Skip to main content

ഭൂമിയിലെ ജലം: വിസ്മയകരമായ ഖുര്‍ആന്‍ വചനങ്ങള്‍

ഭൂമിയിലെ സമുദ്രങ്ങളിലും പുഴകളിലും കിണറുകളിലും തടാകങ്ങളിലുമായി  ഭൂഗോളത്തിന്റെ 70 ശതമാനത്തിലധികം വരുന്ന വര്‍ധിച്ച അളവിലുളള ജലം എവിടെ നിന്നാണ് ഈ ഗോളത്തിലെത്തിയത്? എന്തു കൊണ്ടാണ് മറ്റു ഗ്രഹങ്ങളില്‍ വെളളം  കാണപ്പെടാതിരിക്കുന്നത്? നാല് ബില്യണ്‍ വര്‍ഷത്തിലധികമായി ഈ ഗോളത്തിന്റെ ജീവനായി ജലം വറ്റാതെ നിലനില്‍ക്കാന്‍ കാരണമെന്താണ്? അല്‍പം മാത്രം അറിവു നല്‍കപ്പെട്ട മനുഷ്യന്റെ തലപുകയ്ക്കുന്ന ഇത്തരം നിഗൂഢമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ വചനമായ ഖുര്‍ആനിനെക്കാള്‍ ഉത്തമമായ ഒരു അവലംബവും നമുക്ക് കാണാന്‍ സാധ്യമല്ല.  


 
ഏകദേശം നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആവിര്‍ഭാവ കാലത്ത് ഭൂമിയുടെ രൂപം ഇതുപോലെയായിരുന്നില്ല. അന്ന് ഈ ഹരിത ഗ്രഹത്തില്‍  വെളളമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അന്നത്തെ ഭൂമിയുടെ ഊഷ്മാവ് 5000 ഡിഗ്രി സെന്റിഗ്രേഡായിരുന്നു. അതിന് പുറമെ മണിക്കൂറില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗതയുളള കാറ്റും അടിച്ചുവീശിയിരുന്നു. ഒട്ടറെ രാസ വസ്തുക്കള്‍ വാതകരൂപത്തില്‍ നിലനിന്നിരുന്നുവെങ്കിലും വെളളത്തിന് ദ്രാവക രൂപത്തില്‍ നില നില്‍ക്കാന്‍ ഒരിക്കലും സാധ്യമായിരുന്നില്ല. പിന്നീട് മില്യണ്‍കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന വര്‍ഷപാതത്തിലൂടെ ഭൂമി ക്രമേണ തണുക്കുകയും ഇന്ന് നാം കാണുന്ന രൂപത്തില്‍ അത് വാസയോഗ്യമായിത്തീരുകയും അതിന്റെ മുക്കാല്‍ ഭാഗത്തിലധികം ജലം കൊണ്ട് മൂടുകയും ചെയ്തു.

ഭൂമിയിലെ ജല സ്രോതസ്സിനെക്കുറിച്ച് ശാസത്രജ്ഞര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ഭൗമ ജലത്തിന്റെ ഉറവിടം ഉല്‍ക്കകളാണെന്നും വാല്‍നക്ഷത്രങ്ങളാണെന്നും ഊര്‍ട്ട് മേഘങ്ങളാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ മൂന്ന് മാര്‍ഗത്തില്‍ ഏതിലൂടെയാണെങ്കിലും ജലവാഹിനികളായ ഇവ ഭൂമിയില്‍ പതിച്ചയുടനെ അവയിലൂളള ജലം ഭൂമിയുടെ താപം മൂലം നീരാവിയായി മാറുകയും അന്തരീക്ഷ പാളികള്‍ ഈ നീരാവിയെ ബഹിരാകാശത്തേക്ക് പോകാതെ സംരക്ഷിക്കുകയും ചെയ്തിരിക്കാം. സമുദ്രജലത്തിലും ഹാലി എന്ന വാല്‍ നക്ഷത്രത്തിലും കാണപ്പെടുന്ന Deuterium ഡിറ്റീരിയം എന്ന ഐസോട്ടോപ്പാണ് ഇത്തരം ഒരു നിഗമനത്തിലെത്താന്‍ ശാസത്രജ്ഞരെ പ്രേരിപ്പിച്ചത്. ഭൂമിയിലെ ജലത്തെക്കുറിച്ച് ഇപ്പറഞ്ഞ നീരീക്ഷണങ്ങളെല്ലാതെ വെറെയും നിഗമനങ്ങളുണ്ട്.  

പല മാര്‍ഗങ്ങളിലൂടെയും ഭൂമിയില്‍ പതിച്ച വെളളം നീരാവീയായി മാറിയെങ്കിലും അത് അന്തരീക്ഷ പാളി വിട്ടുപോകാതെ ഘനീഭവിച്ച് നില്‍ക്കുകയും പിന്നീട് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പേമാരിയായി അത് വര്‍ഷിക്കുകയും ചെയതതു കൊണ്ടാണ് ഭൂഗോളത്തിന്റെ മുക്കാല്‍ ഭാഗവും മൂടിയ ഈ ജലസമ്പത്ത് രൂപപ്പെട്ടതെന്നാണ് ശാസത്ര ഗവേഷണ നീരീക്ഷണങ്ങളുടെ സംക്ഷിത നിര്‍വചനം. സുദീര്‍ഘമായ കാലയളവ് നീണ്ടു നിന്ന ഒരു പേമാരിയിലൂടെ മാത്രമേ പതിനായിരക്കണക്കിന് മീറ്റര്‍ ആഴമുളള സമുദ്രാന്തര്‍ഭാഗം നിറയ്ക്കാന്‍ സാധിക്കുകയുളളൂ. പിന്നീട് ഈ ജലത്തിന്റെ ഒരംശം നീരാവിയായി മേല്‍പ്പോട്ടുയരുകയും വീണ്ടും മഴയായി വര്‍ഷിക്കുകയും ചെയ്ത് കൊണ്ട് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ ഒരു ജലചക്രം രൂപപ്പെടുകയും ചെയ്തു.  ജീവഭൂമിയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഏറ്റക്കുറവിനനുസരിച്ച് ഈ ജലം ബാഷ്പീകരിച്ച് പെയ്യുന്ന വര്‍ഷപാതത്തിന്റെ അളവിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. സമുദ്രജലം ബാഷ്പീകരിച്ച് മേലോട്ട് ഉയരുന്ന സമയത്ത് ഉപ്പിന്റെ അംശം കൂടിക്കലരാത്തതു കൊണ്ടാണ് ശുദ്ധമായ മഴവെളളം നമുക്ക് ലഭിക്കുന്നത്. ഇക്കാര്യം ഒരു ദൃഷ്ടാന്തമായി ഖുര്‍ആന്‍ സൂറത്ത് വാഖിഅ 68,69,70 വചനങ്ങളില്‍ എടുത്ത് പറയുന്നുണ്ട്.  

ഭൂമിയില്‍ രണ്ട് രൂപത്തിലുളള വര്‍ഷപാതം സംഭവിച്ചിട്ടുണ്ട് എന്നാണ് ശാസത്ര നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒന്ന് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നിന്ന അതി ശക്തമായ പേമാരി. ഈ പെരുമഴയാണ് കത്തിജ്വലിക്കുന്ന ഭൂമിയെ തണുപ്പിക്കുകയും ഭൂമിയിലെ ജലാശയങ്ങളില്‍ വെളളം നിറയാന്‍ നിമിത്തമാകുകയും ചെയ്തത്. പിന്നീട് ആ വെളളം അന്തരീക്ഷ താപത്തിനനുസരിച്ച് ബാഷ്പീകരിച്ചിട്ടാണ് സാധാരണ നാം കാണുന്ന മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ രണ്ട് രൂപത്തിലുളള മഴയെക്കുറിച്ചുമുളള വ്യക്തമായ പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ വേദഗ്രന്ഥത്തിന്റെ ദൈവികത വെളിപ്പെടുത്തുന്നതാണ്. 

അല്ലാഹു ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിച്ചുവെന്ന് ധാരാളം ഖുര്‍ആന്‍ വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ വേണ്ടി അറബി ഭാഷയിലെ നസല എന്ന ക്രിയയുടെ രണ്ടു രൂപങ്ങളാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുളളത്. നസ്സല, അന്‍സല എന്നീ രണ്ട് പദപ്രയോഗങ്ങളാണ് അവ. രണ്ട് പ്രയോഗങ്ങള്‍ക്കും മലയാള ഭാഷയില്‍ ഇറക്കി എന്നര്‍ഥമാണുളളത്. എന്നാല്‍ നസ്സല എന്ന പദം അതിന്റെ ഭാഷാ ഘടനയനുസരിച്ച് ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രവര്‍ത്തനമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അന്‍സല എന്ന് പറയുമ്പോള്‍ പ്രക്രിയക്ക് ഒരു കാലദൈര്‍ഘ്യം ആവശ്യമായി വരുന്നില്ല. ഖുര്‍ആനില്‍ സൂറത്ത് ആലുഇംറാന്‍ മൂന്നാം വചനത്തില്‍  ഈ രണ്ട് പദപ്രയോഗങ്ങളും വന്നിട്ടുണ്ട്. ഇതില്‍ നസ്സല എന്ന പദം ഖുര്‍ആന്‍ ഇറക്കിയതിനെക്കുറിച്ചും അന്‍സല എന്ന പദം തൗറാത്ത് ഇഞ്ചീല്‍ എന്നിവ ഇറക്കിയതിനെക്കുറിച്ചുമാണ് പറയുന്നത്. ഖുര്‍ആന്‍ ഇറങ്ങിയത് 23 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു ദീര്‍ഘ കാലയളവിലാണ്. അത് കൊണ്ടാണ് നസ്സല എന്ന് പ്രയോഗിച്ചത് എന്നാല്‍ തൗറാത്തും ഇഞ്ചീലും ഇറങ്ങിയത് ദീര്‍ഘമായ കാലയളവിലല്ലാത്തത് കൊണ്ടാണ് അവ ഇറക്കിയതിനെക്കുറിച്ച് അന്‍സല എന്ന പദം  പ്രയോഗിച്ചത്. എന്നാല്‍ ഖുര്‍ആന്‍ അനുഗ്രഹത്തിന്റെ രാത്രിയില്‍ അവതരിച്ചു എന്ന് പറയുന്നിടത്ത് അന്‍സല എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത്. കാരണം ആ രാത്രിയില്‍ ലൗഹുല്‍ മഹ്ഫൂദില്‍ നിന്ന് ഒന്നാം ആകാശത്തേക്ക്  ഖുര്‍ആന്‍ ഒന്നിച്ച് ഇറക്കിയതിനെക്കുറിച്ചാണ് പറയുന്നത്. പിന്നീട് അവിടെ നിന്ന് ഘട്ടം ഘട്ടമായി 23 വര്‍ഷത്തെ കാലയളവില്‍ നബി(സ്വ)ക്ക് അവതരിക്കുകയുമാണുണ്ടായത്. ഖുര്‍ആന്‍ അവതരണത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഇറക്കിയതിനെക്കുറിച്ച് അന്‍സല എന്നും രണ്ടാമത് ഇറക്കിയതിനെ കുറിച്ച് നസ്സല എന്ന പദവുമാണ് പ്രയോഗിച്ചിട്ടുളളത്. 

ഖുര്‍ആനില്‍ ആകാശത്ത് നിന്ന് വെളളമിറക്കി എന്ന് പറയുന്നിടത്തും നസ്സല, അന്‍സല എന്നീ രണ്ട് പദങ്ങളും പ്രയോഗിച്ചതായി കാണാം. ഈ വചനങ്ങള്‍  സൂക്ഷമായി വിശകലനം ചെയ്യുകയാണെങ്കില്‍ നസ്സല എന്ന പദം പ്രയോഗിച്ചത് മില്യണ്‍കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന മഴയെക്കുറിച്ചും അന്‍സല എന്ന് പറഞ്ഞത് ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നില്‍ക്കുന്ന മഴയെക്കുറിച്ചുമാണെന്ന് കണ്ടെത്താന്‍ കഴിയും. ആകാശത്ത് നിന്ന് വെളളമിറക്കി അതു മൂലം സസ്യങ്ങളും ചെടികളും കായ്കനികളും ഫലവര്‍ഗങ്ങളും ഉണ്ടാക്കി എന്ന് ഖുര്‍ആനില്‍ പല വചനങ്ങളിലായി വ്യത്യസ്ത രൂപത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വചനങ്ങളിലെല്ലാം തന്നെ അന്‍സല എന്ന പദമാണ് പ്രയോഗിച്ചിട്ടുളളത്. കാരണം ആ മഴ കൊണ്ട് ഉദ്ദേശ്യം നമുക്ക് പരിചിതമായ മഴയാണ്. മേഘങ്ങളില്‍ നിന്നും ശുദ്ധജലമിറക്കി, നിങ്ങള്‍ക്കുളള കുടിനീരിറക്കി, ആ വെളളം മൂലം ഭൂമിയെ ഹരിത ഭംഗിയുളളതാക്കി എന്ന് പറയുന്നിടത്തും ഖുര്‍ആനില്‍ അന്‍സല എന്ന പദമാണ് പ്രയോഗിച്ചിട്ടുളളത്. കാരണം അതുകൊണ്ടല്ലാം ഉദ്ദേശിക്കുന്നത് ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മഴയാണ്. ഖുര്‍ആനിലെ സൂറത്ത് അഅ്‌റാഫ് 57, കഹ്ഫ് 45, യൂനുസ് 24, ഹജ്ജ് 5, നബഅ് 14, ഹിജ്ര്‍ 22, മുഅ്മിനൂന്‍ 18, ഫുര്‍ഖാന്‍ 48, ഹജ്ജ് 63 എന്നീ വചനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഈ വസ്തുത മനസിലാക്കാന്‍ കഴിയും.

ആകാശത്ത് നിന്ന് രണ്ടു രൂപത്തിലുളള മഴയാണ് ഭൂമിയില്‍ വര്‍ഷിച്ചിട്ടുളളത്. ഒന്ന് ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പെരുമഴക്കാലം. രണ്ടാമത്തേത് മഴക്കാല സീസണുകളില്‍ പെയ്തിറങ്ങുന്ന സാധാരണ മഴ. ഈ രണ്ടു മഴയുടെയും ഗുണ വിശേഷണങ്ങള്‍ വിവരിക്കാന്‍ പേജുകള്‍ തന്നെ വേണ്ടിവരും എന്നാല്‍ ഖുര്‍ആന്‍ നസ്സല, അന്‍സല എന്നീ രണ്ട് പദങ്ങള്‍ കൊണ്ടാണ് ഈ ഗഹനമായ ആശയങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പദപ്രയോഗത്തിലൂടെ അറബി സാഹിത്യത്തിലെ അതികായന്മാരെയും ആധുനിക ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരാരെയും വെല്ലുവിളിക്കുകയും അതിശയിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

Feedback