Skip to main content

മേഘങ്ങളുടെ ഭാരം

ഭൂമിയില്‍ നിന്ന് നീരാവിയായി മേലോട്ടുയരുന്ന ജലം തണുത്ത് ഘനീഭവിച്ച് മേഘങ്ങളായി രൂപാന്തരം പ്രാപിച്ചാണ് മഴ വര്‍ഷിക്കുന്നതെന്ന കാര്യം ഇന്ന് ഏവര്‍ക്കും അറിയുന്നതാണ്. എന്നാല്‍  മേഘങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നല്‍കുന്ന വിശേഷണങ്ങള്‍ തികച്ചും ശാസ്ത്രീയവും ഖുര്‍ആനിന്റെ ദൈവികത വെളിപ്പെടുത്തുന്നതുമാണ്. മഴമേഘങ്ങളെക്കുറിച്ച് ഭാരമുളള മേഘങ്ങള്‍ എന്നാണ് ഖുര്‍ആനില്‍പറയുന്നത്. ആകാശത്ത് തെന്നി നീങ്ങിക്കൊണ്ടിരിക്കുന്ന മേഘപടലങ്ങള്‍ക്കു ഭാരമുണ്ട് എന്നു പറഞ്ഞാല്‍ സാധാരണക്കാരന് അത് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഭാരമുളള മേഘങ്ങള്‍ (Heavy Clouds) എന്ന പദം തന്നെയാണ് ശാസ്ത്രജ്ഞര്‍ മഴമേഘങ്ങളെക്കുറിച്ച് പറയുന്നത്. മേഘങ്ങളെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: 'ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു' ( റഅദ്: 12).

ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്രം മേഘങ്ങള്‍ രൂപം കൊളളുന്നതിനെക്കുറിച്ചും മഴ വര്‍ഷിക്കുന്നതിനെക്കുറിച്ചും അത്ഭുതകരമായ ധാരാളം വസ്തുതകള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് നീരാവിയായി പോകുന്ന വെളളമാണ് മേഘങ്ങളുടെ അസംസ്‌കൃത വസ്തുവായി മാറുന്നത്. സാധാരണഗതിയില്‍ വെളളം തിളക്കാന്‍ ആവശ്യമായി വരുന്ന 100 ഡിഗ്രി ഊഷ്മാവിലെത്തുന്നതിന് മുമ്പ് തന്നെ സമുദ്രജലം ബാഷ്പീകരിക്കപ്പെടുന്നുവെന്നത് ഒരു ദൃഷ്ടാന്തം തന്നെയാണ്. സമുദ്രത്തില്‍ നിന്ന് ഒരു വര്‍ഷം ബാഷ്പീകരിച്ച് നീരാവിയായി മേല്‍പോട്ടുയരുന്ന വെളളത്തിന്റെ തോത്  ഏകദേശം ഒരുലക്ഷത്തി ഇരുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ വരും. അതിനുപുറമെ കരയില്‍ നിന്ന് എഴുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ ജലവും  നീരാവിയായി മേലോട്ടുയരുന്നുണ്ട്. ഇത്രയും വലിയ അളവ് വെളളം നീരാവിയാക്കണമെങ്കില്‍ നമുക്ക് ചുരുങ്ങിയത് രണ്ടരലക്ഷം മില്യണ്‍ ബില്യണ്‍ കിലോവാട്ട് ഊര്‍ജമെങ്കിലും വേണ്ടി വരും. സൂര്യനാണ് ഇത്രയും വലിയ ഊര്‍ജം പ്രദാനം ചെയ്യുന്നത്.
 
ഭൂമിയില്‍ നിന്ന് ബാഷ്പീകരിച്ച് പോകുന്ന ജലം മുഴുവനായും കരയില്‍ തന്നെ വര്‍ഷിക്കുകയാണെങ്കില്‍ കരയിലെ വീടുകളും മരങ്ങളും അതില്‍ മുങ്ങിപ്പോകും. എന്നാല്‍ നാല് ലക്ഷം ചരുരശ്ര കിലോമീറ്റര്‍  കടലില്‍ പതിക്കുമ്പോള്‍ കേവലം ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമേ കരയില്‍ പതിക്കുന്നുളളൂ. 

മേഘങ്ങളുടെ രൂപീകരണത്തിലെ മറ്റൊരു ദൈവിക ദൃഷ്ടാന്തം വായുവിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ച് അവ വഹിക്കുന്ന നീരാവിയുടെ അളവിലും വ്യത്യാസമുണ്ട് എന്നതാണ്. ഉദാഹരണമായി 30 ഡിഗ്രി സെന്റിഗ്രേഡ് ചൂടുളള ഒരു ചതുരശ്രമീറ്റര്‍ മേഘം 30 ഗ്രാം നീരാവി വഹിക്കുന്നുണ്ട്. മേഘത്തിന്റെ ഊഷ്മാവ് കുറയുന്നതിനനുസരിച്ച് അവ ഉള്‍ക്കൊളളുന്ന നീരാവിയുടെ അളവിലും കുറവുണ്ടാകും. വായുവിന്റെ ഊഷ്മാവ് പത്ത് ഡിഗ്രി സെന്റിഗ്രേഡിലെത്തിയാല്‍ ഒരു ചതുരശ്രമീറ്ററില്‍ ഒമ്പത് ഗ്രാമിലധികം നീരാവി ഉള്‍ക്കൊളളുകയില്ല. ഇങ്ങനെ ഊഷ്മാവ് കുറയുന്നതിനനുസരിച്ച് അത് വഹിക്കുന്ന നീരാവിയുടെ തോതും കുറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെ ഒരു പരിധിയിലധികം വായുവിന്റെ ഊഷ്മാവ് കുറയുമ്പോഴാണ് നീരാവി വെളളത്തുളളികളായി വര്‍ഷിക്കുന്നത്.
 
സമുദ്ര നിരപ്പില്‍ നിന്ന് മേലോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നതാണ് മേഘരൂപീകരണത്തിന് സഹായകമാകുന്ന മറ്റൊരു പ്രതിഭാസം. സമുദ്രനിരപ്പില്‍ നിന്ന് മേലോട്ടുയരുന്തോറും അന്തരീക്ഷ താപം കുറഞ്ഞു കുറഞ്ഞു വന്ന് ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ അവ ഘനീഭവിച്ച് മേഘമായിത്തീരും. ഈ പ്രതിഭാസമില്ലായിരുന്നുവെങ്കില്‍ വായുവിനേക്കാള്‍ ഭാരം കുറഞ്ഞ നീരാവി മേലോട്ട് ഉയര്‍ന്ന് പോകുന്നത് തുടരുകയും അത് ബഹിരാകാശത്ത് എത്തുകയും ചെയ്യുമായിരുന്നു. സമുദ്രത്തില്‍ നിന്നുയരുന്ന നീരാവിയെ സമുദ്രത്തിന് പുറമെ കരയില്‍ കൂടി വര്‍ഷിക്കുന്ന പരുവത്തിലാക്കുന്നത് കാറ്റുകളാണ്. ഇക്കാര്യം ഖുര്‍ആനില്‍ പ്രത്യേകം പ്രസ്താവിക്കുന്നതായി കാണാം.  ''അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടു പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അതു പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം'' (അഅ്‌റാഫ് 57). 

മേഘങ്ങളുടെ സഞ്ചാരത്തില്‍ കാറ്റുകള്‍  വലിയ പങ്ക് വഹിക്കുന്നത് പോലെ മേഘ രൂപീകരണത്തിന് വേണ്ട സൂക്ഷ്മ ഘടകങ്ങള്‍ സംയോജിപ്പിക്കുന്നതിനും അവ അത്യന്താപേക്ഷിതമാണ്. ഇക്കാര്യവും ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം. ''മേഘങ്ങളുത്പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല ''( ഹിജ്ര്‍ 22).

മേഘങ്ങള്‍ അനവധി ഇനങ്ങളുണ്ടെങ്കിലും അവയില്‍ മഴ വര്‍ഷിക്കുന്നവയെക്കുറിച്ച് മാത്രമേ ഖുര്‍ആന്‍ പരമാര്‍ശിക്കുന്നുളളൂ. മഴമേഘങ്ങള്‍ അപൂര്‍വമായി കാണപ്പെടുന്ന മരുഭൂമിയില്‍ ജനിച്ച മുഹമ്മദ് നബിക്ക് അവതരിച്ച ഖുര്‍ആനില്‍ മേഘങ്ങളെക്കുറിച്ചുളള സൂക്ഷ്മായ വിവരങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്നത് ഖുര്‍ആനിന്റെ ദൈവികതക്ക് ഒരു ദൃഷ്ടാന്തമാണ്.
 

Feedback