Skip to main content

സംസാരം ഒരു ദൈവീക വരദാനം

കുഞ്ഞുങ്ങള്‍ ഒരു നിശ്ചിത പ്രായമെത്തുമ്പോള്‍ തന്നെ സംസാരം തുടങ്ങുന്നത് കൊണ്ട്, അത് അവരിലെ ഒരു സ്വാഭാവിക പ്രതിഭാസമെന്നാണ് പലരും ധരിക്കുന്നത്. സത്യത്തില്‍ ഭാഷാ നിയമങ്ങള്‍ പഠിക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത് അല്ലാഹു അവരില്‍ അതിന് വേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി സംവിധാനിച്ചതിനാലാണ്. ഖുര്‍ആന്‍ സംസാരവൈഭവത്തെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ എണ്ണിയതും ഇക്കാരണം കൊണ്ടു തന്നെയാണ്. അല്ലാഹു പറയുന്നു. ''അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു'' (റഹ്മാന്‍ 3.4).


 
മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളെക്കുറിച്ചും അവര്‍ ആലോചിക്കാത്തത് പോലെ തന്നെ സംസാരശേഷിയെക്കുറിച്ചും അവര്‍ അധികം ചിന്തിക്കാറില്ല. ഈ അനുഗ്രഹം ലഭിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമെ ഈ അനുഗ്രഹത്തിന്റെ വിലയറിയുകയുളളൂ. ഇന്നു ലോകത്ത് എത്ര ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടോ ആ ഭാഷകള്‍ക്കെല്ലാം അവ എത്ര തന്നെ ലളിതമാണെങ്കിലും ധാരാളം ഭാഷാ വ്യാകരണ നിയമങ്ങളുണ്ട്. ഒരു കുഞ്ഞിന് മൂന്നു വയസ്സാകുമ്പോള്‍ തന്നെ അവന്റെ മാതൃഭാഷ സംസാരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് ഭാഷാ സംസാര ശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്ന ഒരു ശാസ്തജ്ഞനും ഇതുവരെ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. 

ഒരു കുട്ടി തന്റെ വീട്ടിലെ ചുറ്റുപാടില്‍ നിന്ന് കേള്‍ക്കുന്നത് മാത്രമാണ് പറയുന്നത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം വീട്ടില്‍ പ്രയോഗിക്കാത്ത പദ പ്രയോഗങ്ങള്‍ പോലും അവന്റെ നാവില്‍ നിന്ന് ഉതിര്‍ന്നു വീഴാറുണ്ട്. ഇനി ഭാഷാ നിയമങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഒരു വീട്ടിലും കുട്ടികളെ മാതൃഭാഷയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ല. അപ്പോള്‍ സങ്കീര്‍ണമായ ഭാഷാ നിയമങ്ങള്‍ക്ക് അനുസൃതമായി എങ്ങനെയാണ് അവന്റെ നാവിലൂടെ വാക്കുകളും വാക്യങ്ങളും ഒഴൂകിവരുന്നത്. അവന്റെ മനസ്സിലെ ആശയങ്ങള്‍ വളരെ ഫലപ്രദമായി അതിലൂടെ വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. 

ഈ ഭൂമുഖത്ത് ആറായിരത്തിലധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. എങ്ങനെയാണ് ഈ ഭാഷകള്‍ രൂപം കൊണ്ടത്?. ഭൂമിയിലെ ജീവജാലങ്ങളില്‍ മനുഷ്യന് മാത്രം എന്ത് കൊണ്ടാണ് സംസാര ശേഷി ലഭ്യമായത്?. മറ്റു ജീവികള്‍ക്കൊന്നും എന്ത് കൊണ്ടാണ് ഈ വരദാനം ലഭിക്കാതെ പോയത്?. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ആലോചിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.  

ഒരു മനുഷ്യന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്റെ തലച്ചോറില്‍ നിന്ന് ഒരു പറ്റം നിര്‍ദേശങ്ങള്‍ നാവിലേക്കും ശബ്ദവീചികളിലേക്കും വായിലെ പേശികളിലേക്കും പ്രവഹിക്കും. ഇവയാണ് സംസാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അതിന് മുമ്പ് ശ്വാസകോശം സംസാരിക്കാനാവശ്യമായ വായു വലിച്ചെടുക്കും. ഈ വായു ശരീരത്തിലെ ഓക്‌സിജന്റെ ആവശ്യം പരിഹരിക്കുന്നതോടപ്പം തന്നെ ശബ്ദവീചികളെ ചലിപ്പിക്കുകയും ചെയ്യും. സംസാരിക്കുന്ന വാക്കുകള്‍ക്ക് അനുസരിച്ച് വായിലെ പേശികളും പല്ലുകളുമെല്ലാം അവയുടെ ധര്‍മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യനില്‍ അല്ലാഹു കാലേ കൂട്ടി തയ്യാര്‍ ചെയ്ത പദ്ധതികള്‍ക്കനുസരിച്ചാണ് നടക്കുന്നത്.   

ഭാഷാവൈവിധ്യം
 
ഒരു മനുഷ്യന് ഒന്നിലധികം ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നതും അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. അനേക ഭാഷകള്‍ സംസാരിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഓരോ ഭാഷയുടെ വാക്കുകളും അവരുടെ തലച്ചോറില്‍ ഒരു പ്രത്യേക സ്ഥലത്ത് പരസ്പരം കൂടിച്ചേരാത്ത രൂപത്തില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തിയവര്‍ കണ്ടെത്തിയിട്ടുളളത്. ഒരു ഭാഷ സംസാരിക്കുന്ന സമയത്ത് മറ്റു ഭാഷയിലെ പദങ്ങള്‍ കൂടിക്കലാതിരിക്കാനുളള മാര്‍ഗവും മസ്തിഷ്‌ക്കത്തില്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. മനുഷ്യന്‍ കേവല യാദൃഛികതയില്‍ പരിണമിച്ചുണ്ടായതാണെന്ന് പറയുന്നവര്‍ക്ക് ഇതൊന്നും വ്യാഖ്യാനിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളാണ്. മനുഷ്യരുടെ സംസാര ഭാഷ വ്യത്യസ്തമായതിലും അറിവുളളവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുര്‍ആനിലുണ്ട്. അല്ലാഹു പറയുന്നു: ''ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (30:22).

Feedback