Skip to main content

ആകാശത്തൂണുകള്‍

ആകാശങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയുന്ന തൂണുകള്‍ കൂടാതെയാണെന്ന്  ഖുര്‍ആനില്‍ രണ്ട് സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നതായി കാണാം. ''അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍'' (13:2), ''നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു'' (31:10). ആകാശത്തിന് തൂണുകളുെണ്ടന്നും അതു നമുക്ക് കാണാന്‍ കഴിയാത്ത രൂപത്തിലുളളതാണെന്നുമാണ് ഈ വചനങ്ങള്‍ക്ക് പ്രസിദ്ധ വ്യാഖ്യാതാക്കളെല്ലാം അര്‍ഥം നല്‍കിയിട്ടുളളത്. 

അറബി ഭാഷയില്‍ അമദ് എന്ന പദത്തിന് തൂണുകള്‍ എന്ന് അര്‍ഥമുളളത് പോലെ അവലംബം, താങ്ങ് എന്നീ അര്‍ഥങ്ങളുമുണ്ട്. ഈ ആശയമാണ് മേല്‍ വിവരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍  ഏറ്റവും അനുയോജ്യമായിട്ടുളളതെന്ന് കാണാം. കാരണം സാധാരണ വീടുകള്‍ക്കും പന്തലുകള്‍ക്കും നാം നല്‍കുന്ന തൂണുകള്‍ അതിന്റെ ചില മര്‍മ സ്ഥലങ്ങളില്‍ മാത്രമെ ദൃശ്യമാകുകയുളളൂ ബാക്കി ഭാഗങ്ങള്‍ ശൂന്യമായിരിക്കും. എന്നാല്‍ ആകാശത്തെ ഉയര്‍ത്തി നിര്‍ത്തുന്നതിനുളള അവലംബങ്ങള്‍ നമുക്ക് കാണാനാവാത്തതും ഒരിടത്തും ഒഴിവും വിടവുമില്ലാതെ അതിനെ ആകമാനം താങ്ങി നിര്‍ത്തുന്നവയുമാണ്. 

ഈ പ്രപഞ്ചത്തെ അല്ലെങ്കില്‍ ആകാശത്തെ സുഭദ്രമായി താങ്ങിനിര്‍ത്തുന്നതിന് പിന്നില്‍ മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത അനേകം അവലംബ ശക്തികളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.  അവയിലൊന്ന് ആറ്റോമിക് ശക്തിയാണ്. ആറ്റത്തിന്റെ ന്യൂക്ലിയസിനകത്ത് പ്രോട്ടോണിനെയും ന്യൂട്രോണിനെയും ക്വാര്‍ക്കുകളെയും ഇതര അടിസ്ഥാന ഘടകങ്ങളെയും ബന്ധിക്കുന്നത് ഈ ശക്തിയാണ്. മനുഷ്യന്‍ കണ്ടെത്തിയ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണിത്. അത് കൊണ്ട് തന്നെ ശാസ്ത്രം ഇതിന് കഠിന ശക്തി പ്രഭാവം (Strong Nuclear Force) എന്നാണ് പറയുന്നത്. ഈ ശക്തിയെ വഹിക്കുന്നത് ഗ്ലൂവോണ്‍ (Gluon) എന്ന ഒരു തരം അദൃശ്യകണികകളാണ്. പരമാണുവിലെ കഠിന ശക്തിയും ഗ്ലുവോണ്‍ കണികകളുമാണ് പ്രോട്ടോണിനെയും ന്യൂട്രോണിനെയും കേന്ദ്രബിന്ദുവില്‍ പിടിച്ചു നിര്‍ത്തുന്നത്. ഈ ശക്തിയുടെ അഭാവത്തില്‍ പ്രപഞ്ചം നിലനില്‍ക്കുയില്ല എന്ന് മാത്രമല്ല അത് വിസ്‌ഫോടനത്തിന് മുമ്പുളള പൂര്‍വ പിണ്ഡാവസ്ഥയിലേക്ക് തിരിച്ച് പോകുകയും ചെയ്യും. ദുര്‍ബല അണു ശക്തി (Weak Nuclear Force) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശക്തിയും പരമാണുവിലുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആകാശത്തിന് അവലംബമായി വര്‍ത്തിക്കുന്നതില്‍ ഇതും ഒരു പങ്കുവഹിക്കുന്നുണ്ട്.

ആകാശത്തിന് അവലംബമായി വര്‍ത്തിക്കുന്ന മറ്റൊരു ശക്തി വൈദ്യുത കാന്തിക ശക്തിയാണ്. പദാര്‍ഥത്തിനകത്ത് പരമാണുക്കളെ പരസ്പരം ബന്ധിക്കുന്നത് ഈ ശക്തിയാണ്. അത് പോലെ പ്രാപഞ്ചിക വസ്തുക്കള്‍ക്ക് അവയുടെ സ്വഭാവ പ്രകൃതം നല്‍കുന്നതും ഈ ശക്തി തന്നെയാണ്. ഈ ശക്തി ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചം മുഴുവനും കേവലം ആറ്റങ്ങള്‍ മാത്രമാകുമായിരുന്നു. അവ ഒരുമിച്ച് കൂടുകയോ വസ്തുക്കള്‍ രൂപപ്പെടുകയോ ഇല്ല. 

വളരെ പ്രസിദ്ധമായ ആകര്‍ഷണ ശക്തിയാണ് ആകാശത്തിന് അവലംബമായി വര്‍ത്തിക്കുന്ന മറ്റൊരു ശക്തി. ഹ്രസ്വപരിധിയില്‍ ഇത് ദുര്‍ബലമാണെങ്കിലും ദീര്‍ഘ പരിധിയില്‍ ഇത് പ്രപഞ്ചത്തിലെ ഒരു വമ്പിച്ച ശക്തി തന്നെയാണ്. ഈ ശക്തിയില്ലായിരുന്നുവെങ്കില്‍ ഭൂമിയുടെയും ആകാശ ഗോളങ്ങളുടെയും താളപ്പൊരുത്തം നഷ്ടപ്പെടുകയും പ്രപഞ്ചം തകര്‍ന്ന് തരിപ്പണമാകുകയും ചെയ്യും. പ്രപഞ്ചത്തില്‍ പരന്നു കിടക്കുന്ന അദൃശ്യമായ ഈ ആകര്‍ഷണശക്തിയുടെ ഉറവിടത്തെക്കുറിച്ച്  ശാസ്ത്രജ്ഞര്‍ ഇന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ്. ഇനിയും വ്യക്തമായ വിശദീകരണം കണ്ടെത്താന്‍  കഴിയാത്ത ഗ്രാവിറ്റോണ്‍  (Graviton) എന്ന അതി സൂക്ഷ്മ കണികകളാണ് ആകര്‍ഷണശക്തിയുടെ വാഹകരായി വര്‍ത്തിക്കുന്നത്. 

പ്രപഞ്ചം അതിന്റെ ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ കൊണ്ടാണ് നിലനില്‍ക്കുന്നതെങ്കിലും ഈ ശക്തികളുടെ ഉത്ഭവം ഇന്നും ശാസ്ത്രത്തിന് നിഗൂഢമാണ്. ആകര്‍ഷണ ശക്തിയെ വ്യാഖ്യാനിക്കുന്ന സിദ്ധാന്തങ്ങള്‍ക്ക് ഒന്നും തന്നെ അത് എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നതില്‍ നിന്നാകാം അതിന്റെ ആകര്‍ഷണ ശക്തി ഉള്‍ത്തിരുയുന്നത് എന്നാണ്  ചിലര്‍ സങ്കല്‍പിക്കുന്നത്. ഭൂമിയുടെ കാന്തിക വലയം രൂപപ്പെടുന്നതാകട്ടെ  ഇരുമ്പ്, നിക്കല്‍ തുടങ്ങിയ അതിന്റെ ദ്രവരൂപത്തിലുളള അകക്കാമ്പ് ഏകദേശം അതേ രാസഘടനയുളള ഖര അകക്കാമ്പിനെ ചുറ്റുന്നത് കൊണ്ടാണെന്നും ശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നു. മറ്റ് ആകാശ ഗോളങ്ങളുടെ ആകര്‍ഷണ ശക്തിയെക്കുറിച്ചും ഇത്തരം സങ്കല്‍പ്പങ്ങള്‍ തന്നെയാണ് അവര്‍ക്കുളളത്. ആകാശങ്ങളും  ഭൂമിയുംഅല്ലാഹുവിന്റെ കല്‍പനപ്രകാരം നിലനില്‍ക്കുന്നു എന്ന ഖുര്‍ആന്‍ വചനമാണ് ഈ വിഷയത്തില്‍ തൃപ്തികരമായ ഒരു ഉത്തരം നല്‍കുന്നത്. അല്ലാഹു പറയുന്നു: ''അവന്റെ കല്‍പന പ്രകാരം ആകാശവും ഭൂമിയും നിലനിന്നു വരുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ''(30:25).

Feedback