Skip to main content

ആകാശത്തു നിന്ന് ആഹാരം

അല്ലാഹു ആകാശത്തു നിന്ന് മഴ വര്‍ഷിപ്പിക്കുകയും അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ മുളപ്പിച്ച് മനുഷ്യര്‍ക്കും ഇതര ജീവികള്‍ക്കുമുളള ഉപജീവനമൊരുക്കുകയും ചെയ്തുവെന്ന് ഖുര്‍ആനില്‍ ധാരാളം വചനങ്ങളിലൂടെ പ്രതിപാദിക്കുന്നതായി കാണാം. എന്നാല്‍ അല്ലാഹു അവനെ പരിചയപ്പെടുത്തുന്ന ചില വചനങ്ങളില്‍ ''ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നവന്‍'' എന്ന് പറയുന്നതായും കാണാം. ആകാശത്തു നിന്ന് ആഹാരം നല്‍കുന്നു എന്ന് പറഞ്ഞതിന്റെ താത്പര്യമെന്തെന്ന് ശാസ്ത്രീയമായി ഒരു വിശകലനം നടത്താം.

സമാഅ് എന്ന അറബി പദത്തിന് ഉയര്‍ന്നത് ഉപരിയായത് എന്നീ അര്‍ഥങ്ങളാണുളളത്. ഭൂമിയുടെ തൊട്ട് മുകളിലുളള മേഘങ്ങള്‍ക്കും അനന്തമായ ഏഴാകാശത്തിനും ഖുര്‍ആനില്‍ ഇതേ പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത്. ആകാശങ്ങള്‍ക്കും ഭൂമിക്കും ഇടയിലുളളത് എന്ന പദപ്രയോഗം ഇരുപത് സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിതായി കാണാം. ആകാശഭൂമിക്കിടയിലുളളത് എന്നത്  കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഭൂമിക്ക് മുകളിലുളള വാതക പാളിയാകാണ് സാധ്യത. കാരണം മേഘത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നിടത്ത് ''ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്''(2:164) എന്ന പരാമര്‍ശം കാണാം. മേഘത്തില്‍ നിന്നാണ് മഴ വര്‍ഷിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മേഘം എന്ന പദം തന്നെ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുമുണ്ട് അതിന്റെ സ്ഥാനം ആകാശത്തിനും ഭൂമിക്കുമിടയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനില്‍ ചില വചനങ്ങളില്‍ മേഘത്തില്‍ നിന്ന് വെളളമിറക്കി എന്ന് പറയുന്നതിന് പകരം ആകാശത്ത് നിന്ന് വെള്ളമിറക്കി എന്ന് പറയുന്നതായി കാണാം. ഇത്തരം വചനങ്ങളില്‍ സമാഅ് (ആകാശം) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മേഘമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഭൂമിയിലെ സസ്യങ്ങള്‍ക്ക് ആഹാരം ഉത്പാദിപ്പിക്കാന്‍ കേവലം ജലം മാത്രം മതിയാകില്ല. സൂര്യപ്രകാശവും മറ്റനേകം ധാതുലവണങ്ങളും ആവശ്യമാണ്. ഇവയെല്ലാം ചെടികള്‍ക്ക് ലഭിക്കുന്നതും ആകാശത്ത് നിന്ന് തന്നെയാണ്. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന ഉല്‍ക്കകളിലൂടെ നൈട്രജന്‍, കാര്‍ബണ്‍, സോഡിയം, പൊട്ടാസ്യം തുടങ്ങി അനവധി മൂലകങ്ങള്‍ ഭൂമിയില്‍ പതിക്കുന്നുണ്ട്. ഭൂമിയെ സമ്പുഷ്ടമാക്കുന്നതിന് വേണ്ടി ദിനേന ടണ്‍ കണക്കിന് ഇത്തരം രാസപദാര്‍ഥങ്ങള്‍ പലവിധത്തിലായി ഇവിടെ എത്തുന്നുണ്ട്. സസ്യങ്ങളുടെ വളര്‍ച്ചക്ക് അനിവാര്യമായ ജലവും സൗരോര്‍ജവും ഇത്തരം ധാതുലവണങ്ങളും ഭുമിയിലേക്ക് എത്തുന്നത് ആകാശത്ത് നിന്നായത് കൊണ്ട് ആകാശത്ത് നിന്നുളള ആഹാരം എന്ന ഖുര്‍ആന്‍ പ്രയോഗം വളരെ അര്‍ഥവത്താണ്.

ആകാശത്തു നിന്ന് ആഹാരം എന്ന വചനത്തിന് ശാസ്ത്രീയ വ്യാഖ്യാനം കണ്ടെത്തുന്നതിലൂടെ  അന്നദാതാവ് അല്ലാഹു തന്നെയാണ് എന്ന വസ്തുത നിഷേധിക്കപ്പെടുന്നില്ല. ഖുര്‍ആനില്‍ ആകാശത്തുളളവന്‍ ആഹാരം തരുന്നുവെന്നോ അല്ലെങ്കില്‍ ആകാശത്തു നിന്ന് മാത്രം ആഹാരം ലഭിക്കുന്നുവെന്നോ പറയുകയാണെങ്കില്‍ അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സര്‍വലോക രക്ഷിതാവായ അല്ലാഹുവാണ് എന്ന് മനസിലാക്കാം. എന്നാല്‍ ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവന്‍ അവനാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''പറയുക ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ് ''?(10:31), ''ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹു അല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?'' (35:3). 


 

Feedback