Skip to main content

സൂര്യന്റെ സഞ്ചാരം

സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന് ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും അത് സ്ഥിരമായി നില്‍ക്കുകയാണെന്നും മറ്റുളളവ അതിനെ ചുറ്റുകയാണെന്നുമാണ് ഈയടുത്ത കാലം വരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത്. എന്നാല്‍ സൂര്യനും സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട് പക്ഷേ മറ്റു ഗ്രഹങ്ങളുടെ അതേ രൂപത്തില്‍ എന്ന് പറയാന്‍ കഴിയില്ല. ഒരു സെക്കന്റില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ നമ്മുടെ ഗാലക്‌സിയുടെ കേന്ദ്രത്തിന് ചുറ്റും സൂര്യന്‍ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ സൂര്യന് ഒരു റൗണ്ട് സഞ്ചാരം പൂര്‍ത്തിയാക്കാന്‍ 250 മില്യണ്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. സൂര്യന്‍ അതിന്റെ ആയുസ്സിനിടയില്‍ 18 പ്രാവശ്യം മാത്രമേ ഇങ്ങനെയുളള ചക്രം പൂര്‍ത്തിയാക്കിയിട്ടുളളൂ.

ഭൂമിയും സൂര്യനും തമ്മിലുളള അകലം വ്യത്യാസപ്പെടുന്നതു കൊണ്ട് ഭൂമിയുടെ ചലനത്തിലും വ്യതിയാനം കാണാന്‍ സാധിക്കും. ജനുവരി മൂന്നിനാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്. അതായത് 147 മില്യണ്‍ കിലോമീറ്റര്‍. ജൂലൈ നാലിനാണ് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നത്. അതായത് 152 മില്യണ്‍ കിലോമീറ്റര്‍. ഗ്രഹങ്ങളുടെ ചലനത്തെ അവയെല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സഞ്ചാരത്തെ മാത്രമല്ല സഞ്ചാരത്തിനിടയിലെ അകലങ്ങളിലെ ഏറ്റക്കുറവിനെക്കുറിച്ചും ഈ നീന്തുക എന്ന പ്രയോഗം സൂചിപ്പിക്കുന്നുണ്ട്. 

''സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു'' (യാസീന്‍: 38) എന്ന ഖുര്‍ആന്‍ വചനത്തിന് പൂര്‍വീകരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പല രൂപത്തിലുളള വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സൂര്യന്‍ അല്ലാഹുവിന്റെ അര്‍ശിന്റെ ചുവട്ടിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് അവയിലൊന്ന്, അന്ത്യദിനം വരെ അത് സഞ്ചരിക്കുമെന്ന അഭിപ്രായവുമുണ്ട്. ഇബ്‌നു മസ്ഊദ് പ്രസ്തുത വചനം (ലാ മുസ്തഖറിന്‍ ലഹാ) എന്നാണ് പാരായണം ചെയ്തിരിക്കുന്നത്. അപ്പോള്‍ അതിന്റെ അര്‍ഥം സൂര്യന്‍ അനന്തമായി സഞ്ചരിക്കുന്നുവെന്നായിരിക്കും. എന്നാല്‍ ആധുനിക ശാസ്ത്രം സൂര്യന്‍ സോളാര്‍ അപെക്‌സ് എന്ന ഒരു ഉച്ചസ്ഥാനത്തിലേക്ക് സഞ്ചരിക്കുന്നുവെന്നാണ് പറയുന്നത്. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്) (റഹ്മാന്‍: 5) എന്ന ഖുര്‍ആന്‍ വചനവും ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു (സുമര്‍: 5) എന്ന സൂക്തവും ഈ ആശയത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. 

ഇടത്തരം നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍. ഭൂമിയില്‍ നിന്ന് ഏകദേശം 150 മില്യണ്‍ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കത്തിജ്വലിക്കുന്ന ഈ വാതക ഗ്രഹത്തിന് 1,42,000 ട്രില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്. ഭൂമിയേക്കാള്‍ 28 ഇരട്ടി ആകര്‍ഷണ ശക്തിയും ഇതിനുണ്ട്. ഭൂമി സൂര്യന് ചുറ്റും തിരിയുന്നതിന് 365 ദിവസമാണ് കണക്കാക്കിയിട്ടുളളത്. ഈ കറക്കത്തിനിടയിലെ ഭൂമിയുടെ അച്ചുതണ്ടിന്റെ വ്യതിയാനമാണ് ഋതുഭേദങ്ങള്‍ക്ക് നിമിത്തമാകുന്നത്. 

സൂര്യനെക്കുറിച്ച് ഖുര്‍ആനില്‍ സിറാജ് (വിളക്ക്) എന്നാണ് വിശേഷിപ്പിച്ചിട്ടുളളത്. ഏതെങ്കിലും ഇന്ധനം ഉപയോഗിച്ച് കത്തിജ്വലിച്ച് വെളിച്ചം തരുന്ന വസ്തുക്കള്‍ക്കാണല്ലോ നാം വിളക്ക് എന്ന് പറയാറുളളത്. സൂര്യനിലെ ഹൈഡ്രജന്‍ ജ്വലിച്ചാണ് അത് ചൂടും വെളിച്ചവും പുറത്തുവിടുന്നത്. സൂര്യനില്‍ 90 ശതമാനം ഹൈഡ്രജനും 8 ശതമാനം ഹീലിയവുമാണ്. സൂര്യനിലെ കഠിനമായ സമ്മര്‍ദവും താപവും കാരണമായി ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ നാല് ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഹീലിയം വാതകത്തിന്റെ ഒരു ആറ്റമായി പരിണമിക്കും. ഈ പ്രക്രിയയിലൂടെയാണ് സൂര്യന്‍ ഊര്‍ജത്തിന്റെയും പ്രകാശത്തിന്റെയും സ്രോതസ്സായി മാറുന്നത്.  എന്നാല്‍ ചന്ദ്രന്‍ ഇത്തരത്തില്‍ ജ്വലിക്കുന്നില്ല അത് സൂര്യ പ്രകാശം പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
 

Feedback