമുറ നടപ്പിലാക്കാന്‍ അതത് ഭരണാധികാരികളാണ് മുന്‍കൈയ്യെടുക്കേണ്ടത്. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്നതിനപ്പുറം കുറ്റവാളികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന പരിധിവിട്ട വാക്കുകള്‍ പ്രയോഗിക്കാന്‍ പാടില്ല എന്ന് റസൂല്‍(സ്വ) പറഞ്ഞു തരുന്നു. 

മനുഷ്യന്റെ കര്‍മങ്ങള്‍ക്കുള്ള വിചാരണയും രക്ഷാ ശിക്ഷകളും നടപ്പിലാക്കാന്‍ സമ്പൂര്‍ണമായ അധികാരം അല്ലാഹുവിന് മാത്രമാണ്. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനുമാണ് വിശ്വാസികള്‍ക്ക് ബാധ്യതയുള്ളത്. ഒരാളെ അവിശ്വാസിയായി മുദ്രകുത്താനോ അയാളില്‍ സത്യനിഷേധം ആരോപിക്കാനോ ആര്‍ക്കും അധികാരമില്ല. അത്തരത്തിലുള്ള ആക്ഷേപ ശരങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകുമെന്ന് റസൂല്‍(സ്വ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അബൂദര്‍ദ്ദാഅ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: സത്യനിഷേധം (കുഫ്‌റ്), ദുര്‍ന്നടപ്പ് (ഫിസ്ഖ്) എന്നിവകൊണ്ട് ആരും മറ്റൊരാളെ കുറ്റപ്പെടുത്തുകയില്ല; അവന്‍ അതിന് അര്‍ഹനല്ലെങ്കില്‍ ആ കുറ്റപ്പെടുത്തിയവനിലേക്ക് തന്നെ അത് തിരിച്ചെത്തിയിട്ടല്ലാതെ (മുസ്‌ലിം).


 

Feedback