Skip to main content

കപ്പല്‍ സഞ്ചാരത്തിലെ ദൈവികദൃഷ്ടാന്തങ്ങള്‍

ഭൂമിയില്‍ ആദ്യമായി കപ്പല്‍ നിര്‍മിച്ചത് നൂഹ് നബി(അ) ആണെന്നാണ് വേദഗ്രന്ഥങ്ങളില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്. അല്ലാഹുവിന്റെ ദിവ്യ വെളിപാടിലൂടെയാണ് അദ്ദേഹത്തിന് അതു നിര്‍മിക്കാനുളള വൈദഗ്ധ്യം ലഭിച്ചത്. അല്ലാഹു പറയുന്നു. ''നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക''(ഹൂദ്: 37). മരപ്പലകകള്‍ ആണികള്‍ കൊണ്ട് ബന്ധിപ്പിച്ച് അവക്കിടയിലൂടെ വെളളം കയറുന്നത് തടയുന്ന വല്ല വസ്തുക്കളും തേച്ച് പിടിപ്പിച്ചായിരിക്കും നൂഹ് നബി അന്ന് കപ്പല്‍ നിര്‍മിച്ചിരിക്കുക. ഇക്കാര്യവും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ''പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു''( ഖമര്‍ 13).

കപ്പല്‍ എന്തു കൊണ്ടാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്നത്? സമുദ്രജലത്തേക്കാള്‍ സാന്ദ്രതയുളള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ചതും ഭീമാകാരവുമായ കപ്പല്‍ എന്ത് കൊണ്ടാണ് വെളളത്തില്‍ താണു പോകാത്തത്? വസ്തുക്കള്‍ വെളളത്തില്‍ പൊങ്ങിക്കിടക്കാന്‍ അനിവാര്യമായ ആര്‍ക്കമഡീസ് തത്ത്വങ്ങള്‍ തന്നെയാണ് ഇവിടെ പ്രയോഗവത്കരിക്കപ്പെടുന്നത്. വെളളത്തിന്റെ സാന്ദ്രതയും സമ്മര്‍ദ്ദവും അതോടപ്പം പൊങ്ങിക്കിടക്കുന്ന വസ്തുവിന്റെ വലിപ്പവും ഇവിടെ ശ്രദ്ധേയമാണ്. അതു കൊണ്ടു തന്നെ കപ്പലുകള്‍ വലിയ വലിപ്പത്തിലാണ് നിര്‍മിക്കപ്പെടാറുളളത്. ഖുര്‍ആന്‍ കപ്പലുകളെ വലിയ പര്‍വതങ്ങളോടാണ് ഉപമിക്കുന്നത്. ''കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ''(ശൂറാ: 32). 

കപ്പലുകളെ പര്‍വതങ്ങളോട് ഉപമിച്ചതില്‍ മറ്റൊരു ദൃഷ്ടാന്തവും കൂടി ഉള്‍ക്കൊളളുന്നുണ്ട്. കപ്പലുകളുടെ അടിയിലെ കുറെ ഭാഗം കടലില്‍ താഴ്ന്ന് നില്‍ക്കുന്നത് പോലെ പര്‍വതങ്ങള്‍ക്കും വേരുകള്‍ പോലെ താഴ്ഭാഗം മണ്ണില്‍ ആണ്ടുകിടക്കുക തന്നെയാണ്. സമുദ്ര ജലത്തിലെ സാന്ദ്രതയാണ് കപ്പലുകളെ പൊങ്ങി നില്‍ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രതിഭാസം. ഇക്കാര്യം ആര്‍ക്കമഡീസും ഊന്നിപ്പറയുന്നുണ്ട്. സമുദ്രത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നതിനനുസരിച്ച് അതിലെ സാന്ദ്രതയും വര്‍ധിക്കുന്നുണ്ട്. ചാവുകടലില്‍ ആളുകള്‍ക്ക് അനായാസം പൊങ്ങിക്കിടക്കാന്‍ കഴിയുന്നത് അതു കൊണ്ടാണ്. 

സമുദ്രജലത്തെ അപേക്ഷിച്ച് പുഴകളിലെ വെളളം സാന്ദ്രതകുറവുളളതാണെങ്കിലും നല്ല ആഴവും പരപ്പുമുണ്ടെങ്കില്‍ അതിലൂടെയും കപ്പലോടിക്കാന്‍ കഴിയും. സമുദ്രങ്ങളെ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഒരുക്കിത്തന്നു എന്നു പറഞ്ഞതിനനുബന്ധമായി നദികളെയും നിങ്ങള്‍ക്ക് ഒരുക്കിത്തന്നു എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അന്‍ഹാര്‍ എന്ന പദം അധികം ആഴവും ധാരാളം വെളളവുമുളള നദികള്‍ക്ക് മാത്രമാണ് അറബി ഭാഷയില്‍ പ്രയോഗിക്കാറുളളത്. 

കപ്പല്‍ പൊങ്ങിക്കിടക്കുന്നത് ആര്‍ക്കമഡീസ് തത്ത്വമനുസരിച്ചാണെന്ന പോലെ അവ സഞ്ചരിക്കുന്നത് ന്യൂട്ടന്റെ ഒന്നാം സിദ്ധാന്തപ്രകാരമാണ്. അതായത് ഒരു നിശ്ചലമായ വസ്തു ബാഹ്യശക്തിയുടെ ഇടപെടലില്ലെങ്കില്‍ നിശ്ചലമായി തന്നെ നിലനില്‍ക്കും. പുരാതന പായക്കപ്പലുകള്‍ കാറ്റിന്റെ ശക്തിയനുസരിച്ചാണ് സഞ്ചരിച്ചിരുന്നത്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം. ''കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കുംദൃഷ്ടാന്തങ്ങളുണ്ട്''(ശൂറ: 32,33).

പുരാതന കാലത്ത് കപ്പല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍, അതിന്റെ സഞ്ചാരത്തിന് ഒരു ചാലക ശക്തിയുടെ ആവശ്യകത, പര്‍വതങ്ങള്‍ക്ക് സമാനമായ അവയുടെ വലിപ്പവും ഘടനയും,  കടലിലേക്ക് ആഴ്ന്നിറങ്ങിയുളള അതിന്റെ സഞ്ചാരം, അതിനെ വഹിക്കുന്ന സമുദ്ര ജലത്തിന്റെ സമ്മര്‍ദം, സാന്ദ്രത ഇങ്ങനെ  കപ്പലുകളെക്കുറിച്ചുളള ഖുര്‍ആന്‍ പരാമര്‍ശങ്ങളെല്ലാം വളരെ കൃത്യവും സൂക്ഷവുമാണെന്ന് നമുക്ക് കാണാന്‍ കഴയും.

Feedback