Skip to main content

ചലിക്കുന്ന പര്‍വതങ്ങള്‍

ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ പര്‍വതങ്ങള്‍ മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.   പര്‍വതങ്ങള്‍ നിശ്ചലവും അവ ഭൂമിയില്‍ ഉറച്ചു നില്‍ക്കുന്നതുമായിട്ടാണ് പലരും ഗണിക്കുന്നത്. എന്നാല്‍ പര്‍വതങ്ങള്‍ നമുക്ക് അനുഭവവേദ്യമല്ലാത്ത രൂപത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഖുര്‍ആനില്‍ പ്രസ്താവിക്കുന്നത്. 'പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചു നില്‍ക്കുന്നതാണെന്ന് നീ ധരിച്ചു പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്. എല്ലാ കര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്'(നംല്. 88). ഈ ഖുര്‍ആന്‍ വചനത്തിന് പുര്‍വീകരായ ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അര്‍ഥം നല്‍കിയിരുന്നത് പര്‍വതങ്ങളുടെ ചലനം അന്ത്യദിനത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണെന്നാണ്. എന്നാല്‍ 'അവ ഉറച്ചു നില്‍ക്കുന്നതാണ് എന്ന് നീ ധരിച്ചുപോകും' എന്ന പ്രയോഗത്തില്‍ നിന്ന് പര്‍വതങ്ങളുടെ ഇപ്പോള്‍ നിലവിലുളള അവസ്ഥ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാനാവും. ഭൗമ ശാസത്ര രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് നടന്നിട്ടുളള നിരവധി പഠനങ്ങളും ഗവേഷണങ്ങളും പര്‍വതങ്ങള്‍ ചലിക്കുന്നുണ്ട് എന്ന വസ്തുതയിലേക്കാണ് വെളിച്ചം വീശുന്നത്.


 
1912ല്‍ ആല്‍ഫ്രഡ് വെഗിനര്‍ എന്ന ശാസ്ത്രജ്ഞന്‍ ഭൂമിയുടെ പ്ലേറ്റുകള്‍ നീങ്ങുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ വന്‍ പര്‍വതങ്ങളുടെ ഭാരം ചുമക്കുന്ന പ്ലേറ്റുകള്‍ക്ക് ചലിക്കാന്‍ കഴിയുമെന്ന തത്ത്വം അക്കാലത്ത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് അര നൂററാണ്ട് കാലത്തേക്ക് ഇദ്ദേഹത്തിന്റെ നിരീക്ഷണത്തിന് ശാസ്ത്രജ്ഞരുടെ പിന്തുണയോ സ്വീകാര്യതയോ ലഭിച്ചിരുന്നില്ല. പിന്നീട് എഴുപതുകളിലാണ് ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നു എന്ന സിദ്ധാന്തത്തിന് ശാസ്ത്രീയ മാനം കൈവന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും കൃത്രിമ ഉപഗ്രഹങ്ങളുടെയും റഡാറുകളുടെയും മറ്റു നിരീക്ഷണ ഉപകരണങ്ങളുടെയും സഹായത്തോടു കൂടി ഈ ചലനം ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയുണ്ടായി. ഭൂമിയുടെ പുറന്തോടിന് അടിയിലായി ഒരു കൂട്ടം പ്ലേറ്റുകളുടെ പാളിയാണുളളത്. ഈ പാളികള്‍ പലതായി വേറിട്ടു കിടക്കുകയാണ് ചെയ്യുന്നത്. ഈ പാളികള്‍ അതിന് തൊട്ടു താഴെയുളള മാന്റില്‍ എന്ന പദാര്‍ത്ഥത്തില്‍ തെന്നി നീങ്ങി ചലിച്ചു കൊണ്ടിരുക്കുന്നുണ്ട്. ഇവയുടെ ചലനവും കൂട്ടിമുട്ടലുമാണ് പര്‍വതങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഇങ്ങനെ രൂപം കൊളളുന്ന പര്‍വതങ്ങളും അതിന്റെ ചുവട്ടിലെ പാളിയുടെ ചലനത്തിനനുസരിച്ച് ചലിച്ചു കൊണ്ടിരിക്കുക തന്നെയാണ് ചെയ്യുന്നത്. 

ഭൂമിയുടെ പുറന്തോടിന് താഴെയുളള പാളികളുടെ അടുക്ക് ഒരു ഏക പാളിയല്ല, അത് ഒരുപാട് ഖണ്ഡങ്ങള്‍ ചേര്‍ന്നതാണ്, അതില്‍ ഓരോ പാളിക്കും ഏകദേശം 80 കിലോമീറ്റര്‍ ഘനമുണ്ടാകും. ഈ പാളികള്‍ ഭാരിച്ചതും ചൂടുളളതുമായ മാന്റിലിനു മുകളില്‍ വര്‍ഷത്തില്‍ പത്ത് സെന്റീ മീറ്റര്‍ എന്ന തോതില്‍ വളരെ മന്ദഗതിയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ പാളികളുടെ കൂട്ടിമുട്ടല്‍ ഭൂചലനങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട്. അത് കൊണ്ട് ഇവയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടതല്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുളളത്. 

പര്‍വതങ്ങളെ വഹിക്കുന്ന ഭൗമപാളികളുടെ ചലനങ്ങള്‍ക്കനുസരിച്ച് പര്‍വതങ്ങളും ഓരോ വര്‍ഷവും ഏതാനും മില്ലീമീറ്ററുകള്‍ ചലിക്കാറുണ്ട്. ഈ ചലനം കൊണ്ട് മാത്രമല്ല ഈ പാളികളുടെ വ്യാപ്തി കൂടുന്നതു കൊണ്ടും ഇവ ഇതര പാളികളുമായി കൂട്ടിയിടിക്കാറുണ്ട്. ഇത് കാരണം ചിലപ്പോള്‍ ഭൂമുഖത്ത് പര്‍വതങ്ങളും നദികളും രൂപം കൊളളാറുണ്ട്. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ വചനം ഉണ്ട്. 'അവനാണ് ഭൂമിയെ വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍' (റഅദ് 3). പര്‍വതങ്ങളുടെ അല്ലെങ്കില്‍ അതിനെ വഹിക്കുന്ന പാളികളുടെ ചലനങ്ങള്‍ക്ക് കാരണമായി വര്‍ത്തിക്കുന്നത് അതിന് അകത്തളത്തിലെ താപത്തിന്റെ സ്വാധീനമാണ്. ഈ ചലനങ്ങള്‍ വളരെ മന്ദഗതിയിലാണ് സംഭവിക്കുന്നത് അത് കൊണ്ട് തന്നെ ഒരു സൂപ്പര്‍ കമ്പൂട്ടറിന്റെ സഹായത്തോടെ മാത്രമേ ഇത് കെണ്ടത്താന്‍ പറ്റുകയുളളൂ. തന്നെയുമല്ല മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഈ ചലനങ്ങളുടെ സ്വാധീനം ഭൂമുഖത്ത് പ്രകടമാകുകയുള്ളൂ. ഭൂമിയുടെ പാളികള്‍ ലംബമായും സമാന്തരമായും മാന്റിലില്‍ ചലിക്കുന്നതോടൊപ്പം ചില ഭൂഖണ്ഡങ്ങള്‍ മറ്റു ചിലതില്‍ നിന്ന് അകലുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി യൂറോപ്യന്‍ ഭൂഖണ്ഡം വടക്കനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഓരോ വര്‍ഷവും 18 മില്ലീ മീറ്റര്‍ എന്ന തോതില്‍ അകലുന്നു. ഇവ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ നേരിയ വിടവ് സൃഷ്ടിക്കുന്നു. ഇക്കാര്യമായിരിക്കാം ഖുര്‍ആനിലെ   'വിടവുളള ഭൂമി തന്നെയാണ് സത്യം'( ത്വാരിഖ് 12) എന്ന പരാമര്‍ശം.

പര്‍വതങ്ങളുടെ ചലനം ഒരു മാസത്തില്‍ ഏകദേശം ഒരു മില്ലിമീറ്റര്‍ വേഗതയില്‍ മാത്രമേ നടക്കുന്നുളളൂ. അത് കൊണ്ടാണ് അക്കാര്യം നാം അറിയാതെ പോകുന്നത്. അവ നിശ്ചലമാണെന്ന് നീ ധരിച്ചു പോകും എന്ന് ഖുര്‍ആനില്‍ പറഞ്ഞതും അതു കൊണ്ടാണ്. ഈ ചലനം ഒരു ഭാഗത്തേക്ക് മാത്രമല്ല പല ദിശയിലേക്കും സംഭവിക്കുന്നുണ്ട്. 

പര്‍വതങ്ങള്‍ നമുക്ക് അനുഭവവേദ്യമല്ലാത്ത രൂപത്തില്‍ മേഘങ്ങളെപ്പോലെ ചലിക്കുന്നുവെന്ന വസ്തുത ഖുര്‍ആനിന്റെ ദൈവികതക്ക് വലിയ ഒരു ദൃഷ്ടാന്തമാണ്. പര്‍വതങ്ങള്‍ ചലിക്കുന്നു എന്ന സത്യം കേവലം അര നൂറ്റാണ്ട് മുമ്പ് മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. അതിനു മുമ്പുളളവര്‍ക്കും ഈ ആയത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസം വന്നില്ല എന്നതാണ് ഖുര്‍ആനിന്റെ മറ്റൊരു മഹത്വം. അന്നുളളവര്‍ പ്രസ്തുത വചനത്തിലെ പര്‍വതങ്ങളുടെ ചലനത്തിന്റെ ഉദ്ദേശ്യം അന്ത്യദിനത്തിലെ പര്‍വതത്തിന്റെ ചലനമായിരിക്കും എന്നാണ് മനസ്സിലാക്കിയിരുന്നത്. പിന്നീട് വന്ന ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭൂമിയുടെ ചലനം തന്നെയാണ് ഇതിന്റെ വിവക്ഷ എന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍ ഇന്ന് നാം ഭൗമ ശാസ്ത്ര രംഗത്ത് കുറച്ചു കൂടി മുന്നോട്ട് പോകുകയും പര്‍വതങ്ങളെ വഹിക്കുന്ന ഭൂമിയിലെ പ്ലെയ്റ്റുകളാണ് ചലിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഖുര്‍ആന്‍ ഒരിക്കലും ശാസ്ത്രത്തിന് എതിരാകുന്നില്ല, മറിച്ച് ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ഖുര്‍ആന്‍ വചനങ്ങളുടെ അതി സൂക്ഷ്മമായ അര്‍ഥതലങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. 

Feedback