Skip to main content

മുഖപ്രശംസ

ഒരാള്‍ നബി(സ്വ)യുടെ അടുത്ത് വന്ന് സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠനേ (യാ ഖൈറുല്‍ ബരിയ്യ) എന്നു വിളിച്ചു. നബി(സ്വ) പറഞ്ഞു. അത് ഇബ്രാഹീം ആണ് (മുസ്‌ലിം).  സൃഷ്ടികളില്‍ ഉത്തമന്‍ (അശ്‌റഫുല്‍ ഖല്‍ഖ്) എന്ന ബഹുമതി നാമത്തിന് തിരുദൂതര്‍ അര്‍ഹനായിട്ടും അങ്ങനെയുള്ള അഭിസംബോധന നബി(സ്വ) ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം അത് മുഖസ്തുതിയിലേക്ക് നീങ്ങിയപ്പോള്‍ അതില്‍ തിരുദൂതര്‍ക്കുള്ള അനിഷ്ടം പ്രകടിപ്പിക്കുകയാണ് ചെയ്തത്. പ്രശംസയും പരിഗണനയും അതര്‍ഹിക്കുന്നവിധം പ്രകടിപ്പിക്കുന്നത് പ്രോത്സാഹജനകവും നന്മ ചെയ്യാനുള്ള പ്രേരകവുമാണ്. എന്നാല്‍ അര്‍ഹിക്കുന്ന വിഷയങ്ങളില്‍തന്നെ അതിരുവിട്ട പ്രശംസ തിരുദൂതര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല അത് ആരാധന മനോഭാവവും വിധേയത്വവും ഒക്കെ സൃഷ്ടിക്കുന്ന സ്വഭാവ ദൂഷ്യമായിട്ടാണ് വിശുദ്ധഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിച്ചുതരുന്നത്. 

അതിരുകവിഞ്ഞ് പുകഴ്ത്തല്‍ എന്നതിന് അറബി ഭാഷയിലുള്ള പ്രയോഗം ''ഇത്വ്‌റാഅ്'' എന്നാണ്. അതിരുവിട്ടുള്ള പുകഴ്ത്തലില്‍ നുണയും കൂടികലര്‍ന്ന് വ്യാജമായി അവതരിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ക്രൈസ്തവര്‍ മര്‍യം ബീവിയുടെ പുത്രന്‍ ഈസാ(അ)നെ അമിതമായി വാഴ്ത്തി. ഒടുവില്‍ ദിവ്യത്വവും കല്പിച്ചു. റസൂല്‍(സ്വ) ഈ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ട് ഇത്വ്‌റാഅ്‌നെ വിലക്കുന്നു.   ഉമര്‍(റ) പറയുന്നു: നബി(സ്വ) മിമ്പറില്‍ വെച്ച് പറയുന്നതായി ഞാന്‍ കേട്ടു. ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ)നെ അതിരുകവിഞ്ഞ് പുകഴ്ത്തിയപോലെ നിങ്ങളെന്നെ അതിരുകവിഞ്ഞ് പുകഴ്ത്തരുത് (ബുഖാരി). 

നബി(സ്വ)യുടെ സാന്നിധ്യത്തില്‍ ഒരാള്‍ മറ്റൊരാളെ വാഴ്ത്തിപ്പറയുന്നത് കേട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. 'നിന്റെ സ്‌നേഹിതന്റെ പിരടി നീ മുറിച്ചുകളഞ്ഞു'. മൂന്നു പ്രാവശ്യം ഇത് നബി(സ്വ) ആവര്‍ത്തിച്ചു (അബൂദാവൂദ്). ഒരാള്‍ മറ്റൊരാളെക്കുറിച്ച് പുകഴ്ത്തിപ്പറയുന്നത് ആക്ഷേപാര്‍ഹമല്ല. ആവശ്യമായ കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും അത് അനിവാര്യമാണുതാനും. എന്നാല്‍ അനാവശ്യമായ വര്‍ണനകളും അനൗചിത്യമായ പ്രയോഗങ്ങളും നടത്തി പൊലിപ്പിച്ചും പെരുപ്പിച്ചും പറയുന്നതും അതുകേട്ട് ആനന്ദ നിര്‍വൃതിയടയുന്നതും വിശ്വാസിള്‍ക്ക് ചേര്‍ന്നതല്ല. അതുകെണ്ട് മുഖപ്രശംസ നടത്തുന്നവരെ കണ്ടാല്‍ അവരുടെ മുഖത്ത് മണ്ണ് വാരി എറിയുവിന്‍ എന്ന് റസൂല്‍(സ്വ) പറഞ്ഞു. മുഖസ്തുതി പറയുന്നത് ചിലരുടെ ഒരു പതിവ് സംസാരശൈലിയാകുമ്പോള്‍ ആ സംസാരം ശ്രവിക്കുന്നവരിലും പ്രശംസിക്കപ്പെടുന്നവരിലും അഹങ്കാരചിന്ത മുളപൊട്ടുകയും ചെയ്യും. സ്തുതിപാഠകരായ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ പ്രശംസിക്കപ്പെടുന്നവര്‍ പെരുമ നടിക്കുകയും അനര്‍ഹമായ കാര്യങ്ങളില്‍പോലും പ്രശംസ കൊതിക്കുകയും ചെയ്യും. മുഖസ്തുതി എന്ന ദുര്‍ഗുണം വ്യക്തിത്വത്തെ ദുഷിപ്പിക്കുന്നതും നരകാവകാശിയാക്കിത്തീര്‍ക്കുന്നതുമായ പാപമായി വിശുദ്ധഖുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത് അക്കാരണം കൊണ്ടാണ്.

അല്ലാഹു പറയുന്നു: ''തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (3:188)

                                                     
                         

Feedback