Skip to main content

ആറ്റത്തിന്റെ ഭാരം

ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ കണികയാണ് ആറ്റം എന്ന വസ്തുത ശാസ്ത്രം മനസ്സിലാക്കിയത് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ്. പിന്നീട് ആറ്റം പിളര്‍ത്തി അതിനകത്തുള്ള ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തുകയും ആണവോര്‍ജവും ആണവായുധവും വികസിപ്പിച്ച്  ഉപയോഗപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. 


 
ഒരു കാലത്ത് ആറ്റമാണ് ഏറ്റവും ചെറുത് എന്നാണ് ശാസ്ത്രം ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പദാര്‍ഥ ലോകത്ത് അതിനേക്കാള്‍ ചെറുതും അതിനേക്കാള്‍ വലുതുമായവയുണ്ടെന്ന് ശാസ്ത്രം പഠിക്കുന്ന ഏവര്‍ക്കുമറിയാം. ഈ തത്ത്വം ഖുര്‍ആനില്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു. 'ഭൂമിയിലോ ആകാശത്തോ ഉളള ഒരു അണുവോളമുളള യാതൊന്നും നിന്റെ രക്ഷിതാവിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടു പോകുകയില്ല. അതിനേക്കാള്‍ ചെറുതോ വലുതോ ആയിട്ടുളള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല' (യൂനുസ് 61). 
 
ഖുര്‍ആനില്‍ മൊത്തം ആറ് സ്ഥലങ്ങളില്‍ ദര്‍റ അതായത് ആറ്റം അല്ലെങ്കില്‍ അണു എന്ന പദം പ്രയോഗിച്ചതായി കാണാം. അണു എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിടത്തല്ലാം മിസ്‌കാല ദര്‍റ അതായത് അണുവിന്റെ ഭാരം അല്ലെങ്കില്‍ അണുവിന്റെ തൂക്കം എന്നാണ് പറയുന്നത്. 'അപ്പോള്‍ ആരെങ്കിലും ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആരെങ്കിലും ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(സല്‍ സല 7,8). നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത ഒരു സൂക്ഷ്മകണികക്ക് ഭാരമുണ്ട് എന്ന് പറഞ്ഞാല്‍ സാധാരണക്കാരന് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ആധുനിക ശാസ്ത്രം ഇന്ന് സകല വസ്തുക്കളുടെ ആറ്റത്തിനും ഭാരം കണക്കാക്കിയിട്ടുണ്ട് എന്ന് മാത്രമല്ല ഈ ആറ്റോമിക് ഭാരത്തിനനുസരിച്ചാണ് അവര്‍ അവയുടെ ഇനം വേര്‍തിരിക്കുന്നത്. 
 
മൂലകങ്ങളുടെ പട്ടിക നാം പരിശോധിക്കുകയാണങ്കില്‍ അവയില്‍ ഓരോന്നിന്റെയും ആറ്റോമിക് നമ്പറും ആറ്റോമിക് ഭാരവും പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. അറേബ്യന്‍ മരുഭൂമിയില്‍ ജനിച്ച അക്ഷരജ്ഞാനമില്ലാത്ത ഒരു മനുഷ്യന് എങ്ങനെയാണ് ആറ്റത്തെക്കുറിച്ചും അതിന്റെ ഭാരത്തെക്കുറിച്ചും അതിനേക്കാള്‍ ചെറിയതോ വലിയതോ ആയ വസ്തുക്കളെക്കുറിച്ചും പറയാന്‍ കഴിയുക! ഖുര്‍ആനില്‍ പരാമര്‍ശിച്ച അണുവിന്റെ തൂക്കം, അണുവിനെക്കാള്‍ ചെറുത്, അണുവിനെക്കാള്‍ വലുത് എന്നീ പ്രയോഗങ്ങളെല്ലാം തന്നെ ഖുര്‍ആന്‍ ദൈവികമാണ് എന്നതിന് ഒരു തെളിവുകൂടിയാണ്. 

Feedback