Skip to main content

പിണക്കം

ജീവിക്കുന്ന സമൂഹത്തിലെ ഓരോ അംഗവുമായി ഇണങ്ങിക്കഴിയേണ്ടവനാണ് സത്യവിശ്വാസി. നന്മയില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹകരിക്കുകയും ചെയ്തുകൊണ്ട് ആദര്‍ശ വ്യതിര്യക്തതയോടെ ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനാവുകയും വേണ്ടതുണ്ട്. അതോടൊപ്പം സുഹൃദ്ബന്ധത്തിനും കുടുംബബന്ധത്തിനും ഊഷ്മളത പകരുന്ന സമ്പര്‍ക്കങ്ങളും സഹവാസങ്ങളുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. വാക്കിലോ നോക്കിലോ പ്രവൃത്തികളിലോ ഇടപാടുകളിലോ ഇടപെടലിലോ മാനസികമായി അകല്‍ച്ചയുണ്ടാകുന്നതും ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നതുമായ യാതൊന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനിഷ്ടങ്ങളും അഭിപ്രായ ഭിന്നതകളും വ്യക്തികള്‍ക്കിടയില്‍ വീട്ടിലും നാട്ടിലും ഉള്ള സമൂഹ കൂട്ടായ്മകളിലെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അത് പിണക്കങ്ങളായി പടര്‍ന്ന് പകയും ശത്രുതയും ആയി വളര്‍ന്ന് ബന്ധങ്ങള്‍ വഷളാവുന്ന തരത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രത ആവശ്യമാണ്.

ഒരു മുസ്‌ലിം തന്റെ മുസ്‌ലിം സഹോദരനുമായി പിണങ്ങിനില്‍ക്കുന്നതും ബന്ധം മുറിച്ചുകളയുന്നതും അയാളെ ഉപേക്ഷിക്കുന്നതും നിഷിദ്ധമാണ്. പരസ്പരം തെറ്റിയ രണ്ടാളുകള്‍ക്ക് കോപമടക്കാന്‍ മൂന്നുദിവസത്തിലധികം അവധി നല്‍കപ്പെട്ടിട്ടില്ല. പിന്നീടവര്‍ അനുരഞ്ജനത്തിലെത്തി വിദ്വേഷ മുക്തരായിത്തീരാന്‍ ശ്രമിക്കണം. നബി(സ്വ) പറഞ്ഞു.

''ഒരു മുസ്‌ലിമിന് തന്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ല. മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ തന്റെ സഹോദരനെ കാണുകയും അയാള്‍ക്ക് സലാം പറയുകയും ചെയ്യട്ടെ. സലാം മടക്കിയാല്‍ രണ്ടുപേരും പ്രതിഫലത്തില്‍ പങ്കാളിയായി. സലാം മടക്കിയില്ലെങ്കില്‍ അയാള്‍ക്കുള്ള പങ്കാളിയായിത്തീരും. സലാം ചൊല്ലിയ മുസ്‌ലിം കുറ്റത്തില്‍ നിന്ന് മോചിതനാവുകയും ചെയ്യും'' (അഹൂദാവൂദ്).

കുടുംബ ബന്ധത്തിന്റെ ആദരണീയത ഊന്നിപ്പറഞ്ഞിട്ടുള്ള ഇസ്‌ലാമില്‍ ഓരോ അംഗവും ആ ബന്ധത്തിന് പോറലേല്‍ക്കുന്ന യാതൊന്നും ഉണ്ടാവാതിരിക്കാന്‍ അതീവ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''ഏതൊരു അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം സഹായങ്ങള്‍ ചോദിക്കുന്നത് അവനെയും കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (4:17). നബി(സ്വ) ബന്ധം ചേര്‍ക്കുന്നതിന്റെ ഗൗരവമുണര്‍ത്തിയതിങ്ങനെയാണ്. ''കുടുംബബന്ധം ദിവ്യസിംഹാസനമായി ബന്ധപ്പെട്ടതാണ്. അതുപറയും, ആരെങ്കിലും എന്നെ ചേര്‍ത്താല്‍ അല്ലാഹു അവനെയും ചേര്‍ക്കും. ആരെങ്കിലും എന്നെ മുറിച്ചാല്‍ അല്ലാഹു അവനെയും അകറ്റിക്കളയും (ബുഖാരി,  മുസ്‌ലിം).

നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള പിണക്കങ്ങള്‍ പരസ്പരം കോപവും ശത്രുതയും ഉള്ളിലൊതുക്കി കഴിയുന്ന ദുരവസ്ഥയിലേക്ക് എത്തിക്കുന്നു. വിട്ടുവീഴ്ചയുടെയും സഹനത്തിന്റെയും മാര്‍ഗവമലംബിക്കുന്നതിന് പകരം അഹങ്കാരത്തിന്റെ ശൈലിയില്‍ പെരുമാറുകയും ചെയ്യുന്നു. പരസ്പരമുള്ള വിനയം എന്ന സദ്ഗുണമാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിശ്വാസികളുടെ സ്വഭാവമായി എടുത്തുകാണിക്കുന്നത്. വിനയമുള്ള മനസ്സുകളില്‍ പിണക്കങ്ങള്‍ക്ക് അല്പായുസ്സ് മാത്രമേ ഉണ്ടാകുകയുള്ളൂ.

അല്ലാഹുവിലുള്ള സുദൃഢ വിശ്വാസംകൊണ്ട് പരസ്പരം സ്‌നേഹിക്കുകയും ഒരൊറ്റ ശരീരംപോലെ സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്നവരായിരുന്ന തിരുദൂതരുടെ അനുചരന്മാര്‍. അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കുന്നവരും അല്ലാഹുവിനുവേണ്ടി കോപിക്കുന്നവരുമായി രുന്നു അവര്‍.

വ്യത്യസ്ത സ്വഭാവ ഗതിക്കാരും അഭിപ്രായമുള്ളവരുമുള്ള ഏതൊരു സാമൂഹിക കൂട്ടായ്മയിലും തര്‍ക്കങ്ങളും ഭിന്നതകളും തലപൊക്കുക സ്വാഭാവികമാണ്. എന്നാല്‍ അതെല്ലാം മാനസികമായി അകല്‍ച്ചയുണ്ടാക്കുന്നതോ പിണക്കം മൂര്‍ഛിച്ച് ശത്രുത  വളരുന്നതിനോ നിമിത്തമായിക്കൂടാ. പിണങ്ങിക്കഴിയുന്ന രണ്ടാളുകളുടെ ഇടയില്‍ അനുരഞ്ജനശ്രമത്തിലൂടെ സൗഹാര്‍ദത്തിന് പരുക്കേല്‍ക്കാത്തവിധം ബന്ധം ശക്തിപ്പെടുത്താനുള്ള റോള്‍ നിര്‍വ്വഹിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അനുരഞ്ജനശ്രമമെന്നത് വിശ്വാസികളുടെ ബാധ്യതയായി ഖുര്‍ആന്‍ (49:16) ഉണര്‍ത്തുന്നുണ്ട്. ജാബിര്‍(റ)ല്‍ പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ നമസ്‌കരിക്കുന്ന ഒരാളും തന്നെ ആരാധിക്കുകയില്ല എന്ന കാര്യത്തില്‍ പിശാച് നിരാശപ്പെട്ടിരിക്കുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതില്‍ അവന്‍ വിജയിച്ചിരിക്കുന്നു (മുസ്‌ലിം).
 

Feedback