Skip to main content

ഖുര്‍ആനും ഡിജിറ്റല്‍ കോഡും

ഖുര്‍ആനിന്റെ ലിഖിതവും പാരായണവും അന്ത്യദിനം വരെ മാറ്റം വരാതെ സൂക്ഷിക്കാനുതകുന്ന നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ആധുനിക സാങ്കേതിക വിദ്യ നമുക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ടെക്‌നോളജിയുടെ രംഗത്തുളള ഏറ്റവും പുതിയ ചില ഗവേഷണങ്ങള്‍ ഖുര്‍ആനിന്റെ ദൈവികതയിലേക്ക് കൂടി വെളിച്ചം വീശാന്‍ തുടങ്ങിയിട്ടുണ്ട്. ഈജിപ്തിലെ എ. എം. എല്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ഒരു സംഘം ഗവേഷകര്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായി ഖുര്‍ആനിന്റെ ഒരു ഡിജിറ്റല്‍ കോഡ് കണ്ടെത്തിയിട്ടുണ്ട്. ഈ കോഡ് ഖുര്‍ആനിന്റെ ദൈവികത വെളിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ തെളിവാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. കാരണം ഖുര്‍ആനിലെ അധ്യായങ്ങളിലും സൂക്തങ്ങളിലും ആരെങ്കിലും വല്ല കൃത്രിമമോ മാറ്റത്തിരുത്തലുകളോ വരുത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ഈ സംഖ്യ കോഡിന്റെ സഹായത്താല്‍ സാധിക്കുന്നതാണ്. 


 
സുറത്തുല്‍ മുദ്ദസിറില്‍ നരകത്തെക്കുറിച്ച് അല്ലാഹു പറയുന്നു:  അതിന്റെ മേല്‍ നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കുവാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും, അല്ലാഹു എന്തൊരു ഉപമയാണ് ഇത് കൊണ്ട് ഉദ്ദേശിച്ചിട്ടുളളതെന്ന് ഹൃദയങ്ങളില്‍ രോഗമുളളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു (മുദ്ദസിര്‍ 30). പ്രസ്തുത വചനത്തിലെ 19 എന്ന അക്കമാണ് എ.എം.എല്‍ കമ്പനിയിലെ സോഫ്റ്റ് വെയര്‍ വിദഗ്ദര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി പഠനവിധേയമാക്കിയത്. ഇവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ വിസ്മയകരമായ ഗവേഷണ ഫലങ്ങള്‍ ആറു മാസത്തിനുളളില്‍ സി.ഡി.കളായി മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ് കമ്പനിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. 
 
ഖുര്‍ആനിലെ അധ്യായങ്ങളും അവയിലെ സൂക്തങ്ങളും അതിലെ അക്ഷരങ്ങളുടെ എണ്ണവും 19 എന്ന അക്കത്തിന് അവയുമായുളള ബന്ധവും താരതമ്യം നടത്തിക്കൊണ്ടാണ് പഠനം ആരംഭിച്ചത്. ഖുര്‍ആനിലെ മൊത്തം അധ്യായങ്ങളുടെ എണ്ണം114. ഈ സംഖ്യ 19 ന്റെ ഗുണിതത്തില്‍ വരുന്നതാണ്. (19X6=114) അതുപോലെ ഒന്നൊഴികെ എല്ലാ അധ്യായങ്ങളുടെ പ്രാരംഭത്തില്‍ കാണുന്ന ബിസ്മിലാഹി റഹ് മാനി റഹീം എന്നവചനത്തില്‍ 19 അക്ഷരങ്ങളാണ് അടങ്ങിയിട്ടുളളത്. അധ്യായങ്ങളും വചനങ്ങളും മാത്രമല്ല ഖുര്‍ആനില്‍ പരാമര്‍ശിച്ച പല വിഷയങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങള്‍ക്കനുസരിച്ച് തന്നെയാണ് വന്നിട്ടുളളത്. ഉദാഹരണമായി ഈമാന്‍ എന്ന പദം 114 ( 19X6=114) തവണയാണ് വന്നിട്ടുളളത്. പെരുമാറ്റ നിയമങ്ങളെക്കുറിച്ച് 38 (2X19=38) പ്രാവശ്യമാണ് വന്നിട്ടുളളത്. വിലക്കുകള്‍ 57(3X19=57) പ്രാവശ്യമാണ് വന്നിട്ടുളളത് . സാമ്പത്തിക നിയമങ്ങളെക്കുറിച്ച് 38 (2X19=38) പ്രാവശ്യവും ഭാര്യഭര്‍തൃബന്ധങ്ങളെക്കുറിച്ച് 38(2X19=38) പ്രാവശ്യവുമാണ് പരാമര്‍ശമുളളത്. അല്ലാഹുവിന്റെ 99 നാമങ്ങളില്‍ 95 എണ്ണമാണ് ഖുര്‍ആനില്‍ വന്നിട്ടുളളത് ബാക്കി 4 എണ്ണം ഹദീസുകളിന്‍ വന്നതാണ്. അല്ലാഹുവിന്റെ പേരുകളായി ഖുര്‍ആനില്‍ വന്ന 95 എന്ന എണ്ണവും 19 ന്റെ ഗുണിതത്തില്‍ (5X19=95) വരുന്നതാണ്. 
 
ചില അധ്യായങ്ങളുടെ പ്രാരംഭത്തില്‍ കാണപ്പെടുന്ന കേവലാക്ഷരങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. സുറത്തുല്‍ ബഖറയുടെ ആദ്യത്തിലുളള അലിഫ്, ലാം, മീം എന്നീ മുന്ന് അക്ഷരങ്ങള്‍ കാണപ്പെടുന്നത് പോലെ പല സൂറത്തുകളിലുമായി ഖുര്‍ആനില്‍ മൊത്തം 14 അക്ഷരങ്ങളാണ് ഈ രൂപത്തില്‍ വന്നിട്ടുളളത്. ഈ അക്ഷരങ്ങളെല്ലാം ഒരുമിച്ച് കൂട്ടി അര്‍ഥമുളള ഒരു വാചകത്തിന്റെ രൂപത്തിലാക്കുകയാണെങ്കില്‍ (നസ്സു ഹകീമിന്‍ ഖാതിഅ് ലഹു സിറ്) അതായത് യുക്തിമാനായവന്റെ ഖണ്ഡിതമായ രഹസ്യമടങ്ങിയ പ്രമാണം എന്ന അര്‍ഥത്തിലുളള ഒരു വാചകം രൂപപ്പെടുത്താന്‍ കഴിയും. 
 
ഖുര്‍ആനില്‍ വേറെയും ചില സംഖ്യാ കോഡുകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് എന്ന അക്കം അതില്‍ പെട്ടതാണ്. ഇസ്‌ലാമിലെ പഞ്ചസ്തഭങ്ങളില്‍ ഒന്നാണ് നമസ്‌കാരം അത് നിര്‍വഹിക്കേണ്ട സമയവും അഞ്ച് തന്നെയാണ്. അത് പോലെ ഏഴ് എന്ന അക്കത്തിനും ചില സവിശേഷതകളുണ്ട്. സൂറത്തുല്‍ ഫാതിഹയിലെ ആയത്തുകളുടെ എണ്ണം ഏഴ് തന്നെയാണ്. ആകാശഭൂമികളുടെ എണ്ണത്തെക്കുറിച്ച് ഏഴ് എന്നാണ് പറയുന്നത്. അവയുടെ സൃഷ്ടിപ്പിന് ശേഷം ഏഴാമത്തെ ദിവസമാണ് അവന്‍ സിംഹാസനസ്ഥനായിട്ടുളളത്. ഇതു പോലെ ഏഴ് എന്ന അക്കത്തിന് വേറെയും പല സവിശേഷതകള്‍ കാണാനാവും.
 
ഖുര്‍ആനിലെ വചനങ്ങളുടെയും അക്ഷരങ്ങളുടെയും എണ്ണത്തില്‍ മാത്രമല്ല ഡിജിറ്റല്‍ കോഡ് എന്ന വിസ്മയം അടങ്ങിയിട്ടുളളത്. ചില മതവിധികളുടെ കാലയളവിലും ഇത്തരത്തിലുളള ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണമായി വിവാഹ മോചിതരായ സ്ത്രീകള്‍ പുനര്‍ വിവാഹത്തിന് മുമ്പ് മൂന്നു ആര്‍ത്തവ കാലം അല്ലെങ്കില്‍ ശുദ്ധി കാലം ഇദ്ദയിരിക്കണം എന്നാണ് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്. ഇങ്ങനെ ഒരു നിബന്ധന വെച്ചത് സ്ത്രീകള്‍ ഗര്‍ഭിണി അല്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് എന്നാണ് പണ്ഡിതന്മാര്‍ പ്രസ്തുത വചനത്തിന് വ്യാഖ്യാനമായി പറഞ്ഞിട്ടുളളത്. അതുപോലെ വിധവയുടെ ഇദ്ദ കാലയളവ് നാലു മാസവും പത്തു ദിവസവുമാണ് എന്നും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വിവാഹ മോചിതയും വിധവയും പുനര്‍ വിവാഹത്തിന് മുമ്പ് നിശ്ചിത ദിവസം ഇദ്ദയിരിക്കുന്നതിന്റെ അനിവാര്യതയും ഇന്ന് ആധുനിക ശാസത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 
 
പുരുഷന്മാരുടെ ബീജത്തിലെ ജനിതക ഗുണങ്ങള്‍ ഉള്‍കൊളളുന്ന തിരിച്ചറിയല്‍ കോഡുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഇദ്ദയുടെ കാലയളവിന്റെ യുക്തി വെളിപ്പെടുത്തിയത്. ഓരോ മനുഷ്യരുടെയും വിരലടയാളവും കണ്ണിന്റെ കൃഷ്ണമണിയും മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത് പോലെ അവരുടെ ബീജത്തിലെ ജനിതക ഗുണങ്ങള്‍ വിവരിക്കുന്ന കോഡും വ്യത്യസ്തമായിരിക്കും. ഒരു സ്ത്രീയുടെ ശരീരത്തിന് അവളുടെ ഭര്‍ത്താവിന്റെ ബീജത്തിന്റെ കോഡ് പരിചിതമാകുകയും അത് അവളുടെ ശരീരത്തിന് തിരിച്ചറിയാന്‍ കഴിയുകയും അതിനോട് അവള്‍ താതാത്മ്യം പ്രാപിക്കുകയും ചെയ്യും.
 
ഒരു പുരുഷന്റെ ബീജത്തിലെ ജനിതക സ്വാഭാവ ഗുണങ്ങള്‍ വിവരിക്കുന്ന തിരിച്ചറിയല്‍ കോഡ് വിസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ഏകദേശം മുന്ന് മാസത്തെ കാലയളവെങ്കിലും വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അത് കൊണ്ടാവാം വിവാഹമോചിതയായ സ്ത്രീ പുനര്‍ വിവാഹത്തിന് മുമ്പ് മുന്ന് ആര്‍ത്തവ കാലം ഇദ്ദയിരിക്കണം എന്ന് നിശ്ചയിച്ചത്. ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി മാത്രമല്ല ഇങ്ങനെ ഒരു കാലയളവ് നിശ്ചയിച്ചത്. ഗര്‍ഭധാരണം ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണെങ്കില്‍ അതിന് ഒരു ആര്‍ത്തവകാലം തന്നെ ധാരാളം മതിയാകുമല്ലോ. വിവാഹത്തിന് ശേഷം ലൈഗിംക ബന്ധത്തിലേര്‍പ്പെടാതെ ദമ്പതികള്‍ വേര്‍പിരിയുകയാണെങ്കില്‍ അവര്‍ ഇദ്ദ ആചരിക്കേണ്ടതില്ല എന്നും മൊഴി ചൊല്ലിയ സ്ത്രീയെ ഇദ്ദ കാലം കഴിയുന്നതിന് മുമ്പ് മുന്‍ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാവുന്നതാണ് എന്നും പ്രസ്താവിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഇവിടെ ശ്രദ്ധേയമാണ്. കാരണം ഇത്തരം രംഗങ്ങളിലൊന്നും തന്നെ സത്രീക്ക് മറ്റു പുരുഷന്മാരുടെ ബീജവുമായി സംയോജിക്കാന്‍ അവസരമുണ്ടാകുന്നില്ല. എന്നാല്‍ വിധവകളെ സംബന്ധിച്ചേടത്തോളം ഇദ്ദയുടെ കാലാവധി വിവാഹ മോചിതയേക്കാള്‍ കുറച്ചു കൂടി അധികമാണ്. കാരണം അവരുടെ മാനസിക വിഷമതകള്‍ നിമിത്തം ശരീരത്തിന്റെ ഈ വിസ്മരിക്കുന്ന പ്രകൃതം അല്പം മന്ദഗതിയിലാവാന്‍ സാധ്യതയുള്ളതു കൊണ്ട് മറ്റൊരു ഭര്‍ത്താവിന്റെ ബീജം സ്വീകരിക്കാന്‍ പര്യാപതമാകും വിധം ശരീരം സുസ്ഥിതി കൈവരാന്‍ കുറച്ച് നാളുകള്‍ കൂടി ആവശ്യമായി വരും.

Feedback