Skip to main content

അത്തിപ്പഴം

ഖുര്‍ആന്‍ അനവധി വസ്തുക്കളെ കൊണ്ട് സത്യം ചെയ്ത് വസ്തുതകള്‍ വിവരിക്കുന്നതായി കാണാം. ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കാലം, രാപകലുകള്‍ എന്നിവ അതിനുദാഹരണമാണ്. അതു പോലെ രണ്ട് തരം ഫലവര്‍ഗങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ആണയിട്ട് പറയുന്നതായി കാണാം. അല്ലാഹു പറയുന്നു. അത്തിയും ഒലീവും സീനാപര്‍വതവും നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ. തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു (തീന്‍:1---4).

ഖുര്‍ആനില്‍ ധാരാളം പഴവര്‍ഗങ്ങളെക്കുറിച്ചും ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത്തിപ്പഴം, ഒലീവ് എന്നിവ കൊണ്ട് മാത്രമാണ് സത്യം ചെയ്തിട്ടുളളത്.  ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക്  പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ജീവികളുടെയും പേരുകള്‍ നല്‍കിയതായി കാണാം.  എന്നാല്‍ ഒരു ഫലത്തിന്റെ പേര് മാത്രമാണ് ഖുര്‍ആനിലെ അധ്യായങ്ങളിലുളളത്. അതാണ് അത്തിപ്പഴം.  അത്തിപ്പഴം, ഒലീവ് എന്നിവയെക്കുറിച്ച് ആധൂനിക വൈദ്യ ശാസ്ത്രം വെളിപ്പെടുത്തിയ ചില വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ അവ ഖുര്‍ആനിന്റെ ദൈവികത വെളിപ്പെടുത്തുന്നതായി കാണാം.

മനുഷ്യ മസ്തിഷ്‌കം മിഥാലോനിഡ്‌സ് (Mithalonidz)  എന്ന ഒരു പദാര്‍ഥമുത്പാദിപ്പിക്കുന്നുണ്ട്. ഈ പ്രോട്ടീനിന് ശരീരത്തിലെ ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് എന്നിവയുമായി പെട്ടെന്ന് സംയോജിക്കാന്‍ കഴിയും. ശരീരത്തിലെ പോഷണോപചയത്തിലും ശാസോഛ്വാസ പ്രവര്‍ത്തനത്തിലും ഹൃദയത്തിന് ശക്തിനല്‍കുന്നതിനും സര്‍വോപരി ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. 

ഒരു മനുഷ്യന്റെ 15 മുതല്‍ 35 വയസ്സ് വരെയുളള പ്രായത്തിനിടയിലാണ് അവന്റെ തലച്ചോര്‍ ഈ പദാര്‍ഥം കൂടുതലായി ഉത്പാദിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ ഉത്പാദനം കുറഞ്ഞ് വരികയും പാടെ ഇല്ലാതാകുകയും ചെയ്യും. ഇതിന്റെ അഭാവമാണ് ജരാനരകള്‍ക്കും വാര്‍ധക്യത്തിനും കാരണമായിത്തീരുന്നത്. അതു കൊണ്ട് തന്നെ യൗവനം നിലനിര്‍ത്തുന്നതിനും വാര്‍ധക്യം അകറ്റുന്നതിനും കാര്യമായ പങ്കു വഹിക്കുന്ന ഈ വസ്തു വല്ല സസ്യങ്ങളിലും കണ്ടെത്താനുകുമോ എന്ന് ശാസ്ത്രജ്ഞര്‍ അന്വേഷിക്കുകയുണ്ടായി. അവരുടെ ഗവേഷണഫലമായി സസ്യങ്ങളില്‍ അത്തിപ്പഴത്തിലും ഒലീവിലും മാത്രമേ ഈ പദാര്‍ഥം  കണ്ടെത്താന്‍ കഴിഞ്ഞിട്ടുളളൂ. 

ഖുര്‍ആന്‍ ഈ രണ്ട് ഫലങ്ങളെക്കുറിച്ച് സത്യം ചെയ്ത് പറഞ്ഞതിനോട് അനുബന്ധമായി പറഞ്ഞ കാര്യങ്ങളും പ്രസക്തമാണ്. മനുഷ്യനെ ഏറ്റവും നല്ല ഘടനയോട് കൂടി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നത്. ഈ രണ്ട് ഫലങ്ങളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളുടെ സംയോജനത്തിലൂടെ മനുഷ്യന് അവന്റെ ഊര്‍ജസ്വലതയും യൗവനവും നിലനിര്‍ത്താനാവുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.  
 
അത്തിപ്പഴത്തെക്കുറിച്ച് ഖുര്‍ആനില്‍ മാത്രമല്ല ഹദീസുകളിലും പ്രസ്താവിക്കുന്നുണ്ട്. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ അത്തിപ്പഴം കഴിക്കുക. വല്ല പഴവും സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് അത്തിപ്പഴമാണ്. ഖുര്‍ആനിലും ഹദീസലും മാത്രമല്ല വേദപുസ്തകത്തില്‍ പുതിയതിലും പഴയതിലുമായി പലയിടത്തും അത്തിയെക്കുറിച്ച് പാരമര്‍ശിക്കുന്നുണ്ട്. ഹോമര്‍, പ്ലാറ്റോ, സോക്രട്ടീസ് എന്നിവരെല്ലാം ഇത് കഴിച്ചിരുന്നത് കൊണ്ട് ഫിലോസഫേര്‍സ് ഫ്രൂട്ട് എന്ന ഒരു അപരനാമവും ഇതിനുണ്ട്. 

Feedback