Skip to main content

പ്രദര്‍ശനപരത

അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് സത്യവിശ്വാസത്താല്‍ പ്രചോദിതരായി ചെയ്യുന്ന സത്കര്‍മങ്ങള്‍ മാത്രമാണ് പാരത്രിക വിജയം നേടിത്തരുന്നത്. ജനങ്ങളെ കാണിക്കാനും അവര്‍ക്കിടയില്‍ ആദരവും അംഗീകാരവും നേടിയെടുക്കാനുമായി ചെയ്യുന്ന നന്മകളത്രയും പരലോകത്ത് നിഷ്ഫലമായിത്തീരുന്നു. പ്രദര്‍ശന പരതയും പ്രശസ്തി മോഹവുമാണ് കര്‍മങ്ങള്‍ നിഷ്ഫലമാവാന്‍ ഒരു കാരണം. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് നിര്‍വഹിക്കേണ്ട ആരാധന കര്‍മങ്ങളും സത്കര്‍മങ്ങളും ജനപ്രീതി നേടിയെടുക്കാനായി ചെയ്യുമ്പോള്‍ വിശ്വാസത്തിലുള്ള വ്യതിയാനവും കാപട്യവുമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഈ കപട വിശ്വാസികള്‍ അല്ലാഹുവിനെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്‌കാരത്തിന് നില്‍ക്കുന്നതു പോലും അലസന്മാരായാണ്, ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ച് മാത്രമേ അല്ലാഹുവിനെ ഓര്‍ക്കുന്നുള്ളൂ (4:142).

അല്ലാഹു പറയുന്നു. 'ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കുട്ടുകാരാനാകുന്നതെങ്കില്‍ അവന്‍ എത്ര ദുഷിച്ച കൂട്ടുകാരന്‍ (4:38).

സത്യമാര്‍ഗത്തിലുള്ള ധര്‍മസമരത്തെപ്പോലും പ്രകടനപരത സ്വാധീനിച്ചാല്‍ അതോടെ കര്‍മം നിഷ്ഫലമായിത്തീരുന്നു. അല്ലാഹു പറയുന്നു. 'ഗര്‍വോട് കുടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും. തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു' (8:47). അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ചെയ്യേണ്ട സത്കര്‍മങ്ങള്‍ ജനങ്ങളെ കാണിക്കാനും അവര്‍ക്കിടയില്‍ സത്കീര്‍ത്തി സമ്പാദിക്കാനും വേണ്ടി ചെയ്താല്‍ അത് ശിര്‍ക്കില്‍ പെടുന്നുവെന്ന് നബി(സ്വ) അരുളി. അല്ലാഹു പറയുന്നു: 'എന്നില്‍ പങ്കു ചേര്‍ക്കുന്നവരുടെ പങ്കു ചേര്‍ക്കലുകളില്‍ നിന്നെല്ലാം ഞാന്‍ മുക്തനാണ്. അതിനാല്‍ ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കു ചേര്‍ത്താല്‍ അവനെയും അവന്‍ പങ്ക് ചേര്‍ത്തതിനേയും ഞാന്‍ നിരാകരിക്കും' (മുസ്ലിം). പ്രദര്‍ശതത്പരത ചെറിയ ശിര്‍ക്കാണ് ( ഹാകിം).

സത്കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യയോഗ്യമാകുന്നതിനുള്ള മൂന്നുപാധികള്‍: ഒന്ന്: സത്യവിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുക. രണ്ട്: അല്ലാഹുവില്‍ നിന്നുളള പ്രതിഫലേഛയോട് കൂടി സത്കര്‍മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പോലും അത് പ്രതിഫലാര്‍ഹമായിത്തീരുന്നു. ഉദ്ദേശ്യമനുസരിച്ച് പ്രവര്‍ത്തിക്കുക കുടി ചെയ്താല്‍ പൂര്‍ണനന്മയായി പ്രതിഫലം നല്‍കപ്പെടും. മൂന്ന്: ആത്മാര്‍ഥത. ജനങ്ങളുടെ ഇടയില്‍ പേരും പ്രശസ്തിയും ആദരിച്ച് സത്കര്‍മങ്ങള്‍ ചെയ്യുന്നതോടു കൂടി ആതാമാര്‍ഥതയ്ക്ക് പരിക്കു പറ്റുന്നു. ഒടുവില്‍ സത്കര്‍മങ്ങളെല്ലാം ചെയ്തിട്ടും നിന്ദ്യമായ പര്യവസാനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും. അബുഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: 'അല്ലാഹു അന്ത്യദിനത്തില്‍ ആദ്യമായി വിധി കല്പിക്കുക രക്തസാക്ഷിയുടെ കാര്യത്തിലാണ്. രക്തസാക്ഷിയെ ഹാജരാക്കി അദ്ദേഹത്തിനു നല്‍കിയ അനുഗ്രഹങ്ങള്‍ അറിയിക്കുകയും അയാള്‍ അത് ഉള്‍ക്കൊളളുകയും ചെയ്യും. അപ്പോള്‍ താങ്കള്‍ അത് എങ്ങനെ വിനിയോഗിച്ചുവെന്ന് അല്ലാഹു അന്വേഷിക്കും. രക്തസാക്ഷി മരിക്കുവോളം നിന്റെ മാര്‍ഗത്തില്‍ പടപൊരുതിയെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും. നീ കള്ളം പറയുകയാണ്. ധീരനെന്ന് പറയപ്പെടാന്‍ വേണ്ടിയാണ്. നീ യുദ്ധം ചെയ്ത് അത് സംഭവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. പിന്നീട് അയാള്‍ ശിക്ഷിക്കാന്‍ വിധിക്കപ്പെടുകയും മുഖം നിലത്തിട്ട് വലിച്ച് നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. വിജ്ഞാനം നേടുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും, ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയത ആള്‍ ഹാജരാക്കപ്പെടുന്നു. അയാള്‍ക്ക് അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങളെ അയാള്‍ക്ക് ബോധ്യം വരുന്നു. അപ്പോള്‍ അത് എന്തിനു വേണ്ടി വിനിയോഗിച്ചുവെന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയും. ഞാന്‍ നിനക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുകയും അതിലെ വിജ്ഞാനം നേടി അത് അഭ്യസിപ്പിക്കുകയും ചെയ്തുവെന്ന് അയാള്‍ പറയുന്നു. ഉടനെ അല്ലാഹു പറയും നീ കള്ളം പറയുകയാണ് പണ്ഡിതന്‍ എന്ന് ജനം പറയാന്‍ വേണ്ടിയാണ് നീ പഠിച്ചത്. ഓത്തുകാരന്‍ എന്ന് ജനങ്ങള്‍ വിശേഷിപ്പിക്കാന്‍ നീ ഖുര്‍ആന്‍ പാരായണം ചെയ്തു. അത് എല്ലാം സംഭവിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ക്ക് ശിക്ഷ വിധിക്കപ്പെടുകയും മുഖം നിലത്ത് വലിച്ചിഴച്ച് നരകത്തിലെറിയപ്പെടുകയും ചെയ്യും (മുസ്‌ലിം). 
 

Feedback